Saturday, September 5, 2009

സീറോ മമ്മതാക്കയെന്ന ഹീറോ

സീറോ മമ്മതാക്ക മരണപെട്ട വാര്‍ത്ത എന്റെ മനസ്സിലുണ്ടാക്കിയത് ഒട്ടേറെ ഗൃഹാതുരതയുടെ നോവുകലാണ്. ചെറുവാടി അങ്ങാടിയിലെ എന്റെ ചെറുപ്പകാലത്തെ ചുരുക്കം ചില ഹീറോകളില്‍ ഒരാളായിരുന്നു മമ്മതാക്ക. എവിടെ തുടങ്ങണം എന്നറിയില്ല......പെരുന്നാളിന്റെ തലേ ദിവസം തയ്യല്‍ക്കാരന്റെ കടയിലെ കാത്തിരുപ്പ്‌...കൊല്ലത്തില്‍ ഒരു പുതു കുപ്പായം....എല്ലാം അടിച്ച ശേഷം മമ്മതാക്ക കയറില്‍ കൊളുത്തി വെച്ചിട്ടുണ്ടാകും...അതില്‍ ബട്ടന്‍സ്‌ വെചാലല്ലേ ഇടാന്‍ പറ്റൂ....ബട്ടന്‍സ്‌ തുന്നാനായി മമ്മതാക്ക അത് കയറില്‍ നിന്നെടുക്കുംബോഴുണ്ടാകുന്ന വല്ലാത്ത ഒരനുഭൂതി ...അവിടെ തന്നെ തുടങ്ങുന്നു...ഇന്നത്തെ പോലെയല്ല, റെഡി മിഡ്‌ കുപ്പായങ്ങള്‍ അന്യമായിരുന്ന ഒരു കാലമായിരുന്നു അത്. സാദിക്കും ബച്ചുവും ഒക്കെ എന്നെപോലെ തന്നെ മമ്മതാക്കയുടെ തുന്നല്‍ കടയില്‍ ആയിരിക്കും പെരുന്നാള്‍ തലേന്ന്. അങ്ങിനെയിരിക്കെയാണ്‌ ചെറുവാടി അങ്ങാടിയുടെ ചരിത്രത്തില്‍ ആദ്യമായി ബോര്‍ഡ് വെച്ച രണ്ടു കടകള്‍ വരുന്നതു. ഒന്നു മമ്മതാക്കയുടെ ZERO TAILORS പിന്നെയൊന്ന് ചെരുവാടിക്കാരുടെ പ്രിയപ്പെട്ടവനും മമ്മതാക്കയെക്കാള്‍ മുന്പേ ഞങ്ങളെ വിട്ടു പിരിഞ്ഞ ആളുമായ കനിചാടി ഉണ്നിമോയിക്കാക്കയുടെ HOTEL BANGLA യും. ഇരട്ടപ്പേരുകള്‍ വളരെ വേഗം ചാര്തികിട്ടുന്ന ചെരുവാടിയില്‍ അങ്ങിനെ ഉണ്നിമോയി ബന്ഗ്ലയും മമ്മതാക്ക സീറോയും ആയി. ഏത് പ്രായമുള്ള നാട്ടുകാര്‍ക്കും ഏറെ പ്രിയന്കരരായിരുന്നു ഇവര്‍ രണ്ടു പേരും. സാംസ്കാരികമായ എന്തുന്ടെന്കിലും കലാ കായികമായ എന്ത് പരിപാടികലുന്ടെന്കിലും അവരുടെ ഒരു മാജിക്‌ ടച്ച്‌ അതില്‍ ഉണ്ടാകുമായിരുന്നു.ചെറുവാടി യു. പി സ്കൂളിന്റെ മുറ്റത്തുള്ള ചെറിയ ഗ്രൗണ്ടില്‍ അന്ന് അടുതോന്നുമില്ലാത്ത ഒരു വലിയ ബോള്‍ ബട്മിന്റോന്‍ ടീം ഉണ്ടായിരുന്നു. ഏതാനും സ്കൂള്‍ അധ്യാപകരും പിന്നെ ചെരുവാടിയിലെ കുറെ ചെറുപ്പക്കാരും സജീവമായി പങ്കെടുത്തിരുന്ന ബട്മിന്റോന്‍ കളിയുടെ പ്രഥാന അമരക്കാരന്‍ സീറോ മമ്മതാക്കയായിരുന്നു. അദ്ധേഹത്തിന്റെ കടയില്‍ നിരത്തി ആണിയില്‍ തൂക്കിയിട്ട ബാറ്റുകള്‍ ആയിരുന്നു കളിക്കാനുപയോങിച്ചിരുന്നത്. ആ ബാറ്റുകള്‍ അല്‍പ്പ നേരമൊന്നും കയ്യില്‍ പിടിക്കനെന്കിലും ഞങ്ങള്‍ കുട്ടികള്‍ ഏറെ കൊതിച്ചിരുന്നു. ആ ഗ്രൗണ്ടില്‍ ഏറെ നേരം കളി നോക്കി നിന്നാല്‍ ചിലപ്പോള്‍ അല്‍പ്പ നേരതെക്കെന്കിലും കളിക്കാന്‍ കിട്ടുന്ന അവസരവും ഞങ്ങളെ ത്രില്‍ അടിപ്പിച്ചിരുന്നു. ഈ ബോള്‍ ബട്മിന്റോന്‍ കളി പിന്നെ ഞാന്‍ എവിടെയും കണ്ടിട്ടുമില്ല എന്നതാണ് യാതാര്‍ത്ഥ്യം. ചെറുവാടി അങ്ങാടിയുമായി ബന്ധപ്പെട്ട എല്ലാവരും ഒരു കലങട്ടത്തില്‍ ഹീറോ ആയി കണ്ടിരുന്ന സീറോ മമ്മതാക്കയാണ് ഇന്നു നമ്മെ വിട്ടു പോയിരിക്കുന്നത്. വെക്കട്ടു പറമ്പിലെ അദ്ധേഹത്തിന്റെ തറവാട്ടു വീട്ടില്‍ നിന്നും പിരിഞ്ഞു ഏറന്ജിമാക്കള്‍ വീടുണ്ടാക്കി പോയ ശേഷമാണോ അതോ പി. ടി. എം. ഹൈ സ്കൂളില്‍ ജോലി ലഭിച്ചു കടയും അടച്ചു പോയ ശേഷമാണോ എന്നറിയില്ല അദ്ധേഹത്തെ എന്നെന്നേക്കുമായി ചെരുവാടിക്കാരുടെ ഡയറിയില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. എന്നിരിക്കിലും ആ കാലഘട്ടത്തില്‍ അദ്ധേഹത്തിന്റെ സാമീപ്യവും സജീവതയും അനുബവിചിരുന്നവരുടെ മനസ്സില്‍ എന്നെന്നും സീറോ മമ്മതാക്ക എന്നും ഹീറോ ആയി തന്നെ നിലനില്‍ക്കും...

Friday, July 10, 2009

ചെറുവാടിയിലെ ആലും അത്താണിയും

ചെറുവാടിയിലെ പുഴക്കടവിലേക്കുള്ള വഴിയില്‍ പാടവക്കത്തായി നെഞ്ചു വിരിച്ചു നില്‍ക്കുന്ന ആല്‍ മരവും അതിനു ചുവട്ടിലെ അത്താണിയും പണ്ട് നാട്ടുകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒരിക്കലെങ്കിലും ആ അത്താണിയില്‍ തന്റെ തോളിലെ അല്ലെങ്കില്‍ തലയിലെ അതുമല്ലെങ്കില്‍ മനസ്സിലെ ഭാരമിറക്കി വെച്ച് ആലിന്റെ കുളിര്‍മയില്‍ സ്വയം മറന്ന് അലിഞ്ഞു ചേരാത്തവരായുണ്ടാകില്ല.
പണ്ടെന്നു പറഞ്ഞാല്‍ ഒരു കാലഘട്ടമുണ്ടായിരുന്നു ചെറുവാടി, സമീപ പ്രദേശങ്ങളിലെ ബിസിനസ്സ് പോര്‍ട്ടലായി നില കൊണ്ടിരുന്ന കാലം. ചാലിയാര്‍ പുഴ ഈ ഗ്രാമത്തിന് അനുഗ്രഹിച്ചു നല്‍കിയ വിശാലമായ ആ പുഴമാട്. ഏത് തരം വഞ്ചികള്‍ക്കും യഥേഷ്ടം വരാനും ചരക്ക് കയററാനും ഇറക്കാനും സൌകര്യ പ്രദമായൊരു മണല്‍ത്തിട്ട. മലബാറിലെ ഏററവും മനോഹരമായ പുഴമാടുകളിലൊന്നായിരുന്നു ചെറുവാടിക്കടവിലേത്. വേനല്‍ക്കാലത്ത് മൂന്നോ നാലോ ചായക്കടകള്‍. തേങ്ങ വെട്ടുകയും ഉണക്കുകയും കൊപ്രയാക്കുകയും ഒക്കെ ചെയ്തിരുന്ന വലിയ കൊപ്രക്കളങ്ങള്‍. പുഴയില്‍ നിന്നും തണ്ടാടിയും വെള്ളയും വലിച്ച് മീന്‍ പിടിച്ച് പൂസാനും വാളയും തിരുതയുമൊക്കെ വിററിരുന്ന മത്സ്യക്കച്ചവടക്കാര്‍. രാവിലെ മുതല്‍ തീററയിട്ട് തോട്ട പൊട്ടിക്കാന്‍ വേലിയിറക്കം കാത്തിരിക്കുന്നവര്‍. മഴക്കാലം ആകുന്നതിന് മുന്‍പ് പുര കെട്ടി മേയാനുള്ള തെങ്ങോല നീററിലിട്ട് ഷെഡ് കെട്ടി അതിനകത്തിരുന്ന് മുടയുന്ന സ്ത്രീകളും പുരുഷന്‍മാരും. കോഴിക്കോട്ടേക്കും മെഡിക്കല്‍ കോളേജിലേക്കും മററും പോകുന്നവരും ഗ്വാളിയോര്‍ റയോണ്‍സില്‍ ഷിഫ്ററിന് ജോലിക്ക് പോകുന്നവരുമായ യാത്രക്കാരെ കയററുകയും ഇറക്കുകയും ചെയ്യുന്ന സവാരിത്തോണിക്കാര്‍. കാരംബോര്‍ഡ് കളിയിലേര്‍പ്പെട്ടവരും കുളിക്കാന്‍ വന്നവരും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് കടവു കടന്നു പോകാനായി എത്തിയവരുമായി ഏറെ സജീവമായൊരു ബാല്യം നമ്മുടെ ചെറുവാടിക്കടവിന് പറയാനുണ്ട്. ചെറുവാടിയിലെ എന്റെ പുതിയ തലമുറക്ക് നഷ്ടപ്പെട്ടു പോയ ഒരു വലിയ സൌഭാഗ്യം. ഇതു വഴിയായിരുന്നു ചെറുവാടിയിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള ചരക്കു ഗതാഗതം നടന്നിരുന്നത്. റോഡ് വഴി ലോറിയോ മററ് വാഹനങ്ങളോ വരാനുള്ള സൌകര്യം അക്കാലത്ത് ചെറുവാടിക്കോ പന്നിക്കോടിനോ ഒന്നും ഉണ്ടായിരുന്നില്ല. വെപ്പ് തോണിയെന്ന് നമ്മളൊക്കെ വിളിച്ചിരുന്ന വലിയ ചരക്ക് വഞ്ചിയിലായിരുന്നു കടകളിലേക്കുള്ള സാധനങ്ങള്‍ വന്നിരുന്നത്. കാടന്‍ ഹാജിയും നല്ലു വീട്ടില്‍ മൊയ്തീന്‍ ഹാജിയും രായിന്‍ ഹാജിയും ഒക്കെയായിരുന്നു എനിക്കോര്‍മ്മയിലുള്ള അന്നത്തെ ഈ വാഹനങ്ങളുടെ ആര്‍.സി ഓണര്‍മാര്‍. പ്രൌഢമായിരുന്നു ഈ പ്രമാണിമാരെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ അന്ന്. ഇവരെക്കുറിച്ചുള്ള കഥകള്‍ ധാരാളമായി കേട്ടിട്ടുണ്ട്. അന്നത്തെ ഗ്രാമങ്ങളുടെ ഉത്സവമായിരുന്ന കുറിക്കല്യാണത്തിന് ആദ്യം പണം നല്‍കി ഉദ്ഘാടനം ചെയ്യാന്‍ ഇവരില്‍ ആരെങ്കിലും എത്തണമായിരുന്നു.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണെന്നു തോന്നുന്നു ആഴ്ചയില്‍ കോഴിക്കോട് നിന്നും ചരക്കു വഞ്ചികള്‍ കടവിലെത്തിയിരുന്നത്. ഇതേ ദിവസങ്ങളിലാണ് അന്ന് ചെറുവാടിയില്‍ ഇറച്ചി വില്‍പ്പന ഉണ്ടായിരുന്നതും എന്ന് ഞാന്‍ ഓര്‍ക്കുന്നു. എസ്.എം.എസും മിസ്ഡ് കോള്‍ സൌകര്യങ്ങളുമില്ലാതിരുന്ന കാലം വഞ്ചികള്‍ കടവിലടുക്കുന്നതിന് മുന്‍പേ തന്നെ പുഴമാട് തലച്ചുമട്കാരെക്കൊണ്ട് നിറഞ്ഞിരിക്കും. ക്വിന്റല്‍ ചാക്ക് എടുക്കുന്നവരും കുട്ടിച്ചാക്ക് എടുക്കുന്നവരും ഒക്കെ ആയി വിവിധ കാററഗറിയിലുള്ളവര്‍. ക്വിന്റല്‍ ചാക്ക് തലയിലെടുക്കുന്നവര്‍ അന്ന് ശരിക്കും ഗ്രാമത്തിന്റെ ഹീറോകളായിരുന്നു. വാളേപാറമ്മല്‍ മുഹമ്മദ് കാക്കയും കൂടത്തില്‍ ഇണ്ണിയും, കാടന്‍ ചേക്കു കാക്കയും, അക്കരപറമ്പില്‍ കീരനും, അധികാരി മുഹമ്മദ് കാക്കയും പുത്തലത്ത് മൊയ്തീന്‍ കുട്ടി കാക്കയും, പഴംപറമ്പില്‍ ഉണ്ണിമോയിന്‍ കുട്ടി കാക്കയും ആലുങ്ങല്‍ ആലി കാക്കയും ഉച്ചക്കാവിലെ ഉണ്ണിക്കുട്ടിയേട്ടനും ഒക്കെയായിരുന്നു ഈ ഗണത്തില്‍പ്പെട്ട മൂപ്പന്‍മാര്‍. അവരോട് ഞങ്ങള്‍ക്കൊക്കെ ഒരാദരവ് തോന്നിയിരുന്നു എന്നും. തോണി കരയോടടുക്കുന്നതിന് മുന്‍പ് തന്നെ കയ്യൂക്കുള്ളവര്‍ വെള്ളത്തിലേക്ക് നടന്ന് ചെന്ന് ചാക്കുകളില്‍ തൊട്ട് വെക്കും. പിന്നെ അത് അവര്‍ക്കുള്ളതാണ്. ചാക്കുകളെടുത്ത് അവര്‍ ഓടുന്നത് അടുത്ത സ്റേറാപ്പോവറായ അത്താണിയിലേക്കാണ്. അത്താണിയില്‍ ഇറക്കി വെച്ച് അവര്‍ വീണ്ടും ഓടും അടുത്ത ചാക്ക് എടുക്കാന്‍. അങ്ങിനെ പരാമവധി ചാക്കുകള്‍ കരസ്ഥമാക്കി ആലിന്‍ ചുവട്ടില്‍ വന്ന് അല്‍പ്പം വിശ്രമിച്ചിട്ടാണ് അതെല്ലാം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.
ഇന്നത്തെപ്പോലെ ബസ്സ്റേറാപ്പുകളൊന്നും അന്ന് ജനങ്ങളുടെ ആവശ്യങ്ങളായിരുന്നില്ല. മിക്ക ഗ്രാമങ്ങളിലും നമുക്ക് ഇത്തരത്തിലുള്ള വലിയ ആല്‍ മരങ്ങളും അത്താണികളും കാണാം. തലച്ചുമടുകാര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങള്‍. ചെറുവാടിയില്‍ ഇതിനുള്ള പ്രാധാന്യം ഏറെ വലുതായിരുന്നു. അതു കൊണ്ടു തന്നെയായിരിക്കണം കൊളക്കാടന്‍ ഗുലാം ഹുസ്സൈന്‍ ഹാജി തന്റെ പറമ്പില്‍ റോഡിനോട് ചേര്‍ന്ന് ഒരു ആല്‍ മരവും അതിന്റെ ചുവട്ടില്‍ ഒരു അത്താണിയും സ്ഥാപിച്ചത്.
ചെറുവാടിക്കടവിലെ കഥകളൊന്നും പറഞ്ഞാല്‍ തീരില്ല. പുത്തലത്ത് ആലി കാക്കയുടേയും വെള്ളങ്ങോട്ട് കലന്തന്‍ കാക്കയുടേയും ചായക്കടകള്‍ വല്ലാത്ത ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകളാണ്. രണ്ട് പേരുടേയും വലിയ അരപ്പട്ട കെട്ടിയ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. രണ്ട് കടയിലും ഞാന്‍ കുറേ കാലം വീട്ടില്‍ നിന്നും പാല്‍ കൊണ്ട് പോയി കൊടുത്തിട്ടുണ്ട്. പാല്‍ കൊടുത്ത് പോരുമ്പോള്‍ കൊപ്ര കളത്തില്‍ വീണ് കിടക്കുന്ന കൊപ്ര പൊട്ടുകള്‍ പെറുക്കിയാണ് മടങ്ങുന്നത്. ചിലപ്പോഴെല്ലാം വെള്ളങ്ങോട്ട് ബീരാനാക്കയുടെ തോണിയില്‍ നിന്നും ഉമ്മ തന്ന 5 പൈസക്ക് എരുന്തും വാങ്ങും.
കഥാപാത്രങ്ങളെല്ലാം യവനികക്കുള്ളില്‍ മറഞ്ഞു. കാലം പോയി. പുഴമാട് വെള്ളത്തില്‍ മുങ്ങി. മുണ്ടുമൂഴിയിലെ റെഗുലേററര്‍ കം ബ്രിഡ്ജും കടവിലെ മണല്‍ വാരലുകാരും ചേര്‍ന്ന് ചെറുവാടിക്കടവിനേയും പുഴമാടിനേയും ചെളിവെള്ളത്തില്‍ മുക്കി. കണ്ടാല്‍ അറപ്പു തോന്നുന്ന വിധം വെള്ളം പായല്‍ കെട്ടി അശുദ്ധമായി. എന്നാലും അവധിക്കാലത്ത് നാട്ടില്‍ പോയാല്‍ അതിലൊന്നു മുങ്ങാതിരിക്കാന്‍ കഴിയില്ല. എന്റെ സുഹൃത്തും ചെറുവാടിക്കടവിന്റെ പുത്രന്‍ എന്ന് വിശേഷിപ്പിക്കാവുന്നവനുമായ ആലുവായ് മുഹമ്മദ് ഒരിക്കലല്ല പലകുറി എന്നോട് പറഞ്ഞു ആ റെഗുലേററര്‍ വന്നതോടെ ഞാന്‍ ആ പുഴയിലേക്ക് നോക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന്. എല്ലാവരുടേയും മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഒരു കാലത്ത് സാന്ത്വനം പകര്‍ന്നിരുന്ന ആ പുഴമാട് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുന്നു. എല്ലാവരേയും എന്ന് പറയാനാകില്ല കാരണം പലരും ഇന്ന് ജീവിതം കണ്ടെത്തുന്നത് ഈ പുഴയോരത്ത് നിന്നാണല്ലോ. താല്‍ക്കാലികമായെങ്കിലും.