Friday, September 24, 2010

പൊക്കന്‍ മമ്മദാക്കയും കൊററിക്കുട്ടിയും പിന്നെ യുവവാണിയും.....

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള യുവവാണി യുവതീ യുവാക്കളുടെ മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടേയും ആവേശമായിരുന്നു ആ കാലഘട്ടത്തില്‍. ഇലക്ട്രോണിക് റിക്രിയേഷന്‍ മാധ്യമം അന്ന് റേഡിയോ മാത്രമായിരുന്നല്ലോ. ചെറുവാടി ഗ്രാമീണ വായനശാലക്ക് ഒരു പൊതു റേഡിയോയും ഉണ്ടായിരുന്നു. പഞ്ചായത്ത് വക റേഡിയോകള്‍ ചെറുവാടിയില്‍ മാത്രമല്ല മിക്ക ഗ്രാമ അങ്ങാടികളിലും കാണാമായിരുന്നു. ട്രാന്‍സിസ്ററര്‍ റേഡിയോകള്‍ ഇറങ്ങുന്നതിനു മുന്‍പുള്ള വാല്‍വ് ഘടിപ്പിച്ച വലിയ റേഡിയോകള്‍. അത് ഒരു വലിയ കാള(സ്പീക്കര്‍) ത്തിലേക്ക് ഘടിപ്പിച്ചിരിക്കും. വായനശാലയുടെ കെട്ടിടത്തിന് മുകളിലായി ഒരു വലിയ ആന്റിനയും. ഈ റേഡിയോ പോലും വളരെ ചുരുക്കം വീടുകളിലായിരുന്നു അന്നുണ്ടായിരുന്നത്. ഞാന്‍ ഇത് കണ്ടിട്ടുള്ള മറെറാരു വീട് കണിച്ചാടിയിലെ കുഞ്ഞാപ്പ കാക്കയുടേതാണ്.

യുവവാണി എന്ന് പറയുമ്പോ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഖാന്‍ കാവിലിന്റെ ഘനഗംഭീരമായ ശബ്ദമാണ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ പൌരുഷം നിറഞ്ഞു തുളുമ്പുന്ന ശബ്ദത്തിനുടമയായിരുന്നു യുവവാണിയെ ജനപ്രിയമാക്കിയത്. കൂടെ പ്രോഗ്രാം എക്സിക്യൂട്ടിവ് ആയിരുന്ന ഐസക് സാറും മററും.

ഞാന്‍ ഹൈസ്കൂള്‍ പഠനം നടത്തുന്ന എഴുപതുകളുടെ മധ്യത്തില്‍ ചെറുവാടിയില്‍ രൂപം കൊണ്ട ഒരു സാംസ്കാരിക സംഘടനയാണ് അഞ്ജലി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെറുവാടിയുടെ നന്‍മ നിറഞ്ഞ വികസനത്തിന് മനസ്സു കൊണ്ട് ആഗ്രഹിച്ചിരുന്ന ഒരു കൂട്ടം യുവാക്കളായിരുന്നു. ഇതില്‍ പലരും പ്രായം കൊണ്ട് അത്ര ചെറുപ്പമല്ലെങ്കിലും മനസ്സ് കൊണ്ട് പക്വതയാര്‍ന്ന ഇളം പ്രായക്കാരായിരുന്നു എന്ന് സമ്മതിക്കില്ലേ നിങ്ങള്‍? സ്ഥാപക പ്രസിഡണ്ടും സംഘടനയുടെ ജീവനാഡിയുമായിരുന്ന കെ. അബ്ദുറസാക്ക് മാസ്ററര്‍ (ചാളക്കണ്ടിയില്‍ റസാക്ക് മാസ്ററര്‍), സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കൊളക്കാടന്‍ അബ്ദുല്‍ അസീസ്, ചെറുവാടിയില്‍ ഒരു ഹോമിയോപ്പതി ക്ളിനിക് നടത്തി ഒരു നല്ല ചെറുവാടിക്കാരനായി മാറിയ പൂവ്വാട്ടുപറമ്പിലെ ഡോ. സെയ്ത്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നും ചെറുവാടി സ്കൂളിലെ ഹിന്ദി അധ്യാപകനായി വന്ന് ചെറുവാടിയെ സ്വന്തം ഗ്രാമം പോലെ സ്നേഹിച്ച എ. ഫസലുദ്ദീന്‍ മാസ്ററര്‍, കുട്ടു എന്നു ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുററിക്കാട്ടുമ്മല്‍ കുട്ടൂസ്സ, ചെറുവാടിയില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന തസ്തികയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിപ്പെട്ടിട്ടുള്ള റിട്ടയേര്‍ഡ് എംപ്ളോയ്മെന്റ് ഓഫീസര്‍ ചേററൂര്‍ ബാപ്പു കാക്ക എന്ന മുഹമ്മദ്, ഏറെ കാലം ചെറുവാടിയുടെ ഫുട്ബോള്‍ ടീമിന്റെ കരുത്തനായ പ്രതിരോധ ഭടനായിരുന്ന ചെക്കന്‍ എന്ന് എല്ലാവരും വിളിക്കുന്ന കുറുവാടുങ്ങല്‍ കുട്ടികൃഷ്ണന്‍, കണിച്ചാടിയില്‍ യൂസുഫ്, പുരോഗമന ആശയങ്ങളും കലാ പ്രതിഭയും കുടുംബ സ്വത്തായി തന്നെ ലഭിച്ചിട്ടുള്ള സി.വി അബു, വരയ്ക്കാനും അഭിനയിക്കാനും പാട്ടു പാടാനും എല്ലാം ചെറുപ്പം മുതലേ കഴിവു തെളിയിച്ച് ചെറുവാടിയിലെ മുന്‍നിര രാഷ്ട്രീയക്കാരില്‍ ഒരാളായി ഉയര്‍ന്നു വന്ന കണ്ണന്‍ ചെറുവാടി, അഭിനയിക്കാനും നാടന്‍ നൃത്തരൂപങ്ങളൊക്കെ മനോഹരമായിത്തന്നെ ആടാനും കഴിയുമായിരുന്ന അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കപ്പിയേടത്ത് ചായിച്ചന്‍, ചെറുവാടിയിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അന്ന് മുതലെ സജീവമായിരുന്ന ഐമു എന്ന് റസാഖ് മാസ്റററും കണിച്ചാടി മോയിന്‍ ബാപ്പുവും പോലുള്ള സഹപാഠികളും ഐമുക്ക എന്ന് ഞങ്ങളുടെ തലമുറയും പിന്നീട് വന്ന തലമുറ അയമുക്ക എന്നും വിളിച്ച ഐലാക്കേട്ടില്‍ മുഹമ്മദ്, പിന്നെ അല്‍പ്പം ജൂനിയറായിരുന്ന എന്നാല്‍ വരയ്ക്കാനും എഴുതാനും പാടാനുമൊക്കെ അന്നേ കഴിവു തെളിയിച്ച ഇന്നത്തെ മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി പിന്നെ ഈ ഞാനും ഒക്കെ ആയിരുന്നു അന്നത്തെ അഞ്ജലിയുടെ ആദ്യകാല പ്രവര്‍ത്തകര്‍. ക്ളബ്ബിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ഒരു പാട് പറയാനുണ്ട്. അത് പ്രത്യേകമായിത്തന്നെ ഒരു അധ്യായമെഴുതാം. ക്ളബ്ബിന് എല്ലാ പിന്തുണയും നല്‍കി ചെറുവാടിയില്‍ നില നില്‍ക്കാന്‍ സഹായിച്ച തേലീരി മുഹമ്മദ് കാക്ക, നിങ്ങള്‍ എളാപ്പയെന്ന് വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പ കൊളക്കാടന്‍ ഗുലാം ഹുസ്സൈന്‍, ചെറുവാടിയിലെ ഫുട്ബോളിന്റെ പര്യായമായ ചക്കിട്ടുകണ്ടിയില്‍ ആലികുട്ടി കാക്ക, കൊളക്കാടന്‍ റസാക്ക് കാക്ക, കുററിക്കാട്ടു കുന്നത്തെ ശങ്കരന്‍ വൈദ്യര്‍, യശോധരന്‍ മാസ്ററര്‍, ഹെഡ്മാസ്ററര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന കുട്ട്യാലി മാസ്ററര്‍, നമ്മെ തീരാദുഖത്തിലാഴ്ത്തി നമുക്കിടയില്‍ നിന്നും മരണം തട്ടിയെടുത്ത പന്നിക്കോട്ടെ യു. ശിവദാസന്‍ മാസ്ററര്‍ തുടങ്ങി ഒട്ടേറെ ആളുകളെക്കൂടി ഓര്‍ക്കാതെ അഞ്ജലിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ വയ്യ.

അഞ്ജലി ആര്‍ട്സ് ക്ളബ്ബിന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ അവതരിപ്പിച്ച യുവവാണി. ട്രയല്‍സും ഓഡിഷനും റെക്കോര്‍ഡിംഗും ഒക്കെയായി കുറേ നല്ല അനുഭവങ്ങള്‍. യുവാക്കള്‍ക്കായുള്ള പരിപാടിയില്‍ കുറെ വൃദ്ധ കലാകാരന്‍മാരേയും പങ്കെടുപ്പിച്ചപ്പോ ആകാശവാണിയിലെ ഉദ്യോഗസ്ഥര്‍ക്ക് അത്ഭുതം. എന്തായാലും അന്ന് വൃദ്ധവാണി എന്ന പരിപാടിയില്ലാത്തതിനാല്‍ അവരത് കണ്ടില്ലെന്ന് വെച്ചു. സ്ഥിരം ലഘുനാടകവും ഗാനങ്ങളും പ്രഭാഷണവും കൂടാതെ ഏറെ പ്രത്യേകതയുള്ള ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമത്തിലെ നാടന്‍ കലാരൂപങ്ങളായിരുന്നു. ആണുങ്ങളുടെ ഒപ്പനയും കുശവന്‍മാരുടെ പാട്ടും പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ നാടന്‍ പാട്ടുകളുമായിരുന്നു അവ. കുശവന്‍മാരിലെ നല്ല കാലാകാരന്‍മാരെ കിട്ടാന്‍ പുഴ കടന്ന് മപ്രത്തെ ഒരു കുന്നിന്‍മുകളിലേക്ക് പോയ ബച്ചുവും അസീസും എം.സി യുമൊക്കെ പറയുന്ന കഥകള്‍ ഏറെ ചിരിക്കാന്‍ വക നല്‍കിയിരുന്നു. അത് പോലെ റിക്കോര്‍ഡിംഗ് സ്ററുഡിയോയില്‍ ഞാട്ടിപ്പാട്ട് പാടിക്കൊണ്ട് ചേപ്പിലങ്ങോട്ട് കൊററിക്കുട്ടിയമ്മയും പുരുഷന്‍മാരുടെ ഒപ്പനപ്പാട്ടുകള്‍ പാടി പൊക്കന്‍ മമ്മദാക്കയും ടീമും ചെറുവാടിയില്‍ നിന്നുള്ള ആദ്യ എ.ഐ.ആര്‍ ആര്‍ട്ടിസ്ററുകള്‍ എന്ന പേര് കരസ്ഥമാക്കി. റസാക്ക് മാസ്റററും, ബാപ്പു കാക്കയും ഐമുക്കയും ഞാനും ഡോ. ശങ്കരന്റെ മകള്‍ പ്രഭയും ഒക്കെ പങ്കെടുത്ത നാടകം, ബച്ചുവിന്റെ ഗാനം അങ്ങിനെ ഏറെ മനോഹരവും ഹൃദ്യവുമായിരുന്നു ആ എപ്പിസോഡ്. യുവവാണി രണ്ട് ദിവസമായി ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോള്‍ പഞ്ചായത്ത് റേഡിയോയിലൂടെ അത് കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം വായനശാലക്ക് മുന്നില്‍ കൂട്ടം കൂടിയത് അഭിമാനത്തോടെ ഇന്നും ഓര്‍ക്കുന്നു. ഇന്നെന്ത് റേഡിയോ…. എന്ത് യുവവാണി….. ഓ സോറി റേഡിയോ മാങ്കോയിലൂടെ വളിപ്പന്‍ വിററുകള്‍ കേള്‍ക്കാതെ നമുക്കിന്ന് വണ്ടി ഓടിക്കാന്‍ കഴിയില്ല, ചോറ് ഉണ്ടാല്‍ ഇറങ്ങില്ല, ടോയ്ലെററില്‍ ഇരിക്കാന്‍ കഴിയില്ല........ഇതും ഒരു റേഡിയോ ആസ്വാദനം തന്നെയാണല്ലോ. ഒററ വ്യത്യാസമേയുള്ളു….കൂട്ടമായി ഇതെല്ലാം ആസ്വദിച്ചിരുന്ന പഞ്ചായത്ത് റേഡിയോയും അത് ഓപ്പറേററ് ചെയ്തിരുന്ന ഗ്രാമീണ വായനശാലകളുമിന്നില്ല. പകരം ചെവിയുടെ അകത്തെ മജ്ലിസിലേക്ക് തള്ളിക്കയററി വെക്കുന്ന ഹെഡ് ഫോണുകളിലൂടെയുള്ള താന്‍ താന്‍ മ്യൂസിക് മാത്രം. എന്റെ ബൈക്ക് അതില്‍ എന്റെ വീട്ടിലേക്ക് എന്റെ റോഡിലൂടെയുള്ള യാത്ര…അതിനിടയില്‍ ഇതും കൂടെ എന്തിന് പബ്ളിക് ആക്കണമല്ലേ....

4 comments:

  1. Well written..!! I love it style. keep writing your experiences..

    ReplyDelete
  2. ജീവിതത്തില്‍ മതുരികുന്ന ഓര്‍മകള്‍... അറിയില്ലെങ്കിലും ചെറുവാടിയിലെ കുറച്ചു പേരെ ഞാനും ഇതിലുടെ പരിജയപെട്ടു ..... ചെറുവാടിയെ കുറിച്ച് ഇക്കാക് ഇനിയും ഒരുപാടു പറയാനുണ്ട്‌... അത് കേള്‍ക്കാന്‍ ഞങ്ങള്‍കും.... like it... keep writing your experiance... waiting.....

    ReplyDelete
  3. A small correction, Chettoor Bappukka was promotted before retirement and I believe he retired as vocational Training Director.

    ReplyDelete
  4. എനിക്കിഷ്ടപെട്ടു....

    ചെറുവാടി വിശേഷങ്ങള്‍....

    ചെറുവാടിക്കാര്ടെ റേഡിയോ വിശേഷങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടത്. കാരണം പുതിയതിനെകള്‍ ഞാന്‍ പഴമയെ ഇഷ്ടപെടുന്നു. എന്താണെന്നറിയില്ല. ഒരു പക്ഷെ പഴമയ്ക്ക് കൂടുതല്‍ നന്മ ഉണ്ടാവാം....

    കൂടത്തില്‍ ഒരു കാര്യം ... ഞാനും ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്... നിങ്ങളെപ്പോലെ ഒരു ഭീകരനോന്നുമല്ല.ഒരു പാവം.
    please visit and comment your valuable sujjestions......



    FRIEND...


    ANWAR SADDIQUE P.H.
    ERATTUPETTA
    KOTTAYAM




    MY BLOG URL: anwaretp.blogspot.com

    ReplyDelete