Thursday, December 30, 2010

ബസ്സ് വരുന്നേ ബസ്സ്……


അങ്ങാടിയിലേക്കിറങ്ങാന്‍ പൊതുവേ മടി കാണിക്കുന്ന കൂട്ടത്തിലായിരുന്നു ചെറുപ്പത്തില്‍ ഞാന്‍. എന്നെ കണ്ട് കണ്ട് മടുക്കുമ്പോഴാണോന്നറിയില്ല ഉമ്മ പറയും നിനക്കാ വായനശാലയിലെങ്കിലും ഒന്നും പോയി കുറച്ച് നേരം പത്രങ്ങളൊക്കെ വായിച്ചു വന്നു കൂടെ എന്ന്. ചെറുവാടിയില്‍ ഗ്രാമീണ ഗ്രന്ഥാലയവും ദേശാഭിമാനി സ്ററഡി സര്‍ക്കിള്‍ വായനശാലയും ഒക്കെ അന്ന് സജീവമായിരുന്നു. അങ്ങിനെ ഒരു നിര്‍ബ്ബന്ധത്തിന് വഴങ്ങി അങ്ങാടിയിലെത്തിയപ്പോഴാണ് അന്ന് നമ്മുടെ അങ്ങാടിയുടെ ലാന്‍ഡ് മാര്‍ക്കായിരുന്ന ഭീമാകാരനായ ചീനി മരത്തിന്റെ തഴെ വലിയൊരു ആള്‍ക്കൂട്ടം. അടുത്തു ചെന്ന് നോക്കിയപ്പോ കുട്ട്യാലി മാസ്ററര്‍ പ്രസംഗിക്കുന്നു. എപ്പോഴെങ്കിലും വളരെ ക്ളേശിച്ച് ഒരു ജീപ്പോ കടകളിലേക്ക് ചരക്ക് കൊണ്ടു വരുന്ന ലോറിയോ മാത്രം വാഹനമായി എത്താറുള്ള ചെറുവാടിയിലേക്ക് ബസ്സ് ഗാതാഗതം സാധ്യമാക്കാനുള്ള നാട്ടുകാരുടെ കൂട്ടായ ശ്രമത്തിന് തുടക്കമിടുകയാണ്. കുട്ട്യാലി മാസ്ററര്‍ അന്ന് പറഞ്ഞ ഒരു കാര്യം ഇന്നും എന്റെ ചെവിയില്‍ മുഴങ്ങി നില്‍ക്കുന്നു. നാം എപ്പോഴെങ്കിലും കോഴിക്കോട്ടങ്ങാടിയില്‍ പോകുമ്പോ ബസ്സ് കയറാനെത്തുന്ന പാളയം ബസ് സ്ററാന്റിലുള്ള ബസ്സുകള്‍ക്കിടയില്‍ ചെറുവാടി ബോര്‍ഡ് വെച്ച ഒരു ബസ്…..എത്ര അഭിമാനകരമായ ഒരു നേട്ടമായിരിക്കും നാം അതിലൂടെ കൈവരിക്കുന്നത്. അതിനായി മുഴുവന്‍ നാട്ടുകാരും ഒന്നിച്ച് നിന്ന് ശ്രമദാനത്തിലൂടെ റോഡ് നിര്‍മ്മിക്കണം. ചെറുവാടി മുതല്‍ എരഞ്ഞിമാവ് വരെ. കയററവും ഇറക്കവുമായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡ് അത് നന്നാക്കിയെടുക്കലാണ് ലക്ഷ്യം. റോഡ് ഗതാഗത യോഗ്യമാണെങ്കില്‍ ബസ് ഇടാമെന്ന് കുന്നമംഗലത്തെ ബസ് ഉടമസ്ഥന്‍ കെ.പി ചോയിയും മററും അറിയിച്ചിട്ടുണ്ട്. അവിടെ കൂടിയ മുഴുവനാളുകളും ശ്രമദാന കമ്മററിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിറേറ ദിവസം വൈകുന്നേരം മുതല്‍ റോഡ് പണിയും തുടങ്ങി. മഴവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയ അങ്ങാടിയിലും ചുള്ളിക്കാപറമ്പിലും പടിഞ്ഞാറേകണ്ടി ഇറക്കത്തിലുമൊക്കെ ധാരാളം പണികള്‍. വൈകുന്നേരം വരെ പാടത്തും പറമ്പിലും ഓഫീസുകളിലും ജോലി ചെയ്ത മുഴുവനാളുകളും കൈക്കോട്ടും പിക്കാസും ഒക്കെ എടുത്ത് റോഡിലേക്കിറങ്ങി. വിചാരിച്ചതിലേറെ പുരോഗതിയായിരുന്നു റോഡ് പണിക്ക്. രണ്ട് തട്ടിലായി ചെറുവാടി അങ്ങാടിയുടെ നടുവിലുള്ള റോഡ് വീതി കൂട്ടല്‍ അല്‍പ്പം ബുദ്ധിമുട്ട് പിടിച്ച പണിയായിരുന്നു. നാട്ടിലെ പ്രമുഖ മരംവെട്ടുകാര്‍ ചേര്‍ന്ന് രാത്രി അങ്ങാടിയുടെ അലങ്കാരമായിരുന്ന ചീനിമരം മുറിച്ചു മാററി. ശ്രമദാനത്തിലെ ഏക ഫൌള്‍ കളി അതായിരുന്നു. മുറിച്ചിട്ട ചീനിത്തടി കുറേ കാലം അവിടെ തന്നെ കിടന്നിരുന്നു. ഒരു ദിവസം അങ്ങാടിയുടെ അന്നത്തെ മൊതലാളി ആയിരുന്ന സി.പി മുഹമ്മദും കൂട്ടുകാരും ചേര്‍ന്ന് പ്രതിഷേധ സൂചകമായി അതുരുട്ടി താഴെ പാടത്തെത്തിച്ചതും മറെറാരു കഥ. ശ്രമദാനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു കട്ടന്‍ ചായയും കപ്പ പുഴുക്കും. അതും പലരുടേയും സംഭാവനയായിരുന്നു.

നാട്ടിലെ ലോഡിംഗ് തൊഴിലാളികളും കൂപ്പില്‍ പോകുന്നവരും ഒക്കെ ആയ കുറേ പേര്‍ റോഡ് പണിയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചിരുന്നു. ഇങ്ങിനെയൊരു സഹകരം എന്റെ കൊച്ചു ഗ്രാമത്തില്‍ പിന്നീടൊരു കാര്യത്തിലും ഞാന്‍ കണ്ടിട്ടില്ലട്ടോ. നാടോടുമ്പോ എന്റെ ചെറുവാടിയും നെടുകേയും കുറുകേയും ഓടുകയാവാം അല്ലേ.

നടക്കല്‍ തോടിന് കുറുകെ പണിത പാലമാണ് ചെറുവാടിയുടെ ഇന്നത്തെ എല്ലാ പുരോഗതിയുടേയും അടിസ്ഥാനം. അത് കരാറെടുത്തിരുന്നത് പാറപ്പുറത്ത് കോയക്കുട്ടി കാക്കയാണ്. ഇന്നുള്ള പാലത്തിന് മുന്‍പ് അവിടെ മരത്തടി കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ പാലമായിരുന്നു. തോട്ടില്‍ വെള്ളം വററിയാല്‍ പിന്നെ അക്കരെ നിര്‍ത്തിയിടാറുള്ള ജീപ്പും ലോറിയുമൊക്കെ പതുക്കെ വയലില്‍ ഇറങ്ങി ഇക്കരെ വരും. നടക്കല്‍ ഒരു മരത്തിന്റെ പാലവും അതിന്റെ ഒരു ഭാഗത്തു കൂടെ പാടത്തിറങ്ങി വരുന്ന ജീപ്പും ഒക്കെ ഒന്ന് ഓര്‍ത്തു നോക്കൂ….പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും പണിയും നല്ല രസമായിരുന്നു. കോയക്കുട്ടി കാക്കയുടെ ചവര്‍ലേററ് ലോറിയും (മുന്‍ ഭാഗത്ത് ലീവറിട്ടായിരുന്നു ഈ ലോറി സ്ററാര്‍ട്ട് ചെയ്തിരുന്നത്) അതിന്റെ കിളിയായിട്ട് പോയിരുന്ന തേനാങ്ങാപറമ്പില്‍ ഇബ്രാഹിം കാക്കയും പിന്നെ കൂളിമാട് നിന്നും മണ്ണ് കയററി വരുന്ന ലോറിയുടെ പുറകില്‍ ഒന്ന് കയറാനായി കൂടെ ഓടുന്ന ഞങ്ങള്‍ കുട്ടികളുടെ വെപ്രാളവും ഒക്കെ ഒരു ഫ്ളാഷ്ബാക്ക് ആയി മുന്നിലൂടെ മിന്നി വരുന്നു. ഇന്നത്തെ നമ്മുടെ അങ്ങാടിയുടെ ബഹളങ്ങള്‍ കാണുമ്പോ കാര്‍ബണ്‍ മോണോക്സൈഡ് ഈ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് കടത്തി വിടാതിരുന്ന ഓസോണ്‍ പാളിയായിരുന്നു നടക്കലെ ആ മരപ്പാലമെന്നും അതില്‍ ആദ്യ വിള്ളല്‍ വീഴ്ത്തിയത് കോയക്കുട്ടി കാക്കയുടെ പാലം പണിയായിരുന്നെന്നുമൊക്കെ തോന്നിപ്പോകും. എന്തെങ്കിലുമാകട്ടെ ഗ്രാമ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി നടക്കല്‍ പാലം മാറിയത് നാം അനുഭവിച്ചറിഞ്ഞു.

ശ്രമദാനത്തിലൂടെ ചെറുവാടി മുതല്‍ തേനേങ്ങാപറമ്പ്, പന്നിക്കോട് വഴി എരഞ്ഞിമാക്കല്‍ വരെ റോഡ് അത്യാവശ്യ ഗതാഗതത്തിനുള്ള സൌകര്യമൊരുക്കിയതും അതിലൂടെ ആദ്യമായി സി.ഡബ്ളിയു.എം.എസ് (കാലിക്കററ് വയനാട് മോട്ടോര്‍ സര്‍വ്വീസ്) കാരുടെ പച്ച നിറത്തിലുള്ള ബസ് ആടിയുലഞ്ഞ് കടന്നു വന്നതും രോമാഞ്ചമുണ്ടാക്കിയ കാഴ്ചകളായിരുന്നു. കുറച്ചു ദിവസമേ ആ സര്‍വ്വീസ് നല്ല നിലയില്‍ നടന്നുള്ളൂ. പിന്നെ കുറേ ദിവസം പന്നിക്കോട് വരെ ഓടി. മഴക്കാലം തുടങ്ങിയതോടെ അതും നിന്നു പോയി. പന്നിക്കോട്ടേക്ക് ഇ.എം.എസ് എടച്ചേരി മോട്ടോര്‍ സര്‍വ്വീസ് എന്ന പേരിലൊരു ബസ് കുന്നമംഗലത്തു നിന്നും സര്‍വ്വീസ് നടത്തിയിരുന്നു. അത് വന്നിരുന്ന വഴി അതിലെഴുതി വെച്ചത് പന്നിക്കോട്, മുക്കം ചീപ്പാംകുഴി വഴി എന്നായിരുന്നു. എവിടെയാണ് ചീപ്പാംകുഴി എന്നോ ആ സ്ഥലത്തിന് ഇന്ന് എന്ത് സംഭവിച്ചു എന്നോ എനിക്ക് ഇന്നും ഒരു പിടിയുമില്ല. പിന്നീട് കൊടിയത്തൂരിലേക്ക് നെല്ലിക്കാപറമ്പ് വഴി ഗിരിജ മോട്ടോര്‍ സര്‍വ്വീസ് വന്നു. കുറേശ്ശെയായി ചെറുവാടിയിലേക്കും കൊടിയത്തൂരിലേക്കും ബസ്സുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ബാക്കിയെല്ലാം വര്‍ത്തമാന ചരിതംഎനിങ്ങളത് കൂട്ടിച്ചേര്‍ക്കൂ. പെരിങ്ങളം, താജ് പിന്നെ പേരില്ലാത്ത മോനോന്റെ ബസ്സും നമ്മുടെ ഗ്രാമ പുരോഗതിക്ക് യന്ത്രത്തിന്റെ വേഗത നല്‍കി . പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടെ ബസ്സ് പാസ്സഞ്ചേര്‍സ് അസോസിയേഷന്‍ ഗ്രാമ കൂട്ടായ്മകളിലെ ഒരു വലിയ മാററമായിരുന്നു സത്യം…..

Tuesday, December 7, 2010

കാലുറുപ്പികക്ക് ഒരു വാരിയടി

കാലുറുപ്പിക തന്നെ അന്ന് വലിയൊരു എമൌണ്ടായിരുന്നു. പറയങ്ങാട്ടേയും കലങ്ങോട്ടേയും ഉത്സവപ്പറമ്പിലെ കുലുക്കി കുത്തില്‍ അടിക്കാവുന്ന വലിയ എമൌണ്ട്. നാലണയെന്നും പറയാം. നാലണന്റെ മത്തീന്ന് പറഞ്ഞാല്‍ ഒരു വലിയ കുടുംബത്തിന് തിന്ന് ആര്‍മാദിക്കാന്‍ മാത്രം ഉണ്ടാകുമായിരുന്നു. മത്തി (തെക്കന്‍ വായനക്കാരേ നിങ്ങള്‍ക്കറിയുന്ന ചാള തന്നെ ഈ സാധനം) ആണല്ലോ നമ്മുടെ ദേശീയ മത്സ്യം. വൈകുന്നേരം മത്തി വാങ്ങാത്ത വീടുകള്‍ കുറവായിരിക്കും. അഞ്ചു പൈസ മുതല്‍ തുടങ്ങും. മാക്സിമം നാലണക്ക്. വിരുന്നുകാര്‍ വന്നാല്‍ ചിലപ്പോ അത് എട്ടണ (അര ഉറുപ്പിക) വരെ പോകും. കണ്ടം മീനായിട്ട് കിട്ടണത് ഏറിപ്പോയാല്‍ തിരണ്ടിയോ ഏട്ടച്ചുള്ളിയോ ആണ്. ആരേയും പറഞ്ഞിട്ട് കാര്യമില്ല. അന്ന് അതേ അവിടെ ചെലവാകൂ. അതും വാങ്ങണതാരാ….കമ്പിനി പണിക്കാര്‍…..ഗ്വാളിയോര്‍ റയണ്‍സില്‍ നിന്നും ജനറല്‍ ഷിഫ്ററ് കഴിഞ്ഞു വരുന്നവര്‍ വാങ്ങിയാലായി. ബാക്കിയെല്ലാവര്‍ക്കും മത്തി തന്നെ എമ്പാടും മതി.

മീന്‍ കച്ചോടക്കാരിലെ അന്നത്തെ കുലപതി പെരുവയലുകാരനായ കാവുണ്ടത്തില്‍ മീനുമായി ക്യാററ് വാക്ക് നടത്തി വരുന്ന മീന്‍കാരന്‍ ആലിയാക്ക തന്നെ. പിന്നെ നമ്മുടെ നാട്ടുകാരന്‍ തന്നെ ആയ പോക്കാന്‍ മുഹമ്മദാക്ക ക്ഷമിക്കണം………അങ്ങിനെ പറഞ്ഞാലേ നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയൂ എന്നതോണ്ടാ……കാരയില്‍ പ. മുഹമ്മദ് എന്നാണ് അദ്ദേഹത്തിന്റെ ശാസ്ത്രനാമം. അതു കാണണമെങ്കില്‍ പഴയ രാമന്‍ കുട്ടി വൈദ്യരോ യു. ടി കാക്കയോ എഴുതി മടക്കി വെച്ച് ഇന്നാര്‍ക്കും വേണ്ടാത്ത ആ കുറിക്കല്യാണ ബുക്ക് തന്നെ പരതി നോക്കണം. പച്ചമീന്‍ കച്ചോടം ഇവരുടെ രണ്ടു പേരുടേയും കുത്തകയായിരുന്നെങ്കിലും നിരവധി മീന്‍ കൊട്ടകള്‍ ചുള്ളിക്കാപറമ്പിലും അങ്ങാടിയിലുമായി കാണാമായിരുന്നു. എല്ലാവരുടേയും പേരുകള്‍ മറന്നു പോയെങ്കിലും തേക്കിന്റെ ഇലയും മടക്കി പിടിച്ച് ഒന്നാ…ഒന്ന്..ഒന്ന്, രണ്ടാ…രണ്ട്..രണ്ട്...എന്ന് ഈണത്തില്‍ ചൊല്ലി അയിലയും മത്തിയും പലവകയും പെറുക്കിയിടുന്ന മീന്‍ കച്ചവടക്കാരുടെ എല്ലാം മുഖം വളരെ തെളിഞ്ഞ് കാണുന്നു. തടായില്‍ കോയാമാക്കയെ ഒരിക്കലും മറക്കാന്‍ പററില്ല. അടുത്ത കാലം വരെ നമ്മുടെ അങ്ങാടിയുടെ സ്പന്ദനങ്ങളില്‍ നിറഞ്ഞു നിന്ന കോയാമാക്ക കുറേക്കാലം സവാരിത്തോണിയിലും ജോലി ചെയ്തിട്ടുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും ചങ്ങാതിയായിരുന്ന കോയാമാക്ക അകാലത്തില്‍ നമ്മെ പിരിഞ്ഞു പോയി.

പഴംപറമ്പിലെ കാരയില്‍ ഫാമിലിയില്‍ നിന്നും കുറേപ്പേര്‍ മീന്‍ കച്ചവടക്കാരായുണ്ടായിരുന്നു. പഴംപറമ്പിലെ സഖാവ് കത്താലി കാക്കയും കുറേക്കാലം മീന്‍ കച്ചവടം ചെയ്തിരുന്നു. കാരയില്‍ കദിയാത്തയുടെ മറെറാരു മകനായ കോയക്കുട്ടി അടുത്ത കാലം വരെ എടവണ്ണപ്പാറയില്‍ നിന്നും തലച്ചുമടായി മീന്‍ കുട്ടയും തലയിലേന്തി കടവു കടന്ന് വരുന്നത് കണ്ടിട്ടുണ്ട്. ഇപ്പോ എന്തു ചെയ്യുന്നു എന്നറിയില്ല. എന്തായാലും ചെറുവാടിയിലെ മീന്‍ മാര്‍ക്കറെറന്നോ മീന്‍ ചാപ്പയെന്നോ ഒക്കെ വിളിക്കാവുന്ന പള്ളിപ്പീടിക വൈകുന്നേരങ്ങളില്‍ സജീവമാക്കിയിരുന്ന പലരും ഇന്ന് കാലയവനികക്കുള്ളിലാണ്. പുളിക്കല്‍ അലവി കാക്ക, പിന്നെ പോലീസ് എന്നു വിളിക്കുന്ന ഒരാള്‍ ഇവരൊക്കെ വിട പറഞ്ഞു പോയി. ഇവരുടെയെല്ലാം കൈകളില്‍ നിന്നും അഞ്ച് പൈസക്കും പത്ത് പൈസക്കും കുററിപ്പാളയില്‍ വരെ മീന്‍ വാങ്ങിയത് മറക്കാത്ത ഓര്‍മ്മകളാണ്. കാലുറിപ്പികക്കാണെങ്കില്‍ വാരിയടിയാണ്. എണ്ണാനൊന്നും നില്‍ക്കാറില്ല.

ചെറുവാടിയിലേയും ചുള്ളിക്കാപറമ്പിലേയും മത്സ്യ വിപണിയില്‍ വെറൈററികള്‍ അയക്കോറയുടേയും ആകോലിയുടേയും ഒക്കെ രൂപത്തില്‍ വന്ന് നിറഞ്ഞെങ്കിലും പഴയ ആ സജീവത കെട്ടു പോയിരിക്കുന്നു. അക്കരെ ആലുങ്ങലെ കീരനും ഇക്കരെ പൊററമ്മലെ അബ്ദുറഹ്മാനും ഗ്ളാൌസൊക്കെ ഇട്ട് മീന്‍ പെറുക്കി കീസിലിടുന്നത് കണ്ടപ്പോ പഴയ മീന്‍ മാര്‍ക്കററിലെ പ്രതാപ കാലം ഓര്‍ത്തു പോയതാണീ കുറിപ്പ്. പെരുവയലില്‍ നിന്നു വരുന്ന ആലിയാക്ക മീന്‍ കച്ചോടത്തിന്റെ പുറമെ മാങ്ങക്കാലമായാല്‍ ചെറുവാടിയിലേയും പരിസരങ്ങളിലേയും എല്ലാ മാവും വിളിച്ചെടുക്കും. അവരുടെ മാങ്ങ പറിക്കലും ഏറെ കൌതുകകരമായിരുന്നു. തോട്ടിയും മാലും കയറും ഉപയോഗിച്ച് മാങ്ങ പറിച്ച് കുട്ടകളില്‍ നിറച്ച് കൊണ്ടു പോകുന്നത് ആദ്യാവസാനം നോക്കിയിരിക്കുന്നത് ഞങ്ങളുടെയൊക്കെ ഹോബി മാത്രമായിരുന്നില്ല. തോട്ടിയുടെ അഗ്രത്തിലുള്ള കൊട്ടയില്‍ നിന്നും മാങ്ങ നിലത്തേക്ക് വീണാല്‍ പിന്നെ അവര്‍ എടുക്കില്ല. അത് ഞങ്ങള്‍ക്കുള്ളതായിരിക്കും. അത് പെറുക്കാനുള്ള മത്സരം കൂടിയായിരിക്കും അവിടെ. എവിടേയും അങ്ങിനെ റിസ്ക് എടുത്ത് പറിക്കേണ്ട മാവുകളില്ല. എല്ലാം മുറിച്ച് മാമ്പഴക്കാലത്തിന് ചിതയൊരുക്കി. നമ്മുടെ നല്ല കാലത്തിനും….