Monday, September 20, 2010

അബ്ദു മാസ്റററെന്ന ടൂറിസ്ററ് ഗൈഡ്

അദ്ദേഹത്തെ അങ്ങനേയും വിശഷിപ്പിക്കാമോ...അതിലപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ അദ്ദേഹം? അതേ ആയിരുന്നു. പക്ഷേ യാത്ര എന്നും ഒരു ലഹരിയായ എനിക്ക് അബ്ദു മാസ്റററുടെ ഈ വിശേഷണത്തെക്കുറിച്ച് പറയാനാണിഷ്ടം. നമ്മുടെ കെ.ടി അബ്ദു മാസ്ററര്...‍അകാലത്തില്‍ നമ്മെ വിട്ടു പോയ മാസ്ററര്‍ സൃഷ്ടിച്ച വിടവു നികത്താന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞില്ലല്ലോ.
കുടുംബത്തോടൊപ്പം കൂട്ടുകാരുടേയും ഇഷ്ടപ്പെട്ട നാട്ടുകാരുടേയും കുടുംബത്തിന്റെ കൂടെ അതിലുപരി സാമൂഹ്യ പാഠവും ഭൂമിശാസ്ത്രവും അല്‍പ്പമൊക്കെ സയന്‍സും ചരിത്രവും പിന്നെ നന്നായി രാഷ്ട്രീയവും അറിയാവുന്ന ഒരു ഉത്തമ ഗൈഡിന്റെ കൂടെ ഒരു ഊട്ടി മൈസൂര്‍ യാത്ര. യാത്ര ഏറെ ഹൃദ്യവും ആസ്വാദകരവുമാകാന്‍ ഇതില്‍പ്പരമെന്തു വേണം.
അബ്ദു ചെറുവാടിയെന്ന് തൂലികയിലൂടേയും കെ.ടി അബ്ദു മാസ്റററെന്ന് സാങ്കേതികമായും തച്ചോളില്‍ അബ്ദു മാസ്റററെന്ന് നാട്ടുകാരും പറയുന്ന അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഒരു പഠന കുടുംബ യാത്ര. അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഒരു പാട് ചിത്രങ്ങള്‍ ഫ്ളാഷ് ബാക്കായി മിന്നി മറഞ്ഞു വരുന്നു. അതില്‍ ഏററവും തെളിച്ചത്തോടെ നില്‍ക്കുന്നത് ഒരു തൊപ്പിയുമണിഞ്ഞ് മാഷ് മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിനടുത്തുള്ള ജയിലറകളെക്കുറിച്ച് വിവരിച്ചു തന്ന രംഗമാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഹോംവര്‍ക്ക് നടത്തിയാണ് മാഷ് പുറപ്പെടുക. ടീച്ചിംഗ് നോട്ടും തയ്യാറാക്കിയിട്ടുണ്ടാകും. വളരെ സീരിയസ്സായ ഒരു ഗൈഡായിട്ടാണ് യാത്രയിലുടനീളം അദ്ദേഹം കാണപ്പെടുക. മൂന്ന് നാല് ദിവസത്തേക്ക് കുറേ കുടുംബങ്ങളെ കെട്ടു കെട്ടി കൊണ്ടു പോകുമ്പോ ഉണ്ടായേക്കാനിടയുള്ള അത്യാഹിതങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം ബോധവാനായിരുന്നു. ബച്ചുവും കഴായിക്കല്‍ അബ്ദുറഹ്മാനും കുടുംബവും ഒക്കെ ഉള്‍ക്കൊള്ളുന്ന ആ വലിയ സംഘം ഏറെ തൃപ്തിയോടെയാണ് മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയത്.
ഇങ്ങിനെയുള്ള ധാരാളം യാത്രകള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പ്രായം ചെന്ന കുറേ കാരണവന്‍മാരേയും ചെറുപ്പക്കാരേയും ഒക്കെയായി അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഹൈദരാബാദ് യാത്രയിലെ തമാശകള്‍ കുറെക്കാലം നാട്ടില്‍ എല്ലാവരും പറയുമായിരുന്നു. ധാരാളം വായിക്കുകയും തന്റെ വീക്ഷണങ്ങളും വാദഗതികളും ഭംഗിയായി എഴുതുകയും ചെയ്യുന്ന അബ്ദു മാഷ് തനിക്കറിയാവുന്നതെല്ലാം നാട്ടുകാരുമായി പങ്കു വെക്കാനും ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ബന്ധുവായ കെ.പി.യു അലിയോടൊപ്പം മില്ലത്ത് മഹല്‍ എന്ന നമ്മുടെ ഗ്രാമത്തിലെ ആ വലിയ പ്രസ്ഥാനം സ്ഥാപിച്ചെടുക്കുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ലക്ഷ്യം ഇതെല്ലാമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചെറുവാടി സ്കൂളിന്റെ ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു ഒട്ടനവധി സ്കൂളുകളെ പങ്കെടുപ്പിച്ച് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ശാസ്ത്രമേള. നാട്ടുകാരുടെ ഒരു ഉത്സവം കൂടിയായി മാറിയ ആ ശാസ്ത്രമേളയുടെ വിജയത്തിന്റെ പിന്നില്‍ അബ്ദു മാസ്റററുടെ ഉത്സാഹത്തിന് വലിയ പങ്കുണ്ട്.
എന്റെ ഗുരുനാഥനായിരുന്നില്ലെങ്കിലും ഗുരുതുല്യമായ ഒരു സ്നേഹബന്ധം ഞങ്ങള്‍ കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി നടന്ന വാഗണ്‍ ട്രാജഡി വാര്‍ഷികത്തിന് പുറത്തിറക്കിയിരുന്ന വാഗണ്‍ ട്രാജഡി സ്മരണിക ഒരു നല്ല വായനാനുഭവമായിരുന്നു.
ചെറുവാടി സ്കൂളില്‍ നിന്നും അബ്ദു മാസ്റററുടെ വിടവാങ്ങല്‍ ഒരു വലിയ സംഭവമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. കാരണം പലപ്പോഴും അബ്ദു മാസ്ററര്‍ക്കൊന്നും വേണ്ടത്ര അംഗീകാരം നല്‍കാന്‍ രാഷ്ട്രീയ തിമിരം ബാധിച്ച നമ്മുടെ നാടിന് കഴിയാതെ പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടേറെ നല്ല അധ്യാപികാധ്യാപകര്‍ നമ്മുടെ നാട്ടിലും ചെറുവാടി സ്കൂളിലും ഉണ്ടായിട്ടുണ്ട്. എങ്കിലും അബ്ദു മാസ്റററുടെ റേഞ്ചിലേക്ക് ഉയരാന്‍ കഴിഞ്ഞവര്‍ വിരളമാണ്.
അസുഖം ബാധിച്ച് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാഷെ അവസാന നാളുകളില്‍ കാണാന്‍ കഴിയാതെ പോയ ഒരു വല്ലാത്ത വിഷമസ്ഥിതി എനിക്കുണ്ടായിട്ടുണ്ട്. നാട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളോടത് പങ്ക് വെക്കുകയും ചെയ്തു. അദ്ദേഹത്തെ എല്ലാവരും പോയി കാണുന്നത് അദ്ദേഹത്തിന് കുടുതല്‍ മാനസിക വിഷമമുണ്ടാക്കുമെന്നതിനാല്‍ പരമാവധി സന്ദര്‍ശകരെ വിലക്കുകയാണെന്നാണ് ഞാന്‍ അറിഞ്ഞിരുന്നത്. എങ്കിലും അദ്ദേഹം ഇത്ര പെട്ടെന്ന് നമ്മെ പിരിഞ്ഞ് പോകുമെന്ന് കരുതിയില്ല. അസുഖത്തിന്റെ ഗൌരവവും ഞാന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. അവസാനമായി അദ്ദേഹം മക്കയില്‍ വന്നപ്പോ ആരില്‍ നിന്നോ നമ്പര്‍ വാങ്ങി എന്നെ മൊബൈല്‍ ഫോണില്‍ വിളച്ചിരുന്നു. അന്ന് ദീര്‍ഘ നേരം ഞങ്ങള്‍ സംസാരിച്ചു. ദീപ്തമായ ഓര്‍മ്മകളായി ആ സംഭാഷണ ശകലങ്ങള്‍ ഇന്നും മനസ്സില്‍ താലോലിക്കുന്നു.

ഫോട്ടോ കടപ്പാട്: കെ.ടി മന്‍സൂര്‍, ബഹറൈന്‍
0000000000000000000000000000000

3 comments:

 1. ഷക്കീബ്ക്ക,
  സന്തോഷം. ഉപ്പയെ കുറിച്ചെഴുതിയ ഈ കുറിപ്പിന്.
  ഇത് കാണാന്‍ ഞാനെന്തേ ഇത്ര വൈകിയത്.?
  ഉപ്പയെ കുറിച്ച് നല്ല സ്മരണകള്‍ സൂക്ഷിക്കുന്ന, ഉപ്പയെ സ്നേഹിക്കുന്ന ഈ നല്ല മനസ്സിന് മുമ്പില്‍ അദ്ധേഹത്തിന്റെ മകന്റെ ആദരം.

  ReplyDelete
 2. അബ്ദുമാസ്റ്ററെ കുറിച്ചു അദ്ദേഹത്തിന്റെ മകന്‍ എഴുതിയ കുറെ കാര്യങ്ങള്‍
  ഞാന്‍ വായിച്ചിരുന്നു...ഇപ്പോ ദാ ബാക്കിയുള്ളത് ഷക്കീബിക്കയുടെ വരികളിലൂടെ...
  അബ്ദുമാസ്റ്ററെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു...നന്ദി

  ReplyDelete
 3. അബ്ദുമാസ്റ്ററെന്ന മഹാനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞ ലേഖനത്തിനു നന്ദി.
  അദ്ദേഹത്തിന്‍റെ മകനെ പരിചയപ്പെടാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു.

  ReplyDelete