Thursday, September 30, 2010

പഞ്ഞന്റെ ലോകം!!!!!!!

പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.

പഞ്ഞന്റെ നല്ല കാലത്തെ ആശാരിപ്പണിയെക്കുറിച്ചൊന്നും എനിക്കത്രക്കങ്ങട്ട് ഓര്‍മ്മ പോര. നല്ലൊരു തോണിപ്പണിക്കാരനും അതു പോലെ വീടിന്റെ പണികളും ചെയ്യാറുണ്ടായിരുന്നു പഞ്ഞനെന്ന് കേട്ടിട്ടുണ്ട്. തയ്യത്തുംകടവത്തും വാഴക്കേട്ടേക്കു പോകുന്ന മന്തലക്കടവത്തും ഒക്കെ പഞ്ഞന്‍ തോണിപ്പണി എടുക്കണതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് ഇതൊക്കെ നാട്ടാര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ കൊറച്ചൂടെ നല്ലോണം നോക്കി നിക്കേണ്ടിയിരുന്നൂന്ന് ഇപ്പഴല്ലേ ബുദ്ധി ഉദിക്കണത്. ഇപ്പോ പറഞ്ഞിട്ടെന്താ. പഞ്ഞനും പോയി ആ പഴയ കാലത്തെ തോണിപ്പണിയും പോയി. മഹാഗണിയുടെ കഷ്ണങ്ങളും പഞ്ഞിയും വെച്ച് ഓട്ടയടച്ച് വെളക്കെണ്ണ കൊടുത്ത് മിനുക്കണ കാലമൊക്കെ പോയില്ലേ...ഇപ്പോ ഇരുട്ടു കൊണ്ടല്ലേ മക്കളുടെ ഓട്ടയടപ്പ്.

എനിക്ക് നന്നായിട്ട് ഓര്‍മ്മയുള്ളത് പഞ്ഞന്‍ ഉരലും ഉലക്കയുമൊക്കെയുണ്ടാക്കുന്നതാണ്. തോണിപ്പണിക്കൊന്നും അങ്ങിനെ പോകാന്‍ വയ്യാത്ത കാലത്താണെന്ന് തോന്നുന്നു നാട്ടില്‍ മുറിച്ചിട്ട മാവിന്‍ തടി കടഞ്ഞ് കടഞ്ഞ് മനോഹരമായ ഉരലുകള്‍ ഉണ്ടാക്കിയിരുന്നത് പഞ്ഞന്‍. എന്റെ വീട്ടിലുള്ള രണ്ട് ഉരലുകള്‍ പഞ്ഞന്‍ പണി തീര്‍ത്തതാണ്. താഴത്തെ പറമ്പിലെ നിറയെ പുളിയെറുമ്പുള്ള മധുരം തുളുമ്പുന്ന കോഴിക്കോടന്‍ മാങ്ങയുണ്ടാകുന്ന വലിയ മാവ് മുറിച്ചതും അതിന്റെ ഒരു കഷ്ണം കൊണ്ട് പഞ്ഞന്‍ ഉരലു തീര്‍ത്തതും പഞ്ഞന് ഉളി അണക്കാന്‍ വെള്ളാരം കല്ല് കലക്ട് ചെയ്ത് കൊടുക്കണതും ഒക്കെ ഇന്നലത്തെ പോലെ മനസ്സിലുദിച്ചു വരുന്നു. ഇത്തിരി ശുണ്ഠിക്കാരനും കൂടെ ആയിരുന്നു പഞ്ഞന്‍. അത് പിന്നെ ഈ ആശാരി വര്‍ഗ്ഗത്തിന്റെ കൂടെപ്പിറപ്പാണല്ലോ. ചായയിലെ മധുരം കുറഞ്ഞതിനും ചെറുപയറു കറിയിലെ കല്ലുകടിക്കും ഒക്കെ പഞ്ഞന്‍ ചൂടാകുമായിരുന്നു. എന്നാലും എന്നോട് എന്തോ ഒരു ഇഷ്ടമായിരുന്നു സഖാവിന്. ആശാരിമാരുടെ തുടക്കവും ഒടുക്കവും കയിലു കുത്തിക്കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്. പഞ്ഞന്‍ തുടങ്ങിയത് എങ്ങിനെയാണെന്നറിയില്ല. അത് നേരിട്ട് ചോദിക്കാനുള്ള ധൈര്യവും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പ്….പഞ്ഞനീപ്പണി അവസാനിപ്പിച്ചത് കയിലു കുത്തിത്തന്നെയാണ്. എന്റെ വീട്ടീലെ കയിലാട്ടയില്‍ (തവി സ്ററാന്റിന് പറഞ്ഞിരുന്ന പോരാണത്, ഇന്ന് അത് അടുക്കളയില്‍ നിന്നും വംശനാശം സംഭവിച്ചവയുടെ കൂട്ടത്തില്‍പ്പെട്ടല്ലോ) ഭൂരിപക്ഷവും പഞ്ഞന്‍ കുത്തിയ കയിലുകള്‍ തന്നെയായിരുന്നു.

ഓ..സ്ത്രീ ശാക്തീകരണക്കാര്‍ ഇപ്പോ തന്നെ കെറുവിച്ചിട്ടുണ്ടാകും എന്നോട്…..കുട്ടിപ്പെണ്ണിനെക്കൊണ്ടു വന്ന് വഴിയില്‍ കളഞ്ഞതിന്. കുട്ടിപ്പെണ്ണിനെപ്പററി പറഞ്ഞാല്‍ എന്ത പറയ്യാ. ഒരു സംഭവം തന്നെ ആയിരുന്നു. മനോഹരമായി പാട്ടു പാടുന്ന കുട്ടിപ്പെണ്ണ് മൊഞ്ചുള്ള പായകള്‍ നെയ്യുമായിരുന്നു. നല്ല കൈതോല കൊണ്ട് നെയ്തെടുത്ത പായകള്‍. ജോയിന്റുകളൊന്നും പെട്ടെന്ന് കാണാനെ കഴിയില്ല. പായ കൂടാതെ ഓല കൊണ്ടുള്ള വട്ടികളും പൂക്കൂടകളും ഒക്കെ കുട്ടിപ്പെണ്ണ് മെടയുമായിരുന്നു. കുട്ടിപ്പെണ്ണൊരു മുത്തശ്ശി ആയപ്പം മുതലുള്ളതേ നമ്മക്ക് പിടിച്ചെടുക്കാന്‍ കഴിയണുള്ളൂ……അവിടുന്നും ബേക്കോട്ട് നിങ്ങളാരെങ്കിലും പറയണം. കുട്ടിപ്പെണ്ണിന്റേയും ശുണ്ഠി അന്ന് വേള്‍ഡ് ഫെയിമസ് ആയിരുന്നു. കോപം വന്ന് തലയില്‍ കേറിയാല്‍ പണി പാതി വഴിയില്‍ ഉപേക്ഷിച്ചങ്ങ് പോകും ഉണ്ണിയാര്‍ച്ച കുട്ടിപ്പെണ്ണ്. പിന്നെ കിട്ടണങ്കില്‍ വലിയ പാടാ.

പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ യുണീക് ആയിരുന്നു. അമേരിക്കയിലെ പഴയ അത്ലററ് കാള്‍ ലൂയിസിന്റെ ഹെയര്‍ സ്റൈറല്‍. അല്ല പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ ആണ് കാള്‍ ലൂയിസിന്റേത്. നാട്ടിലെ ഏത് ബാര്‍ബര്‍ ആയിരുന്നു പഞ്ഞന്റെ മുടി കൈകാര്യം ചെയ്തിരുന്നത് എന്നെനിക്കോര്‍മ്മയില്ല. അന്നല്ലെങ്കിലും ഒസ്സാന്‍മാരായി കോയാമാക്കയും കളത്തിലെ മുഹമ്മദ് കാക്കയും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചുള്ളിക്കാപറമ്പില്‍ അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയും തേനേങ്ങാപറമ്പിലെ മമ്മദാക്കയും ഉണ്ടായിരുന്നു. കോയാമാക്കയുടെ നാടന്‍ തമാശകള്‍ പറഞ്ഞു കൊണ്ട് ഒരു ബെഞ്ചിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നുള്ള മുടിവെട്ട് എനിക്ക് നല്ലിഷ്ടായിരുന്നു. ഞാനടക്കം എന്റെ വീട്ടിലെ മൂന്ന് ആണ്‍കുട്ടികളുടേയും മുടി വെട്ടുന്നത് അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയുടെ മകന്‍ അബു കാക്കയായിരുന്നു. ഉമ്മ ഒരു രൂപയാണ് മൂന്ന് പേരുടെ മുടി വെട്ടാന്‍ തരുന്നത്. മുടി വെട്ടിക്കഴിഞ്ഞ് ഒരു രൂപ കൊടുത്താല്‍ മൂന്ന് പേര്‍ക്കും കൂടി കടല മുട്ടായിയും ബുള്‍ ബുളും കോട്ടി മുട്ടായിയും ഒക്കെ വാങ്ങാന്‍ 10 പൈസ അബു കാക്ക മടക്കിത്തരുമായിരുന്നു. ഇന്നത്തെപ്പോലെ ഹൈ ഫൈ സലൂണുകളും തിരിയുന്ന കസേരയും ഒന്നും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മോഡേണ്‍ ഹെയര്‍ സ്റൈറല്‍ പഞ്ഞനടക്കം പലര്‍ക്കും അന്നുണ്ടായിരുന്നു.

അന്ന് ബാര്‍ബര്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ട ക്രൂര വിനോദമായിരുന്നല്ലോ സുന്നത്ത് കല്യാണം. നമ്മുടെയൊക്കെ പേടി സ്വപ്നമായിരുന്നു അത്. വമ്പിച്ച ഒരു കല്യാണം തന്നെയായിരുന്നു എന്റേയും അനിയന്‍മാരുടേയും സുന്നത്ത് കല്യാണം. രാത്രി ഏഴ് മണിയോടുപ്പിച്ച് പൊക്കന്‍ മൊയ്തീന്‍ കാക്ക പിടിച്ച് മടിയിലിരുത്തി കണ്ണും പൊത്തിയ ശേഷം ഒസ്സാന്‍ കോയാമാക്ക ഒരൊററ കട്ട്…...അതോടെയാണ് ശ്വാസം വീണത്. കോയാമാക്കക്ക് സഹായിയായി നമ്മടെ കൊടിയത്തൂര്‍ മാക്കലെ ഒസ്സാന്‍ മുഹമ്മദ് കാക്കയും. ഓര്‍മ്മയില്ലെ അദ്ദേഹത്തെ...ഒരു ബാര്‍ബര്‍ ആയല്ല നമ്മളൊന്നും അദ്ദേഹത്തെ കാര്യമായി ഓര്‍ക്കുന്നത്. നീണ്ട വെളുത്ത ജുബ്ബയുമിട്ട് സമീപ പ്രദേശങ്ങളിലെയെല്ലാം സെവന്‍സ് ഫുട്ബോള്‍ ഗ്രൌണ്ടുകളില്‍ കാല്‍പ്പന്തു കളിയുടെ വലിയെരാരാധകനായി മുഹമ്മദ് കാക്കയുണ്ടാകുമായിരുന്നു. മറക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ ആഹ്ളാദാരവങ്ങളും ഗ്രൌണ്ടിലേക്കുള്ള ചാട്ടവുമൊന്നും. ചെറുവാടിയുടെ ഹൃദയമിടിപ്പുകള്‍ ഏററു വാങ്ങിയ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിന്റെ ഗാര്‍ഡിയന്‍ എന്നു പറയാവുന്ന വ്യക്തിയായിരുന്നു പൊക്കന്‍ മൊയ്തീനാക്ക. പള്ളിയിലേക്ക് വരുന്ന കുട്ടികള്‍ക്കൊക്കെ പേടിയായിരുന്നു അദ്ദേഹത്തെ. ഒരിക്കലും കുപ്പായമിടാത്ത കറുത്ത് കൃശഗാത്രനായ മൊയ്തീനാക്ക നമ്മള്‍ പള്ളിയിലേക്ക് വരുമ്പോള്‍ മിക്കവാറും വെള്ളം കോരുകയായിരിക്കും. പാവം വെള്ളിയാഴ്ചയൊക്കെ വെള്ളം കോരിക്കോരി മടുക്കും. അപ്പോഴാണ് കുട്ടികള്‍ വെള്ളം കോരിക്കളിക്കുന്നത് കാണുക. ഉടനെ അദ്ദേഹം കോപം കൊണ്ട് വിറക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ ഒററ നോട്ടം മതി കുട്ടികള്‍ കരിഞ്ഞു പോകാന്‍. പിന്നെ പള്ളിക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞങ്ങളൊക്കെ നിരവധി തവണ അദ്ദേഹത്തിന്റെ അരിശത്തിന് പാത്രമായിട്ടുണ്ട്. സോപ്പ് തേച്ച് പള്ളിക്കുളത്തില്‍ മുങ്ങുന്നവരും. മീന്‍ പിടുത്തം അദ്ദേഹത്തിന്റെ ഒരു വലിയ ഹോബിയായിരുന്നു. പള്ളിയിലെ ഹയളില്‍ വലിയ ഒരു കൂട്ടം മഞ്ഞളേട്ട മീനുകളെ കണ്ട കാലം ഓര്‍ക്കുന്നുണ്ടോ. എത്രയോ കാലം മൊയ്തീനാക്ക അരുമകളെപ്പോലെ വളര്‍ത്തിയതായിരുന്നു അവ. രാത്രി വയലുകളില്‍ കൂടു വെച്ചും ചെറിയ വല പിടിച്ചും പുഴയിലും നടക്കലെ തോട്ടിലുമെല്ലാം വല വീശിയും ഒഴിവു സമയങ്ങളെല്ലാം മീന്‍ പിടുത്തമായിരുന്നു മൊയ്തീനാക്കയുടെ പരിപാടി. വീശുവലയുമായി നാം അന്നൊക്കെ സ്ഥിരം പാടവരമ്പത്ത് കാണാറള്ളവരെല്ലാം ഇന്ന് യവനികക്കുള്ളില്‍ മറഞ്ഞു. ചക്കുംപുറായില്‍ അബു കാക്ക, പൊക്കന്‍ മൊയ്തീനാക്ക, നല്ലുവീട്ടില്‍ മൊയ്തീനാജി, കളത്തില്‍ പോലീസ് ചന്തുവേട്ടന്‍ എല്ലാരും പോയി. ചക്കിട്ടു കണ്ടീയില്‍ ആലിക്കുട്ടി കാക്ക മാത്രം ബാക്കിയുണ്ട്.

എനി വേഎലീവ് ഇററ്….. നമുക്ക് പഞ്ഞനിലേക്ക് തന്നെ വരാം. പഞ്ഞന്റെ ഹെയര്‍ സ്റൈറലും കുട്ടിപ്പെണ്ണിന്റെ പൊട്ടിച്ചിരിയുമൊന്നും അത്ര പെട്ടെന്ന് മറക്കാവതല്ല. എന്റെ ഭാര്യക്കും മക്കള്‍ക്കുമൊക്കെ കിട്ടിയ ചിത്രം വരക്കാനുള്ള കഴിവ് എനിക്കു കൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ രണ്ട് സംഭവങ്ങളേയും ക്യാന്‍വാസില്‍ വരച്ചിട്ടേനെ. ലൈവായി മനസ്സിലുണ്ടെങ്കിലും നിങ്ങളെ കാണിക്കാന്‍ കഴിയുന്നില്ലല്ലോ. നിസ്സഹായന്‍ ഞാന്‍. പഞ്ഞന്റെ ഉളിപ്പിടി ഫെയിമസ് ആണ്. ചീകിയൊതുക്കാത്ത മുടിയുള്ള മക്കളുടെ തലമുടിയെ വാളം (ആശാരിമാരുടെ സ്വന്തം ഹാമര്‍) കൊണ്ട് അടിച്ചടിച്ച് പരന്നു കിടക്കുന്ന പഞ്ഞന്റെ ഉളിപ്പിടിയോട് ഇപ്പോഴും ഉപമിക്കാറുണ്ട്. പഞ്ഞന്റെ മക്കളാണ് ആശാരി അറുമുഖനും പ്രാകുന്നത്ത് ചിന്നനും. പിന്നെ ആരോ ഉണ്ടോ എന്നെനിക്കോര്‍മയില്ല. അച്ഛനെപ്പോലെ തോണിപ്പണിക്കൊക്കെ പോയിരുന്ന ചിന്നന്‍ നാട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ ഒരു ദിവസം അപ്രത്യക്ഷനായതാണ്. പിന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷേ കഴിഞ്ഞ ദിവസം ആരോ പറഞ്ഞു ചിന്നന്‍ ആശാരി വേറെ ഒരു പെണ്ണൊക്കെ കെട്ടി സുകുടുംബം സന്തോഷത്തോടെ കാവനൂര്‍ കഴിയുന്നുണ്ടെന്ന്. അറുമുഖന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട, വേണ്ടപ്പെട്ട ആശാരിയായി അങ്ങിനെ കഴിയുന്നു. ഇപ്പോള്‍ പണിക്കു പോകുന്നുണ്ടോ എന്നെനിക്കറിയില്ല. ചിന്നന്റെ മകന്‍ വാസു നാട്ടിലെ അറിയപ്പെടുന്ന ഒരാശാരിയായിരുന്നു. പക്ഷേ ഇപ്പോ അതെല്ലാം നിര്‍ത്തി മണല്‍ വാരല്‍ മുദീര്‍ ആണ്. നാട്ടില്‍ പോകുമ്പോ അവനെ മണല്‍ തോണിയുടെ കൊമ്പത്ത് കണ്ടപ്പോഴാണ് പ്രൊഫഷന്‍ ചെയ്ഞ്ച് ചെയ്തതറിഞ്ഞത്. എന്തായാലും നാട്ടിലെ പുതിയ ട്രെന്റ് ആണല്ലോ നടക്കട്ടെ. കുട്ടനാട്ടെ ആശാരി കുടുംബവും നാട്ടില്‍ ഏറെ അറിയപ്പെടുന്നവരയിരുന്നു. തോണിപ്പണിയില്‍ ഫെയിമസായ ഉണ്യാമനും ചന്തുവും പിന്നെ ഉണിക്കോരനും ഒക്കെ. അവരുടെ ഇളം തലമുറയായ വാസുവും അങ്ങാടിയിലെ ഫര്‍ണീച്ചര്‍ ഷോപ്പിലുള്ള അപ്പുണ്ണിയുമൊക്കെ ഇപ്പോഴും തന്റെ കുലത്തൊഴിലില്‍ തന്നെയാണ് ചെയ്യുന്നത്.

വിശേഷ ദിവസങ്ങളില്‍ കയിലും കുത്തി വീടുകളിലെത്തിയിരുന്ന അന്നത്തെ ആശാരിമാരും തേങ്ങയിടാനെന്ന പേരില്‍ വരുന്ന തെങ്ങുകയററക്കാരും ഒന്നും ഇപ്പോഴില്ല. അവരെയൊന്നും അവരുടെ തൊഴിലുകള്‍ക്ക് തന്നെ ഇപ്പോള്‍ കിട്ടാനില്ല. പിന്നെയാണോ വിശഷ ദിവസങ്ങളില്‍……..നല്ല ശേലായി. ഗോ ഫോര്‍ ദ അദര്‍ ഓപ്ഷന്‍. ലാല്‍സലാം…

5 comments:

  1. mmmmm..... usharayittundu...!!! "മഹാഗണിയുടെ കഷ്ണങ്ങളും പഞ്ഞിയും വെച്ച് ഓട്ടയടച്ച് വെളക്കെണ്ണ കൊടുത്ത് മിനുക്കണ കാലമൊക്കെ പോയില്ലേ...ഇപ്പോ ഇരുട്ടു കൊണ്ടല്ലേ മക്കളുടെ ഓട്ടയടപ്പ്." ithu njagalkittu onnu vechathalle.... enthayalum ezhuthiya shyli ishtayito....

    ReplyDelete
  2. Shakebaka, the large and very nice river bank of cheruvadi river with full of ornamental stones, boat repairing sheds, the busiest oyster(shell/erunthu) trading and all are very nostalgic.......... Keep on updating....

    ReplyDelete