Friday, September 17, 2010

ചന്തുച്ചന്റെ പാതാളക്കരണ്ടി


അത് ചന്തുച്ചന്റേത് തന്നെ ആയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. ഗ്രാമത്തിലെ മുഴുവനാളുകള്‍ക്കും എപ്പോഴും ഉപകരിക്കുന്ന ഒരു വലിയ ഉപകരണമായിരുന്നത്. പാതാളക്കരണ്ടി. കുറേ കൊളുത്തുകളായി ഒരു ഉപകരണം. കിണറുകളില്‍ നിന്നും വെള്ളം കോരാന്‍ അന്ന് കപ്പിയും കയറും ഏത്തവും കയറും അതിന്റെ അററത്തായി പാള കൊണ്ടുണ്ടാക്കിയ കോരിയോ ബക്കറേറാ ഉപയോഗിച്ചിരുന്നു. ഇതിലേതെങ്കിലും ഒന്നില്ലാത്ത കിണറുകള്‍ ഉണ്ടാകില്ല. വെള്ളം കോരുന്ന ബക്കററിന് കൊട്ടക്കോരി എന്നും ഒരു പേരുണ്ടായിരുന്നു അന്ന്. വൈദ്യുതിയില്ലാത്ത നമ്മുടെ ഗ്രാമത്തില്‍ അന്നെല്ലാം വെള്ളം കോരാന്‍ ഇതു തന്നെയായിരുന്നു ഏക ആശ്രയം. പാള കൊണ്ടുള്ള വെള്ളം കോരി കയറില്‍ നിന്നഴിഞ്ഞു പോയാല്‍ സുലഭമായ പാള കൊണ്ട് വേറെയും ഒന്ന് കുത്താം. എന്നാല്‍ വില കൂടിയ ഇരുമ്പ് ബക്കററ് പോയാല്‍ എടുത്തേ പററൂ. അതാണെങ്കില്‍ ഒരു സ്ഥിരം കലാപരിപാടിയുമാണ്. ഇങ്ങിനെ പോകുന്ന ബക്കറെറടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പാതാളക്കരണ്ടി. അതിന്റെ ഏക വിതരണക്കാരന്‍ നമ്മുടെ ചായക്കച്ചവടക്കാരന്‍ കപ്പിയേടത്ത് ചന്തുവേട്ടനും.
ബക്കറെറടുക്കാന്‍ മാത്രമല്ല പലപ്പോഴും കിണറില്‍ വീഴുന്നത് പല വില കൂടിയ വസ്തുക്കളുമായിരിക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ. അതെല്ലാം എടുക്കാന്‍ ആദ്യ ശ്രമം നടത്തുക പാതാളക്കരണ്ടി കൊണ്ടു തന്നെ. ഇന്നത്തെ പോലെ എല്ലാം വാടകക്ക് കിട്ടുന്ന ഒരു ഗ്രാമമായിരുന്നില്ല നമ്മുടെ ചെറുവാടി അന്ന്. പാതാളക്കരണ്ടിയും ഒരു സര്‍വ്വീസ് പോലെ സൌജന്യമായിട്ടായിരുന്നു ചന്തുച്ചന്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് ചന്തുച്ചന്റെ സ്വന്തമായിരുന്നോ അതോ സൌകര്യപൂര്‍വ്വം എല്ലാവര്‍ക്കും നല്‍കാനായി പഞ്ചായത്തോ അന്നത്തെ ഏതെങ്കിലും ഉദാരമതികളോ അദ്ദേഹത്തെ ഏല്‍പ്പിച്ചതായിരുന്നോ എന്നൊന്നും എനിക്കോര്‍മ്മ വരുന്നില്ല. കൊണ്ടു പോകുന്നവര്‍ ആവശ്യം കഴിഞ്ഞ് വളരെ കൃത്യമായി തിരിച്ചേല്‍പ്പിക്കാറുണ്ട് എന്നതിനാല്‍ അതിന് കൃത്യമായ രജിസ്റററൊന്നും ചന്തുച്ചനോ അദ്ദേഹത്തിന്റെ അസിസ്ററന്റായ മകള്‍ ദേവകിയോ ഒന്നും സൂക്ഷിച്ചിരുന്നില്ല.
എന്റെ തറവാട്ടു വീട്ടീലെ ആഴമേറിയ കിണറില്‍ നിന്നും പല തവണ ബക്കറെറടുക്കാന്‍ ഞാന്‍ ഈ കരണ്ടി കൊണ്ടു വന്നിട്ടുണ്ട്. തലമുതിര്‍ന്ന ആണ്‍കുട്ടിയും എപ്പോഴും അവൈലബിള്‍ ആയിട്ടുള്ളവനും എന്ന നിലയില്‍ വല്ലിമ്മ എപ്പോഴും എന്നെയാണ് ഇതിനായി നിയോഗിക്കാറ്. പിന്നെ ചന്തുവേട്ടന് ആളെ അറിയില്ലെങ്കില്‍ പാതാളക്കരണ്ടി തരില്ല എന്ന ഒരു കുഴപ്പവുമുണ്ട്. പലപ്പോഴും ബക്കററ് കിട്ടുന്നതിന് മുന്‍പായി അലൂമിനിയ പാത്രങ്ങളും സോപ്പു പെട്ടികളും ഒക്കെ കിട്ടാറുണ്ട് കരണ്ടിയില്‍ കൊളുത്തിയിട്ട്. ഈ പാതാളക്കരണ്ടിക്ക് പാതാളം തോണ്ടി എന്നും ഒരു പേരുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇതു രണ്ടുമല്ലാത്ത മറെറാരു പേര് എന്റെ നാട്ടില്‍ ഇതിന് സാധാരണ പറയാറുണ്ടായിരുന്നു. അത് ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നില്ല. അറിയാവുന്നവര്‍ ഒന്ന് അപ്ഡേററ് ചെയ്യുമോ?
ഞാനും എന്റെ സുഹൃത്ത് ബച്ചുവും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ പലപ്പോഴും ചന്തുച്ചന്‍ ഒരു പ്രധാന കഥാപാത്രമായി ഇന്നും കടന്നു വരാറുണ്ട്. അദ്ദേഹത്തിന്റെ ഒരു വലിയ ശീലം ഞങ്ങള്‍ കൌതുകത്തോടെ ഓര്‍ക്കാറുള്ളതും കൂടെ സാന്ദര്‍ഭികമായി ഇവിടെ പറയട്ടെ. ചന്തുവേട്ടന്‍ കടയടച്ച് തടത്തിലെ വീട്ടീലേക്ക് പോകുന്നത് കൌതുകമുള്ള ഒരു കാഴ്ചയാണ്. വെളിച്ചം കാണാന്‍ ഒരു റാന്തലും സ്റെറപ്പിനി പോലെ ഒരു ടോര്‍ച്ചും അദ്ദേഹത്തിന്റെ കയ്യിലുണ്ടാകും. അത് പോലെ തന്നെ തലയില്‍ ചൂടിയ തൊപ്പിക്കുടയോടൊപ്പം ഒരു അല്‍പ്പാക്ക് (ശിലക്കുടക്ക് പഴയ ആളുകള്‍ പറഞ്ഞിരുന്ന പേര്) കുടയും കയ്യിലുണ്ടാകും എന്നും. വെളിച്ചത്തിനും മഴ കൊള്ളാതിരിക്കാനുമായി എന്തിന് മറെറാരു ഓപ്ഷന്‍ കൂടെ ചന്തുവേട്ടന്‍ എന്നും കയ്യില്‍ കരുതുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല. ചന്തുവേട്ടനും അദ്ദേഹത്തിന്റെ സമോവറും അതിനേക്കാളുപരി ചെറുവാടി ജി.യു.പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കുടിവെള്ളം നല്‍കിയിരുന്ന ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ആ വലിയ മണ്‍ ബ്ടാവും (അതു തന്നെയല്ലേ അതിനു പറഞ്ഞിരുന്ന പേര്‍?) ആ കയ്യുള്ള അലൂമിനിയ പാട്ടയും എല്ലാം കണ്‍വെട്ടത്തു നിന്നും സ്മൃതിയുടെ അനന്ത വിഹായസ്സില്‍ മറഞ്ഞപ്പോള്‍ കൂടെ ഈ പാതാളക്കരണ്ടിയും നമ്മുടെ ആ ഗ്രാമീണ ശീലങ്ങളും ആധുനികതക്കു വഴി മാറി. ഒന്നും ഒരിക്കല്‍ കൂടി പൊടി തട്ടിയെടുക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലല്ലോ….നാടോടുകയല്ലേ....
ഞാന്‍ ഇവിടെ തുടക്കമിട്ടത് ചെറുവാടി ഗ്രാമത്തിന്റെ നിത്യ ജീവിതത്തിന്റെ സ്പന്ദനങ്ങളിലുടക്കി നിന്നിരുന്ന പാതാളക്കരണ്ടിയെ നിങ്ങളുടെ ചിന്തയിലേക്ക് വീണ്ടും കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്കാണ്. നിങ്ങള്‍ക്ക് ഇതില്‍ കൂട്ടിച്ചേര്‍ക്കാനുള്ളതാണ് എനിക്ക് കേള്‍ക്കേണ്ടത്. അതിനായി ഞാന്‍ കാതോര്‍ക്കുന്നു.

1 comment: