Tuesday, July 26, 2011

മീസാന്‍ കല്ലുകളെ പ്രണയിക്കുന്ന തലമുറ
എന്റെ പിതാവ് താമസിക്കുന്നയിടം എന്ന നിലയില്‍ മാത്രമാണ് എനിക്കീ ഗ്രാമത്തോട് കടപ്പാടും സ്നേഹവും എന്ന് തോന്നിയതായിരുന്നു കഴിഞ്ഞ തവണയിലെ എന്റെ അവധിക്കാലം. മക്കളേയും ഭാര്യയേയും റിയാദിലാക്കി ഒരാഴ്ചത്തേക്ക് നാട്ടില്‍ പോയ സമയം. എന്റെ പ്രിയപ്പെട്ട വായിച്ചി മരിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രമായിട്ടുണ്ടായിരുന്നുള്ളു. നാട്ടിലെവിടേയും അനാഥത്വം. വായിച്ചിയില്ലെങ്കില്‍ ഞാനീ നാട്ടില്‍ ഒന്നുമല്ലെന്നും അദ്ദേഹത്തിന്റെ ഒരു ബലത്തിലായിരുന്നു എന്റെ അസ്ഥിത്വമെന്നും എവിടേയും ഓര്‍മ്മപ്പെടുത്തലുകള്‍. പിറേറ ദിവസം തന്നെ വെള്ളിയാഴ്ചയാണ്. നാട്ടില്‍ ജുമുഅക്ക് പങ്കെടുക്കലും നാട്ടുകാരുമായി ഓര്‍മ്മ പുതുക്കലും മാത്രമായിരുന്നില്ല, അതിലപ്പുറം പിതാവിന്റെ ഖബറിടത്തിലെത്തി മനസ്സിന്റെ ഭാരം പങ്കു വെക്കലായിരുന്നു പ്രധാന താല്‍പ്പര്യം. സലാം വീട്ടി ദുആയും ദിഖ്റും കഴിഞ്ഞ ഉടനെ ഒരു മൌലവിയുടെ സഹായാഭ്യര്‍ത്ഥന. കൂടെ മണി കിലുക്കി ബക്കററ് നിമിഷം കൊണ്ട് മുന്നിലൂടെ കടന്നു പോയി. ഈ മണി കിലുക്കി ബക്കററിന്റെ പ്രദക്ഷിണ ദാക്ഷിണ്യം കൂടാതെ തന്നെ പണ്ടും പള്ളിപ്പരിപാടികള്‍ അഭംഗുരം നടന്നു പോയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇതവിടെ മുഴച്ചു നില്‍ക്കുന്നു. എന്തെങ്കിലുമാവട്ടെ. പള്ളിക്ക് പണ്ട് കരന്റ് ബില്ലും, ടെലഫോണ്‍ ബില്ലും, മുസ്ല്യാക്കന്‍മാര്‍ക്ക് മൊബൈല്‍ റീ ചാര്‍ജ് കൂപ്പണും ഹീറോ ഹോണ്ടയും പെട്രോളും ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മണി കിലുക്കി ബക്കററും അവശ്യമെന്നു തോന്നി.

വായിച്ചിയുടെ സാമീപ്യം തേടി ഓടിച്ചെന്നപ്പോള്‍ പള്ളിപ്പറമ്പ് നിറയെ ആള്‍കൂട്ടം. എന്താ പണ്ടൊന്നുമില്ലാത്ത വിധം ഇങ്ങിനെ എന്നായി എനിക്ക്. നോക്കിയപ്പോള്‍ ഖബറില്‍ കിടക്കുന്നവരുടേയൊക്കെ ബന്ധുക്കളാണ്. എന്നെപ്പോലെ തന്നെ മനസ്സമാധാനം തേടി വന്നവര്‍. പലരുടേയും മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. പലരും കുററബോധം കൊണ്ടു തലകുനിച്ചവര്‍. ചിലരെല്ലാം പുതുപ്പണത്തിന്റെ കൊഴുപ്പ് കാണിക്കാന്‍ വന്നവര്‍. വില കൂടിയ മുസ്ല്യാക്കന്‍മാരെ വിളിച്ച് ദുആ സ്പോണ്‍സര്‍ ചെയ്യിക്കുന്നവര്‍ ചിലര്‍, മററ് ചിലര്‍ കുടുംബത്തിലെ അംഗബലം കാണിക്കാന്‍ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്നു. എന്തായാലും മുന്‍പൊന്നുമില്ലാത്ത വിധം പള്ളിപ്പറമ്പ് ശ്മശാനമൂകമല്ല....സജീവമാണ്. പണ്ടൊരിക്കല്‍ വെല്ലിമ്മയുടെ ആണ്ടിന് ഖബറിടം സന്ദര്‍ശിക്കാന്‍ ചെന്നപ്പോ കുഞ്ഞായമ്മദ് മൊല്ലാക്ക ഖബറിടം കാണിച്ചു തരാന്‍ പെട്ട പാട് ഞാനോര്‍ത്തു പോയി. കുറേ തപ്പിപ്പിടിച്ച് മൊല്ലാക്ക അത് കണ്ടെത്തി. ഇന്ന് ആരുടേയും ആശ്രയം വേണ്ട. ഹൈ ഫൈ മീസാന്‍ കല്ലുകള്‍ ഓരോ ഖബറിനും മുകളില്‍. എന്റെ വായിച്ചിയുടേയും പേരും മരണത്തീയ്യതിയും കൊത്തിയ മീസാന്‍ കല്ലുണ്ട്. ഉപകാരം തന്നെ.

വായിച്ചിയുടെ കൂടെ അല്‍പ്പനേരം ചിലവിട്ട് ഞാന്‍ റോട്ടിലേക്കിറങ്ങി. കുററബോധം എന്റെ തലയിലൂടേയും അരിച്ചിറങ്ങി. ക്ഷമിക്കണം എന്റെ പിതാവേ....അങ്ങ് ജീവിച്ചിരിക്കുമ്പോ ഒരു അന്‍പത് ശതമാനമെങ്കിലും ആ മഹത്വം ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് റിയാക്ട് ചെയ്യാനും എനിക്കു പോലും കഴിയാതെ പോയല്ലോ. കയ്യിലുള്ള സൌഭാഗ്യമൊന്നും ശാശ്വതമല്ലെന്നും ഇന്നോ നാളെയോ അതെല്ലാം നഷ്ടമാകുമെന്നും ഞാനാദ്യമായി തിരിച്ചറിഞ്ഞത് എന്റെ പിതാവിന്റെ മരണസമയത്താണ്. അതു വരെ എനിക്കിവരെയൊന്നും നഷ്ടമാകില്ല എന്ന ഒരു സ്വകാര്യ അഹങ്കാരം എനിക്കുണ്ടായിരുന്നു എന്നത് സത്യം.

ഗ്രാഫില്‍ ഏററക്കുറച്ചിലുണ്ടാകാമെങ്കിലും ആ പള്ളിപ്പറമ്പില്‍ ഒത്തുകൂടിയവരില്‍ ഏറിയ പങ്കും മരണശേഷം തന്റെ ബന്ധുവിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. ഇനിയും മരിക്കാത്തവരായി, നമ്മുടെ ഒരു നുള്ളു സ്നേഹത്തിന് ദാഹിക്കുന്നവരായി നമ്മുടെ വീട്ടില്‍ അല്ലെങ്കില്‍ നമ്മുടെ ചുററുപാടും ഇനിയും ഒട്ടേറെ മനുഷ്യജീവനുകള്‍ അവശേഷിക്കുന്നു. സ്നേഹത്തിന്റെ കരലാളനം അവരുമായും പങ്കു വെക്കാം. അവരുടെ പേരും മീസാന്‍ കല്ലില്‍ പതിക്കുന്നതു വരെ കാത്തിരിക്കാതിരിക്കുക. അവര്‍ക്കായി സ്നേഹ പൂങ്കാവനം തീര്‍ക്കാന്‍ നമുക്കായില്ലെങ്കിലും അവരെ വെറുക്കാതിരിക്കാന്‍ നാം ശീലിക്കുക. സ്ററാററസ് സിംബലായി മീസാന്‍ കല്ലുകളെ മാത്രം പ്രണയിക്കുന്ന ശിലാ ഹൃദയമുള്ളവരായി പുതുതലമുറ മാറാതിരിക്കാന്‍ കുടുംബ ബന്ധങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് നാം സ്വയം തയ്യാറെടുക്കുക.Thursday, January 20, 2011

ചെല്ലപ്പേരിന്റെ ചെറുവാടി

നാട്ടുകാര്‍ക്കെല്ലാം വിളിപ്പേര് ചാര്‍ത്തിക്കൊടുക്കുന്നതില്‍ ഒരു ലുബ്ധും കാണിക്കാത്ത നാടാണ് ചെറുവാടി. അര്‍ഹമായും അനര്‍ഹമായും നാട്ടുകാരില്‍ പലര്‍ക്കും ഇഷ്ടവും അനിഷ്ടവും നോക്കാതെ വിളിപ്പേര് കിട്ടിയപ്പോള്‍ മായ്ച്ചു കളയാന്‍ പററാത്ത വിധത്തില്‍ അത് പതിഞ്ഞു കഴിയുന്നതും ചരിത്രം.

ഈ ഗ്രാമത്തിന്റെ വളര്‍ച്ചയിലും വികാസത്തിലുമൊക്കെ തന്റേതായ മുദ്ര പതിപ്പിച്ച് കടന്നു പോയ പലര്‍ക്കുമുണ്ടായിരുന്നു ഒരു ചെല്ലപ്പേര്. മിക്കവരും അത് സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ചിലരെയെല്ലാം അത് മുഷിപ്പിച്ചിരുന്നു എന്നതും നമ്മള്‍ കണ്ടറിഞ്ഞതാണ്.

ആരില്‍ തുടങ്ങണമെന്നറിയില്ല. നിങ്ങളോടെല്ലാം വലുപ്പച്ചെറുപ്പമില്ലാതെ ഇടപഴകിയിരുന്ന എന്റെ പ്രിയപ്പെട്ട ബാപ്പ എളാപ്പയായിരുന്നല്ലോ നാട്ടുകാര്‍ക്കെല്ലാം. കൊളക്കാടന്‍ കുടുംബത്തിലെ തല മുതിര്‍ന്ന ഒരു കാരണവരായിരുന്ന ബാപ്പ കുടുംബത്തില്‍ പലര്‍ക്കും എളാപ്പയായിരുന്നു. അതു തന്നെ ക്രമേണ മോയിന്‍ ബാപ്പുവും ബംഗാളത്ത് കുഞ്ഞ്യാക്കയും പിന്നെ ബാപ്പയുടെ നായാട്ടു സംഘത്തില്‍ പെട്ടവരും ഒക്കെ വിളിക്കാന്‍ തുടങ്ങിയപ്പോ നാട്ടുകാരുടെ മുഴുവന്‍ എളാപ്പയായി മാറാന്‍ അധികം സമയമൊന്നും വേണ്ടിയിരുന്നില്ല. ബാപ്പയും അത് ആസ്വദിച്ചിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

കൊളക്കാടന്‍ കുടുംബത്തില്‍ ഒരു ബ്രദര്‍ ഉണ്ടായിരുന്നു. സഹോദരിമാരും സഹോദരന്‍മാരും ബ്രദര്‍ എന്ന് സംബോധന ചെയ്തിരുന്ന കൊളക്കാടന്‍ അബു സാഹിബിനെ മിക്ക ബന്ധുക്കളും ബ്രദര്‍ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ബ്രദര്‍ എന്നത് നാടന്‍വല്‍ക്കരിച്ച് ബര്‍ദര്‍ എന്നായിരുന്നു ഏറെ വിളിക്കപ്പെട്ടത്. അബു സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്ന കൊണ്ടോട്ടി എളാപ്പ എന്ന് ഞങ്ങളെല്ലാം വിളിച്ചിരുന്ന ഉസ്സന്‍ കൊളക്കാടനും മററ് അടുത്ത സുഹൃത്തക്കളുമെല്ലാം ബ്രദര്‍ എന്ന് തന്നെയായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. ആംഗലേയത്തിലെ ബ്രദര്‍ എന്ന് സഹോദരനെ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിളിച്ചിരുന്നു എന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

തടായി എന്നു പറഞ്ഞാല്‍ അന്ന് എല്ലാര്‍ക്കും മോയിനാക്കയായിരുന്നു. തടായില്‍ മോയിനാക്ക തലന്താഴത്ത് പോയി താമസിച്ചപ്പോഴും വിളിപ്പേര് തടായി എന്നു തന്നെയായിരുന്നു. ചെറുവാടിയെ ഒരു കാലഘട്ടത്തില്‍ വിറപ്പിച്ച് നിര്‍ത്തിയിരുന്ന കുറേ വില്ലന്‍മാരില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരെന്ന് കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ള തടായിയെ അവസാന കാലത്ത് നമ്മള്‍ കണ്ടത് വേറെ ഒരു രീതിയിലായിരുന്നു. തന്റെ പഴയ കഥകളിലെ പല പേരുകളും വിളിപ്പേരാക്കി വിളിക്കുന്ന കുട്ടികളേയും അവര്‍ക്ക് പുറകേ കല്ലുമെടുത്തോടുന്ന മോയിനാക്കയുമാണ് ഇപ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍. രാമരുടെ പീടികയില്‍ നിന്നും അങ്ങിനെ ഒരു കുരുത്തംകെട്ട പയ്യന്‍ അദ്ദേഹത്തെ ഓവു ചാലിലേക്ക് തള്ളി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് അവസാനമായി കിടപ്പിലായത് എന്ന് തോന്നുന്നു.

കുളിര് കണ്ണന്‍കുട്ടിയെ ഓര്‍ക്കാത്തവരുണ്ടാകുമോ. ശൈത്യകാലത്തെന്ന പോലെ എപ്പോഴും രണ്ട് കൈയും തോളില്‍ കൊളുത്തിയിട്ട് നടന്നിരുന്നതിനാലും പണിയെടുക്കാന്‍ അല്‍പ്പം മടിയനായതിനാലുമായിരിക്കണം എല്ലാവരും കണ്ണന്‍കുട്ടിക്ക് കുളിര് എന്ന് പേരിട്ടത്. കന്നുപൂട്ടാനും കൈക്കോട്ട് പണിക്കും തെങ്ങില്‍ കയറാനും ഒക്കെ കണ്ണന്‍കുട്ടി ഉഷാറായിരുന്നു താനും. അതിലേറെ കുളിര് കണ്ണന്‍ കുട്ടി ഫെയ്മസ് ആയിരുന്നത് നായാട്ട് ടീമിലെ കണ്ടി തെളിക്കാരുടെ മുന്‍പില്‍ അരിവാള്‍ കത്തിയുമായി ആവേശത്തോടെ നടന്നിരുന്ന നായകനായാണ്. തെങ്ങില്‍ കയറുന്ന കണ്ണന്‍കുട്ടി പകുതി വഴിയില്‍ നിന്നും ഒരു ചുരുട്ടെടുത്ത് കത്തിച്ച് പാതി വലിച്ച് കെടുത്തി ചെവിയില്‍ തിരുകിയിട്ടാണ് കയററം തുടരുന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

ക്വിന്റല്‍ ചാക്കെടുക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അധികാരി മുഹമ്മദ് കാക്കയെ അറിയാമല്ലോ. അദ്ദേഹത്തിന് ഈ അധികാരിയായി അറിയപ്പെടാനുള്ള അധികാരം ആര് നല്‍കി എന്നറിയില്ല. ചുമടെടുപ്പ് നിര്‍ത്തി നല്ലൊരു കച്ചവടം അങ്ങാടിയില്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കടയും അറിയപ്പെട്ടത് അധികാരിന്റെ പീട്യ എന്നു തന്നെയാണ്. അങ്ങാടിയില്‍ ഒരു കോടതിയുണ്ട്. ഒരു വിധം പ്രശ്നങ്ങളൊക്കെ ചൂടു പിടിച്ച വാദ പ്രതിവാദങ്ങളിലൂടെ തീര്‍പ്പാക്കാതെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് തള്ളി വിടുന്ന ഈ കോടതിയില്‍ ജഡ്ജി മാത്രമുണ്ടായിരിക്കില്ല. അതു കൊണ്ട് തന്നെ വിധികളുമില്ല. വാദങ്ങളും പ്രതിവാദങ്ങളും മാത്രം. അവസാനം തൊണ്ടയിലെ വെള്ളം വററുമ്പോ താനേ നിര്‍ത്തി പോകും. ഗ്രാമത്തിന്റെ പ്രശ്നങ്ങള്‍ മാത്രമല്ല. അണുശക്തിയെക്കുറിച്ചും ഗാട്ട് കരാറിനെക്കുറിച്ചും ആഗോളവത്കരണത്തെക്കുറിച്ചും മോണിക്ക ലെവിന്‍സ്കിയെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങള്‍ തര്‍ക്കങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. മൊതലാളി ഉസ്സൈനാക്കയും പൂളക്കാരന്‍ മൊയ്തീന്‍ കുട്ട്യാക്കയും ഡ്രൈവര്‍ അയമുട്ട്യാക്കയും ഒക്കെ അങ്ങാടിയിലെ കച്ചവടക്കാരായിരുന്നല്ലോ. അതില്‍ മൊയ്തീന്‍ കുട്ട്യാക്ക ഈ അടുത്ത കാലത്താണ് നമ്മെ പിരിഞ്ഞു പോയത്. ഡ്രൈവിംഗ് അറിയാത്ത അയമുട്ട്യാക്ക ഡ്രൈവറായതും അത്ര വലിയ മുതലാളിയൊന്നുമായിരുന്നില്ലാത്ത ഉസ്സൈനാക്ക മൊതലാളി ആയതിന്റേയും രഹസ്യമൊന്നും അത്ര പിടിയില്ല. വൈക്കോലുണ്ട മുതല്‍ വലിയ തെങ്ങിന്‍ തോട്ടം വരെ എന്തും അന്വേഷിച്ചെത്തുന്നവര്‍ക്ക് കോയാക്കന്റെ അടുത്തു സാധനം റെഡിയാണ്. അങ്ങിനെയാണ് കുന്നത്ത് കോയാക്ക ഓ റെഡിയായത് എന്ന് പറയുന്നു. ആരേയും മുഷിപ്പിക്കാതെ സാധനം കാണിച്ച് കച്ചോടമാക്കി കൊടുക്കുന്ന കോയാക്കയുടെ പ്രൊഫഷന്‍ ചെയ്യുന്നവരുടെ കയ്യിലാണ് ഇന്ന് നാട്ടില്‍ പണമെല്ലാം. പണമുള്ളതു കൊണ്ട് അവര്‍ തന്നെ പ്രമാണിമാരും. ദല്ലാളന്‍മാരാണല്ലോ ഇന്ന് നാട്ടിലെ ഗതി നിയന്ത്രണം നടത്തുന്നത്. മൊതലാളിയേയും അധികാരിയേയും പോലെ നാട്ടിലൊരു പ്രമാണിയുമുണ്ട്. അദ്ദേഹം താമസിക്കാന്‍ ഗ്രാമം വിട്ടു പോയെങ്കിലും ചെറുവാടിക്കാരുടെ പ്രമാണി തന്നെയാണ് ഇപ്പോഴും. എന്തായാലും പറയങ്ങാട്ട് ബീരാന്‍ കുട്ടിയെ മൊതലാളി ബീരാന്‍ കുട്ടി എന്ന് വിളിക്കുന്നത് അല്‍പ്പം ക്രൂരതയാണെന്ന് പറയാതെ വയ്യ.

റേഷന്‍ ഷോപ്പില്‍ പോയി "പച്ചൈരി വെന്തീണോ" എന്ന് ചോദിച്ചതോണ്ട് മാത്രാണോ ഇട്ടി കൊററിക്ക് 'പച്ചൈരി' എന്ന് പേരു വീണതെന്നറിയില്ല. എന്തായാലും അവര്‍ക്കത് ഇഷ്ടല്ല. വിളിക്കുന്നവരുടെ തന്തക്ക് വിളിച്ച് കല്ലുമെടുത്തോടുന്ന ഇട്ടി കൊററി ഇപ്പോഴുമുണ്ടോ ആവോ. പഴമക്കാരില്‍ സ്വഭാവ ഗുണം കൊണ്ട് എല്ലാവരേയും ആകര്‍ഷിച്ചിരുന്ന ആരേയും വെറുപ്പിക്കാതെ ജീവിച്ചിരുന്ന പു ള്ളിച്ചേക്കു കാക്കക്ക് എങ്ങിനെ പുള്ളി വീണു എന്ന് ഒരു പിടുത്തവുമില്ല. അദ്ദേഹം കരി നുഖവും തോളിലേററി പുഞ്ചിരിക്കുന്ന മുഖവുമായി നടന്നകലുന്നത് മനസ്സില്‍ മായാതെ കിടക്കുന്നു.

ചെറുപ്പത്തില്‍ സ്കൂളില്‍ വെച്ച് ഒന്നാം ക്ളാസിലെ പാഠ പുസ്തത്തിലെ കലം എന്നെഴുതിയത് വായിക്കാന്‍ പറഞ്ഞപ്പോ ചിത്രം നോക്കി മണ്ടത്ത് എന്ന് പാറപ്പുറത്ത് അല്യാപ്പു വായിച്ചതിന് ശേഷമാണത്രെ അവന്‍ മണ്ടത്താലി ആയത്. എന്തായാലും ഗോട്ടി കളിയില്‍ അവനെ തോല്‍പ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ലാ എന്നത് സത്യം. അല്യാപ്പുവിന്റെ ബാപ്പയുടെ വെളുത്ത ജുബ്ബയും വെള്ളത്തുണിയും വെളുത്ത മുടിയുമൊക്കെയായുള്ള രൂപം മറന്നു പോയോ നിങ്ങള്‍? അദ്ദേഹം കെണീസ് കുഞ്ഞോക്കു കാക്ക എന്നാണറിയപ്പെട്ടിരുന്നത്. കെണീസ് എന്തെങ്കിലും ഒപ്പിച്ചിരുന്നോ എന്നതറിയില്ല.

ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒരു വിളിപ്പേരുണ്ട്. കൊട്ടുപ്പുറത്ത് കോയക്കുട്ടി ഒരിക്കലും ഷര്‍ട്ടിടാറുണ്ടായിരുന്നില്ല. പെണ്ണ് കെട്ടുമ്പോഴാണ് ആദ്യമായി ഒരു ഷര്‍ട്ട് അദ്ദേഹം അടിപ്പിച്ചത്. കെട്ടിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ആങ്ങള ആദ്യമായി അവധിക്കു വന്നപ്പോ അളിയന് ഒരു കടും മഞ്ഞ സില്‍ക്ക് ഷര്‍ട്ട് പീസ് കൊടുത്തു. സീറോ മമ്മദാക്ക അത് അടിപൊളിയാക്കി അടിച്ചും കൊടുത്തു. അതിട്ട് ആദ്യമായി വെള്ളിയാഴ്ച പള്ളിയില്‍ വന്ന കോയക്കുട്ടിക്ക് കുട്ടികള്‍ ചാര്‍ത്തിക്കൊടുത്ത ചെല്ലപ്പേര് എന്താണെന്നല്ലേ... ടാക്സിക്കോയ. നന്നായി കറുത്ത ശരീരമുള്ള കോയക്കുട്ടി കടും മഞ്ഞ നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടുമിട്ട് വന്നപ്പോ പിന്നെ ടാക്സിക്കോയ എന്നല്ലാതെ എന്ത് വിളിക്കും അല്ലേ...പോലീസല്ലാത്ത പോലീസും വിളഞ്ഞ മന്നിങ്ങയും വമ്പത്തരമൊന്നുമില്ലാത്ത വമ്പത്തിയും ചെറുവാടിക്കാരി തന്നെയായ മഞ്ചേരിച്ചിയും ആശാനും മൂപ്പനും കുപ്പ ചെകുത്താനും പെരച്ചനും സേട്ടുവും നെഹ്റുവും കിടാവും ആലുവായിയും ഒക്കെ ഓരോ ഘട്ടത്തില്‍ ചാര്‍ത്തിക്കിട്ടുന്ന വിളിപ്പേരുകളാണ്.

കുഞ്ഞന്‍ സി.പി.ഐ സ്വതന്ത്രനായി പഞ്ചായത്തിലേക്ക് കുരുവി അടയാളത്തില്‍ മത്സരിച്ചതിന് ശേഷം അദ്ദേഹം കുരുവിക്കുഞ്ഞനായി. എന്നെ എവിടെ കണ്ടാലും തോളില്‍ കയ്യിട്ട് കുശലാന്വേഷണം നടത്തുമായിരുന്ന കുന്നത്ത് മൊയ്തീന്‍ ഹാജി ഉണ്ട ഹാജി ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ അനുജന്‍ ഉണ്ട സെയ്തലവി കാക്കയുമാണ്. കാടന്‍ കുടുംബത്തില്‍ ഒരു പാട് ഹാജിമാരുണ്ടായിരുന്നെങ്കിലും കാടന്‍ ഹാജി എന്നത് ചെറുവാടിക്കാര്‍ക്ക് ഒന്നേയുള്ളു. അതു പോലെ ചെറുവാടിയില്‍ ഹാജിമാര്‍ നൂറു കണക്കിനുണ്ടെങ്കിലും ചെറുവാടി ഹാജി ഒന്നേയുള്ളു.

രസകരമായ ഒട്ടേറെ വിളിപ്പേരുകള്‍. നിര്‍ദ്ദോഷകരമായ തമാശകളില്‍ തുടങ്ങി ആക്ഷേപഹാസ്യത്തിലെത്തുന്ന പലതും. പലതും കേള്‍ക്കുമ്പോ ചിരിച്ചു മണ്ണ് കപ്പും. ഇവിടെ പറഞ്ഞതിന്റെ എത്രയോ ഇരട്ടി രസകരമായ വിളിപ്പേരുകളുണ്ട്. എഴുതി എഴുതി അങ്ങിനെ നീണ്ടു പോകും. ആളുകളുടെ ചെല്ലപ്പേരുകള്‍ മാത്രം വിളിക്കാന്‍ താല്‍പ്പര്യപ്പെട്ട ഒരാളായിരുന്നു കൊളക്കാടന്‍ അബ്ദുല്‍ ഹമീദ് ഹാജി. ആളുകളെ കരയിപ്പിക്കുകയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്ന ഈ വിളിപ്പേരുകളുടെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുന്നതും രസകരമായിരിക്കും. ഗതകാലത്തെ കുറേ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളിലേക്ക് നിങ്ങളെ കൈ പിടിച്ചു കൊണ്ടു പോകാന്‍ ഇതുപകരിച്ചെങ്കില്‍ രൊമ്പ സന്തോഷം.....

Thursday, December 30, 2010

ബസ്സ് വരുന്നേ ബസ്സ്……


അങ്ങാടിയിലേക്കിറങ്ങാന്‍ പൊതുവേ മടി കാണിക്കുന്ന കൂട്ടത്തിലായിരുന്നു ചെറുപ്പത്തില്‍ ഞാന്‍. എന്നെ കണ്ട് കണ്ട് മടുക്കുമ്പോഴാണോന്നറിയില്ല ഉമ്മ പറയും നിനക്കാ വായനശാലയിലെങ്കിലും ഒന്നും പോയി കുറച്ച് നേരം പത്രങ്ങളൊക്കെ വായിച്ചു വന്നു കൂടെ എന്ന്. ചെറുവാടിയില്‍ ഗ്രാമീണ ഗ്രന്ഥാലയവും ദേശാഭിമാനി സ്ററഡി സര്‍ക്കിള്‍ വായനശാലയും ഒക്കെ അന്ന് സജീവമായിരുന്നു. അങ്ങിനെ ഒരു നിര്‍ബ്ബന്ധത്തിന് വഴങ്ങി അങ്ങാടിയിലെത്തിയപ്പോഴാണ് അന്ന് നമ്മുടെ അങ്ങാടിയുടെ ലാന്‍ഡ് മാര്‍ക്കായിരുന്ന ഭീമാകാരനായ ചീനി മരത്തിന്റെ തഴെ വലിയൊരു ആള്‍ക്കൂട്ടം. അടുത്തു ചെന്ന് നോക്കിയപ്പോ കുട്ട്യാലി മാസ്ററര്‍ പ്രസംഗിക്കുന്നു. എപ്പോഴെങ്കിലും വളരെ ക്ളേശിച്ച് ഒരു ജീപ്പോ കടകളിലേക്ക് ചരക്ക് കൊണ്ടു വരുന്ന ലോറിയോ മാത്രം വാഹനമായി എത്താറുള്ള ചെറുവാടിയിലേക്ക് ബസ്സ് ഗാതാഗതം സാധ്യമാക്കാനുള്ള നാട്ടുകാരുടെ കൂട്ടായ ശ്രമത്തിന് തുടക്കമിടുകയാണ്. കുട്ട്യാലി മാസ്ററര്‍ അന്ന് പറഞ്ഞ ഒരു കാര്യം ഇന്നും എന്റെ ചെവിയില്‍ മുഴങ്ങി നില്‍ക്കുന്നു. നാം എപ്പോഴെങ്കിലും കോഴിക്കോട്ടങ്ങാടിയില്‍ പോകുമ്പോ ബസ്സ് കയറാനെത്തുന്ന പാളയം ബസ് സ്ററാന്റിലുള്ള ബസ്സുകള്‍ക്കിടയില്‍ ചെറുവാടി ബോര്‍ഡ് വെച്ച ഒരു ബസ്…..എത്ര അഭിമാനകരമായ ഒരു നേട്ടമായിരിക്കും നാം അതിലൂടെ കൈവരിക്കുന്നത്. അതിനായി മുഴുവന്‍ നാട്ടുകാരും ഒന്നിച്ച് നിന്ന് ശ്രമദാനത്തിലൂടെ റോഡ് നിര്‍മ്മിക്കണം. ചെറുവാടി മുതല്‍ എരഞ്ഞിമാവ് വരെ. കയററവും ഇറക്കവുമായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡ് അത് നന്നാക്കിയെടുക്കലാണ് ലക്ഷ്യം. റോഡ് ഗതാഗത യോഗ്യമാണെങ്കില്‍ ബസ് ഇടാമെന്ന് കുന്നമംഗലത്തെ ബസ് ഉടമസ്ഥന്‍ കെ.പി ചോയിയും മററും അറിയിച്ചിട്ടുണ്ട്. അവിടെ കൂടിയ മുഴുവനാളുകളും ശ്രമദാന കമ്മററിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിറേറ ദിവസം വൈകുന്നേരം മുതല്‍ റോഡ് പണിയും തുടങ്ങി. മഴവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയ അങ്ങാടിയിലും ചുള്ളിക്കാപറമ്പിലും പടിഞ്ഞാറേകണ്ടി ഇറക്കത്തിലുമൊക്കെ ധാരാളം പണികള്‍. വൈകുന്നേരം വരെ പാടത്തും പറമ്പിലും ഓഫീസുകളിലും ജോലി ചെയ്ത മുഴുവനാളുകളും കൈക്കോട്ടും പിക്കാസും ഒക്കെ എടുത്ത് റോഡിലേക്കിറങ്ങി. വിചാരിച്ചതിലേറെ പുരോഗതിയായിരുന്നു റോഡ് പണിക്ക്. രണ്ട് തട്ടിലായി ചെറുവാടി അങ്ങാടിയുടെ നടുവിലുള്ള റോഡ് വീതി കൂട്ടല്‍ അല്‍പ്പം ബുദ്ധിമുട്ട് പിടിച്ച പണിയായിരുന്നു. നാട്ടിലെ പ്രമുഖ മരംവെട്ടുകാര്‍ ചേര്‍ന്ന് രാത്രി അങ്ങാടിയുടെ അലങ്കാരമായിരുന്ന ചീനിമരം മുറിച്ചു മാററി. ശ്രമദാനത്തിലെ ഏക ഫൌള്‍ കളി അതായിരുന്നു. മുറിച്ചിട്ട ചീനിത്തടി കുറേ കാലം അവിടെ തന്നെ കിടന്നിരുന്നു. ഒരു ദിവസം അങ്ങാടിയുടെ അന്നത്തെ മൊതലാളി ആയിരുന്ന സി.പി മുഹമ്മദും കൂട്ടുകാരും ചേര്‍ന്ന് പ്രതിഷേധ സൂചകമായി അതുരുട്ടി താഴെ പാടത്തെത്തിച്ചതും മറെറാരു കഥ. ശ്രമദാനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു കട്ടന്‍ ചായയും കപ്പ പുഴുക്കും. അതും പലരുടേയും സംഭാവനയായിരുന്നു.

നാട്ടിലെ ലോഡിംഗ് തൊഴിലാളികളും കൂപ്പില്‍ പോകുന്നവരും ഒക്കെ ആയ കുറേ പേര്‍ റോഡ് പണിയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചിരുന്നു. ഇങ്ങിനെയൊരു സഹകരം എന്റെ കൊച്ചു ഗ്രാമത്തില്‍ പിന്നീടൊരു കാര്യത്തിലും ഞാന്‍ കണ്ടിട്ടില്ലട്ടോ. നാടോടുമ്പോ എന്റെ ചെറുവാടിയും നെടുകേയും കുറുകേയും ഓടുകയാവാം അല്ലേ.

നടക്കല്‍ തോടിന് കുറുകെ പണിത പാലമാണ് ചെറുവാടിയുടെ ഇന്നത്തെ എല്ലാ പുരോഗതിയുടേയും അടിസ്ഥാനം. അത് കരാറെടുത്തിരുന്നത് പാറപ്പുറത്ത് കോയക്കുട്ടി കാക്കയാണ്. ഇന്നുള്ള പാലത്തിന് മുന്‍പ് അവിടെ മരത്തടി കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ പാലമായിരുന്നു. തോട്ടില്‍ വെള്ളം വററിയാല്‍ പിന്നെ അക്കരെ നിര്‍ത്തിയിടാറുള്ള ജീപ്പും ലോറിയുമൊക്കെ പതുക്കെ വയലില്‍ ഇറങ്ങി ഇക്കരെ വരും. നടക്കല്‍ ഒരു മരത്തിന്റെ പാലവും അതിന്റെ ഒരു ഭാഗത്തു കൂടെ പാടത്തിറങ്ങി വരുന്ന ജീപ്പും ഒക്കെ ഒന്ന് ഓര്‍ത്തു നോക്കൂ….പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും പണിയും നല്ല രസമായിരുന്നു. കോയക്കുട്ടി കാക്കയുടെ ചവര്‍ലേററ് ലോറിയും (മുന്‍ ഭാഗത്ത് ലീവറിട്ടായിരുന്നു ഈ ലോറി സ്ററാര്‍ട്ട് ചെയ്തിരുന്നത്) അതിന്റെ കിളിയായിട്ട് പോയിരുന്ന തേനാങ്ങാപറമ്പില്‍ ഇബ്രാഹിം കാക്കയും പിന്നെ കൂളിമാട് നിന്നും മണ്ണ് കയററി വരുന്ന ലോറിയുടെ പുറകില്‍ ഒന്ന് കയറാനായി കൂടെ ഓടുന്ന ഞങ്ങള്‍ കുട്ടികളുടെ വെപ്രാളവും ഒക്കെ ഒരു ഫ്ളാഷ്ബാക്ക് ആയി മുന്നിലൂടെ മിന്നി വരുന്നു. ഇന്നത്തെ നമ്മുടെ അങ്ങാടിയുടെ ബഹളങ്ങള്‍ കാണുമ്പോ കാര്‍ബണ്‍ മോണോക്സൈഡ് ഈ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് കടത്തി വിടാതിരുന്ന ഓസോണ്‍ പാളിയായിരുന്നു നടക്കലെ ആ മരപ്പാലമെന്നും അതില്‍ ആദ്യ വിള്ളല്‍ വീഴ്ത്തിയത് കോയക്കുട്ടി കാക്കയുടെ പാലം പണിയായിരുന്നെന്നുമൊക്കെ തോന്നിപ്പോകും. എന്തെങ്കിലുമാകട്ടെ ഗ്രാമ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി നടക്കല്‍ പാലം മാറിയത് നാം അനുഭവിച്ചറിഞ്ഞു.

ശ്രമദാനത്തിലൂടെ ചെറുവാടി മുതല്‍ തേനേങ്ങാപറമ്പ്, പന്നിക്കോട് വഴി എരഞ്ഞിമാക്കല്‍ വരെ റോഡ് അത്യാവശ്യ ഗതാഗതത്തിനുള്ള സൌകര്യമൊരുക്കിയതും അതിലൂടെ ആദ്യമായി സി.ഡബ്ളിയു.എം.എസ് (കാലിക്കററ് വയനാട് മോട്ടോര്‍ സര്‍വ്വീസ്) കാരുടെ പച്ച നിറത്തിലുള്ള ബസ് ആടിയുലഞ്ഞ് കടന്നു വന്നതും രോമാഞ്ചമുണ്ടാക്കിയ കാഴ്ചകളായിരുന്നു. കുറച്ചു ദിവസമേ ആ സര്‍വ്വീസ് നല്ല നിലയില്‍ നടന്നുള്ളൂ. പിന്നെ കുറേ ദിവസം പന്നിക്കോട് വരെ ഓടി. മഴക്കാലം തുടങ്ങിയതോടെ അതും നിന്നു പോയി. പന്നിക്കോട്ടേക്ക് ഇ.എം.എസ് എടച്ചേരി മോട്ടോര്‍ സര്‍വ്വീസ് എന്ന പേരിലൊരു ബസ് കുന്നമംഗലത്തു നിന്നും സര്‍വ്വീസ് നടത്തിയിരുന്നു. അത് വന്നിരുന്ന വഴി അതിലെഴുതി വെച്ചത് പന്നിക്കോട്, മുക്കം ചീപ്പാംകുഴി വഴി എന്നായിരുന്നു. എവിടെയാണ് ചീപ്പാംകുഴി എന്നോ ആ സ്ഥലത്തിന് ഇന്ന് എന്ത് സംഭവിച്ചു എന്നോ എനിക്ക് ഇന്നും ഒരു പിടിയുമില്ല. പിന്നീട് കൊടിയത്തൂരിലേക്ക് നെല്ലിക്കാപറമ്പ് വഴി ഗിരിജ മോട്ടോര്‍ സര്‍വ്വീസ് വന്നു. കുറേശ്ശെയായി ചെറുവാടിയിലേക്കും കൊടിയത്തൂരിലേക്കും ബസ്സുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ബാക്കിയെല്ലാം വര്‍ത്തമാന ചരിതംഎനിങ്ങളത് കൂട്ടിച്ചേര്‍ക്കൂ. പെരിങ്ങളം, താജ് പിന്നെ പേരില്ലാത്ത മോനോന്റെ ബസ്സും നമ്മുടെ ഗ്രാമ പുരോഗതിക്ക് യന്ത്രത്തിന്റെ വേഗത നല്‍കി . പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടെ ബസ്സ് പാസ്സഞ്ചേര്‍സ് അസോസിയേഷന്‍ ഗ്രാമ കൂട്ടായ്മകളിലെ ഒരു വലിയ മാററമായിരുന്നു സത്യം…..

Tuesday, December 7, 2010

കാലുറുപ്പികക്ക് ഒരു വാരിയടി

കാലുറുപ്പിക തന്നെ അന്ന് വലിയൊരു എമൌണ്ടായിരുന്നു. പറയങ്ങാട്ടേയും കലങ്ങോട്ടേയും ഉത്സവപ്പറമ്പിലെ കുലുക്കി കുത്തില്‍ അടിക്കാവുന്ന വലിയ എമൌണ്ട്. നാലണയെന്നും പറയാം. നാലണന്റെ മത്തീന്ന് പറഞ്ഞാല്‍ ഒരു വലിയ കുടുംബത്തിന് തിന്ന് ആര്‍മാദിക്കാന്‍ മാത്രം ഉണ്ടാകുമായിരുന്നു. മത്തി (തെക്കന്‍ വായനക്കാരേ നിങ്ങള്‍ക്കറിയുന്ന ചാള തന്നെ ഈ സാധനം) ആണല്ലോ നമ്മുടെ ദേശീയ മത്സ്യം. വൈകുന്നേരം മത്തി വാങ്ങാത്ത വീടുകള്‍ കുറവായിരിക്കും. അഞ്ചു പൈസ മുതല്‍ തുടങ്ങും. മാക്സിമം നാലണക്ക്. വിരുന്നുകാര്‍ വന്നാല്‍ ചിലപ്പോ അത് എട്ടണ (അര ഉറുപ്പിക) വരെ പോകും. കണ്ടം മീനായിട്ട് കിട്ടണത് ഏറിപ്പോയാല്‍ തിരണ്ടിയോ ഏട്ടച്ചുള്ളിയോ ആണ്. ആരേയും പറഞ്ഞിട്ട് കാര്യമില്ല. അന്ന് അതേ അവിടെ ചെലവാകൂ. അതും വാങ്ങണതാരാ….കമ്പിനി പണിക്കാര്‍…..ഗ്വാളിയോര്‍ റയണ്‍സില്‍ നിന്നും ജനറല്‍ ഷിഫ്ററ് കഴിഞ്ഞു വരുന്നവര്‍ വാങ്ങിയാലായി. ബാക്കിയെല്ലാവര്‍ക്കും മത്തി തന്നെ എമ്പാടും മതി.

മീന്‍ കച്ചോടക്കാരിലെ അന്നത്തെ കുലപതി പെരുവയലുകാരനായ കാവുണ്ടത്തില്‍ മീനുമായി ക്യാററ് വാക്ക് നടത്തി വരുന്ന മീന്‍കാരന്‍ ആലിയാക്ക തന്നെ. പിന്നെ നമ്മുടെ നാട്ടുകാരന്‍ തന്നെ ആയ പോക്കാന്‍ മുഹമ്മദാക്ക ക്ഷമിക്കണം………അങ്ങിനെ പറഞ്ഞാലേ നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയൂ എന്നതോണ്ടാ……കാരയില്‍ പ. മുഹമ്മദ് എന്നാണ് അദ്ദേഹത്തിന്റെ ശാസ്ത്രനാമം. അതു കാണണമെങ്കില്‍ പഴയ രാമന്‍ കുട്ടി വൈദ്യരോ യു. ടി കാക്കയോ എഴുതി മടക്കി വെച്ച് ഇന്നാര്‍ക്കും വേണ്ടാത്ത ആ കുറിക്കല്യാണ ബുക്ക് തന്നെ പരതി നോക്കണം. പച്ചമീന്‍ കച്ചോടം ഇവരുടെ രണ്ടു പേരുടേയും കുത്തകയായിരുന്നെങ്കിലും നിരവധി മീന്‍ കൊട്ടകള്‍ ചുള്ളിക്കാപറമ്പിലും അങ്ങാടിയിലുമായി കാണാമായിരുന്നു. എല്ലാവരുടേയും പേരുകള്‍ മറന്നു പോയെങ്കിലും തേക്കിന്റെ ഇലയും മടക്കി പിടിച്ച് ഒന്നാ…ഒന്ന്..ഒന്ന്, രണ്ടാ…രണ്ട്..രണ്ട്...എന്ന് ഈണത്തില്‍ ചൊല്ലി അയിലയും മത്തിയും പലവകയും പെറുക്കിയിടുന്ന മീന്‍ കച്ചവടക്കാരുടെ എല്ലാം മുഖം വളരെ തെളിഞ്ഞ് കാണുന്നു. തടായില്‍ കോയാമാക്കയെ ഒരിക്കലും മറക്കാന്‍ പററില്ല. അടുത്ത കാലം വരെ നമ്മുടെ അങ്ങാടിയുടെ സ്പന്ദനങ്ങളില്‍ നിറഞ്ഞു നിന്ന കോയാമാക്ക കുറേക്കാലം സവാരിത്തോണിയിലും ജോലി ചെയ്തിട്ടുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും ചങ്ങാതിയായിരുന്ന കോയാമാക്ക അകാലത്തില്‍ നമ്മെ പിരിഞ്ഞു പോയി.

പഴംപറമ്പിലെ കാരയില്‍ ഫാമിലിയില്‍ നിന്നും കുറേപ്പേര്‍ മീന്‍ കച്ചവടക്കാരായുണ്ടായിരുന്നു. പഴംപറമ്പിലെ സഖാവ് കത്താലി കാക്കയും കുറേക്കാലം മീന്‍ കച്ചവടം ചെയ്തിരുന്നു. കാരയില്‍ കദിയാത്തയുടെ മറെറാരു മകനായ കോയക്കുട്ടി അടുത്ത കാലം വരെ എടവണ്ണപ്പാറയില്‍ നിന്നും തലച്ചുമടായി മീന്‍ കുട്ടയും തലയിലേന്തി കടവു കടന്ന് വരുന്നത് കണ്ടിട്ടുണ്ട്. ഇപ്പോ എന്തു ചെയ്യുന്നു എന്നറിയില്ല. എന്തായാലും ചെറുവാടിയിലെ മീന്‍ മാര്‍ക്കറെറന്നോ മീന്‍ ചാപ്പയെന്നോ ഒക്കെ വിളിക്കാവുന്ന പള്ളിപ്പീടിക വൈകുന്നേരങ്ങളില്‍ സജീവമാക്കിയിരുന്ന പലരും ഇന്ന് കാലയവനികക്കുള്ളിലാണ്. പുളിക്കല്‍ അലവി കാക്ക, പിന്നെ പോലീസ് എന്നു വിളിക്കുന്ന ഒരാള്‍ ഇവരൊക്കെ വിട പറഞ്ഞു പോയി. ഇവരുടെയെല്ലാം കൈകളില്‍ നിന്നും അഞ്ച് പൈസക്കും പത്ത് പൈസക്കും കുററിപ്പാളയില്‍ വരെ മീന്‍ വാങ്ങിയത് മറക്കാത്ത ഓര്‍മ്മകളാണ്. കാലുറിപ്പികക്കാണെങ്കില്‍ വാരിയടിയാണ്. എണ്ണാനൊന്നും നില്‍ക്കാറില്ല.

ചെറുവാടിയിലേയും ചുള്ളിക്കാപറമ്പിലേയും മത്സ്യ വിപണിയില്‍ വെറൈററികള്‍ അയക്കോറയുടേയും ആകോലിയുടേയും ഒക്കെ രൂപത്തില്‍ വന്ന് നിറഞ്ഞെങ്കിലും പഴയ ആ സജീവത കെട്ടു പോയിരിക്കുന്നു. അക്കരെ ആലുങ്ങലെ കീരനും ഇക്കരെ പൊററമ്മലെ അബ്ദുറഹ്മാനും ഗ്ളാൌസൊക്കെ ഇട്ട് മീന്‍ പെറുക്കി കീസിലിടുന്നത് കണ്ടപ്പോ പഴയ മീന്‍ മാര്‍ക്കററിലെ പ്രതാപ കാലം ഓര്‍ത്തു പോയതാണീ കുറിപ്പ്. പെരുവയലില്‍ നിന്നു വരുന്ന ആലിയാക്ക മീന്‍ കച്ചോടത്തിന്റെ പുറമെ മാങ്ങക്കാലമായാല്‍ ചെറുവാടിയിലേയും പരിസരങ്ങളിലേയും എല്ലാ മാവും വിളിച്ചെടുക്കും. അവരുടെ മാങ്ങ പറിക്കലും ഏറെ കൌതുകകരമായിരുന്നു. തോട്ടിയും മാലും കയറും ഉപയോഗിച്ച് മാങ്ങ പറിച്ച് കുട്ടകളില്‍ നിറച്ച് കൊണ്ടു പോകുന്നത് ആദ്യാവസാനം നോക്കിയിരിക്കുന്നത് ഞങ്ങളുടെയൊക്കെ ഹോബി മാത്രമായിരുന്നില്ല. തോട്ടിയുടെ അഗ്രത്തിലുള്ള കൊട്ടയില്‍ നിന്നും മാങ്ങ നിലത്തേക്ക് വീണാല്‍ പിന്നെ അവര്‍ എടുക്കില്ല. അത് ഞങ്ങള്‍ക്കുള്ളതായിരിക്കും. അത് പെറുക്കാനുള്ള മത്സരം കൂടിയായിരിക്കും അവിടെ. എവിടേയും അങ്ങിനെ റിസ്ക് എടുത്ത് പറിക്കേണ്ട മാവുകളില്ല. എല്ലാം മുറിച്ച് മാമ്പഴക്കാലത്തിന് ചിതയൊരുക്കി. നമ്മുടെ നല്ല കാലത്തിനും….

Thursday, October 28, 2010

കുരുവിക്കുഞ്ഞനും ബാന്റുമേളവും

നാട്ടാരേ എന്ന് നീട്ടിയൊരു വിളി.. മറുപടിയില്ല..പിന്നെ മൈക്കിലൂടെ നാട്ടാരേ…കൂയ്….എന്നൊരു ആര്‍പ്പായിരുന്നൂന്ന്. പറയുന്നത് ആരാ….. വിമത ലീഗിന്റെ നേതാവ് എം.എ അബ്ദുറഹ്മാന്‍ മാഷ്…..ആരെ പററിയാ പറയുന്നത്. മഠത്തില്‍ മുഹമ്മദ് ഹാജിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കുടിയിറക്കി ഭരണ ലീഗുകാര്‍ (ഔദ്യോഗിക ലീഗ്) സ്ഥാപിച്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ ബിനാമി ഭരണസമിതിയിലെ നോമിനേററഡ് പ്രസിഡണ്ട് നമ്മുടെ സാക്ഷാല്‍ ഇമ്പച്ചിവെള്ളനെപ്പററി. കൊളക്കാടന്‍ മമ്മദാക്കയുടെ നോമിനിയാണ് ഇമ്പിച്ചിവെള്ളന്‍ എന്നാണ് അന്ന് കേട്ടിരുന്നത്. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളില്‍ പഠിക്കുകയായിരുന്ന ഞാനും എന്റെ ക്ളാസ്മേററായിരുന്ന ഇന്നത്തെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ നാസറും സി.ടി ഗഫൂറും ഒക്കെ നടന്നു വരുമ്പോ കോട്ടമ്മലെ പഞ്ചായത്ത് കിണറിന്റെ സൈഡില്‍ പ്രസ്തുത പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം. ആ യോഗത്തിലാണ് നാട്ടാരേ കൂയ് എന്ന് ഇമ്പിച്ചിവെള്ളന്‍ പറഞ്ഞതായി മാഷ് തമാശ രൂപേണ പറഞ്ഞതെന്ന് മാഷുടെ കൂടെ സൌത്ത് കൊടിയത്തൂര്‍ യു.പി സ്കൂളില്‍ ടീച്ചറായിരുന്ന ഉമ്മ പറഞ്ഞു കേട്ടതാണ്. അന്നത്തെ സര്‍ക്കാര്‍ നോമിനേററഡ് ഭരണസമിതിയില്‍ ഉമ്മയും മെംബറായിരുന്നു. അത് അധിക കാലം നീണ്ടു നിന്നില്ല. ഇമ്പിച്ചിവെള്ളനെ മാററി ടി.ടി അഹമ്മദ് സാഹിബ് പ്രസിഡണ്ടായി. ടി.ടി കാക്ക ഞങ്ങള്‍ ചെറുവാടിയില്‍ നടത്തിയിരുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഒരു ഫുട്ബോള്‍ വാങ്ങാന്‍ 35 രൂപ പാസ്സാക്കി തന്നതും ഞാനും കുററിക്കാട്ടുമ്മലെ മജീദും അത് വാങ്ങാനായി നാലഞ്ചു തവണ പഞ്ചായത്ത് ഓഫീസിലും മൂപ്പരുടെ വീട്ടീലും ഒക്കെ കയറിയിറങ്ങിയതും ഓര്‍മ്മയുണ്ട്.

ചില സാധനങ്ങള്‍ക്ക് ചില പ്രത്യേക ബ്രാന്റുകളുണ്ടല്ലോ. ടൂത്ത്പേസററ് കോള്‍ഗേററും സിഗരററ് സിസ്സേഴ്സും ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും ഒക്കെ പോലെ പഞ്ചായത്ത് പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ അത് മഠത്തില്‍ മുഹമ്മദാജി തന്നെ ആയിരുന്നു. എത്ര കാലാ അതങ്ങനെ കഴിഞ്ഞത്. അദ്ദേഹത്തെ കണ്ടാല്‍ ഒരു പ്രസിഡണ്ടിന്റെ ലുക്കും ഉണ്ടായിരുന്നു. ഇന്ന് ചെറിയ ചെറിയ പയ്യന്‍മാരല്ലേ പ്രസിഡണ്ട്….പോരാത്തത് അധികവും മഹിളാ മണികളും.

ബാന്റും പന്തം കൊളുത്തി പ്രകടനവും ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനെന്ത് പൊലിമ. കുറേ വണ്ടികളും ഫ്ളക്സ് ബോര്‍ഡും ഒന്നും കാര്യമില്ല. പ്രചരണത്തിന്റെ അവസാന ദിവസം രാവിലെ രണ്ട് മുട്ടാണ് കോഴിക്കോട് നിന്നും വരുന്ന ബാന്റുകാര്. ഏതു പാര്‍ട്ടിക്കാണെന്ന് വെച്ചാല്‍ അവരുടെ യൂണിഫോമും ഇട്ട് ചുള്ളിക്കാപറമ്പില്‍ നിന്നേ തുടങ്ങും മുട്ട്. ഞങ്ങള്‍ കുട്ടികള്‍ ഏത് കോത്താഴത്താണേലും നിമിഷം കൊണ്ട് ബാന്റ്മേളക്കാരുടെ ചുററുമെത്തും. പറയങ്ങാട്ട് മുഹമ്മദ് ഹാജിയും മോയന്‍ കൊളക്കാടനും തമ്മില്‍ പഴയ അഞ്ചാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് യുദ്ധമാണ് ഞാന്‍ നാട്ടിലിരുന്ന് ആസ്വദിച്ച ഒന്ന്. എന്നാല്‍ അതിനേക്കാളൊക്കെ രസകരമായിരുന്നു പോലും പിന്നീട് കെ.പി.യു അലിയും മോയനും തമ്മില്‍ നടന്ന സൌഹൃദ മത്സരം. കടുമണി വിട്ടു കൊടുക്കാന്‍ രണ്ടു പേരും തെയ്യാറായില്ല. രണ്ട് മുന്നണി തമ്മിലുള്ള മത്സരം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറി. മോയന്റെ വിജയാഘോഷങ്ങളൊക്കെ റിയാദില്‍ നിന്നോണ്ട് ആണ് ആസ്വദിച്ചത്.

കുരുവിക്കുഞ്ഞനെ ഓര്‍ക്കാത്തവരുണ്ടാകില്ല. പഞ്ചായത്തിലേക്ക് കുരുവി അടയാളത്തില്‍ മത്സരിച്ച് കൂരുവിക്കുഞ്ഞനായ കുഞ്ഞന്‍. നമ്മുടെ അക്കരപറമ്പിലെ കീരന്‍. ക്വീന്റല്‍ ചാക്ക് തലയിലെടുക്കുന്ന അപൂര്‍വ്വ വ്യക്തികളിലൊരാള്‍. കീരനും മത്സരിച്ചു പണ്ട്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി. ഇത്തനായി ഒരു നല്ല പഞ്ചായത്ത് മെംബറായിരുന്നു. വളരെ ആക്ടീവായ എന്നാല്‍ ബഹളങ്ങളൊന്നുമില്ലാത്തെ മൂന്നാം വാര്‍ഡില്‍ നിന്നുള്ള മെംബര്‍. പൊററമ്മലെ മറിയോമാത്തയെ (പി.കെ മറിയം) എങ്ങിനെ മറക്കും. ഒരു വിപ്ളവം തന്നെ സൃഷ്ടിച്ച എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പഞ്ചായത്ത് മെംബര്‍. ചെറുവാടിക്കാര്‍ വല്ലാതെ മിസ്സ് ചെയ്യുന്ന ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക. എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്ന് നാടിന് വേണ്ടി പ്രവര്‍ത്തിച്ച ആത്മാര്‍ത്ഥയുള്ള ഒരു പഞ്ചായത്ത് മെംബര്‍. സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള പരിപാടിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ച അവരുടെ കൂടെ മാസ്ററര്‍ ട്രെയിനിയായും, റിസോഴ്സ് പേഴ്സണായും പിന്നെ പഞ്ചായത്ത് സാക്ഷരതാ സമിതി വൈസ് ചെയര്‍മാനായും ഒക്കെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതു പോലെ തന്നെ പി.എന്‍ പണിക്കര്‍ സാറിന്റെ കൂടെ കാന്‍ഫെഡില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തന്നതും മറിയോമാത്തയാണ്. ശങ്കരന്‍ വൈദ്യര്‍ ഏറെ ആത്മാര്‍ത്ഥമായി വാര്‍ഡ് നോക്കിയ ഒരു മെംബറായിരുന്നു. തന്റെ വാര്‍ഡിന്റെ പരിധിക്കപ്പുറത്തേക്ക് പശുക്കളെ തീററാന്‍ പോകുമ്പോഴും വൈദ്യരുടെ ശ്രദ്ധ മുഴുവന്‍ തന്റെ വാര്‍ഡില്‍ തന്നെയായിരിക്കും. കെ.വി വളരെ ജന സമ്മതനായ ഒരു മെംബറും പ്രസിഡണ്ടും ഒക്കെയായിരുന്നു. ആരും എവിടേയും എപ്പോള്‍ വിളിച്ചാലും കെ.വി ഓടിയെത്തും. ഒട്ടേറെ നല്ല കാര്യങ്ങള്‍ ഓണം കേറാമൂലയായി കിടന്നിരുന്ന പഴംപറമ്പിനു വേണ്ടിയെല്ലാം ചെയ്തിട്ടുള്ള കെ.വി ചെയ്യേണ്ടിയിരുന്നില്ലാത്ത ഒരു ഏര്‍പ്പാടാണ് ആ ദാറുല്‍ ഹസ്സനാത്ത് യതീംഖാനയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. അബ്ദുല്‍ അസീസ് ഫൈസി മദ്രസ്സത്തുല്‍ ബനാത്തും കെ.പി.യു അലി മില്ലത്ത് മഹലില്‍ കുറേ ഇന്‍സ്ററിററ്യൂട്ടുകളും ഒക്കെ തുടങ്ങിയാല്‍ പിന്നെ നമ്മളും തുടങ്ങാതെ ഗത്യന്തരമുണ്ടോ….

മഠത്തില്‍ മുഹമ്മദാജി ബ്രാന്റട് പ്രസിഡണ്ട് ഒക്കെ ആയിക്കോട്ടെ എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പ്രസിഡണ്ടായിരുന്നു കെ.പി.യു അലി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ ഒരു ചാനല്‍ ഉണ്ടാക്കിയത് അലി തന്നെയാണ്. ചില പണികളൊക്കെ അവിടേയും ഇവിടേയുമായി ഒപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞാലും പഞ്ചായത്താപ്പീസിന് പഞ്ചായാപ്പീസിന്റെ ഒരു ഗെററപ്പ് ഉണ്ടാക്കിയത് അലിയായിരുന്നു. ചെറുവാടിയില്‍ ഏറെ പുകഴ് പെററ ഒരു ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഞങ്ങള്‍ നടത്തിയിരുന്നു. അതിന് പഞ്ചായത്ത് വക റോളിംഗ് ട്രോഫി നല്‍കിയത് അലിയായിരുന്നു. കൂടാതെ സാമ്പത്തികമായ എന്തെങ്കിലും സഹായം വേണം ക്ളബ്ബിന് എന്ന് പറഞ്ഞപ്പോ അലി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. “വെറുതേ സാമ്പത്തിക സഹായം തരാനൊന്നും കഴിയൂല. നിങ്ങള്‍ ക്ളബ്ബിന്റെ മെംബര്‍മാരെല്ലാം കൂടി ചേര്‍ന്ന് ചുള്ളിക്കാപറമ്പില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള റോഡിലെ കുണ്ടും കുഴിയുമൊക്കെ ഒന്ന് മണ്ണിട്ട് ഫില്‍ ചെയ്താല്‍ 200 രൂപ ഞാന്‍ പാസ്സാക്കി തരാം” എന്ന്. 200 വലിയൊരു തുകയാണന്ന്. ഇന്നാണെങ്കില്‍ ഒരു ഹാഫ് അല്‍ ഫഹം വാങ്ങാന്‍ തികയില്ല അല്ലേ. ഞാനും കുറുവാടുങ്ങല്‍ അപ്പുട്ടിയും പാറപ്പുറത്ത് യൂസുഫും കമ്മുക്കുട്ടിയും പാറപ്പുറത്ത് സലീമും നെച്ചിക്കാട്ട് ജമാലും അങ്ങിനെ കുറേ ആളുകള്‍ ചേര്‍ന്ന് ഒററ ദിവസത്തെ ശ്രമദാനം. കൊട്ടയും കൈക്കോട്ടും ശവലും ഒക്കെയായി വമ്പിച്ച പരിപാടി. പിറേറന്ന് പഞ്ചായത്തോഫീസില്‍ പോയി പൈസയും വാങ്ങി.

കണ്ണന്‍ ചെറുവാടി ഒരു പഞ്ചായത്ത് മെംബറെങ്കിലും ഇതിനകം ആകേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കഴിവുള്ള ഒരു പ്രവര്‍ത്തകനാണ് കണ്ണന്‍. എവിടെയാണ് കുഴപ്പം പററിയത് എന്നറിയില്ല. എല്ലാവരും പറയുന്ന പോലെ അവന്റെ കയ്യിലിരിപ്പു കൊണ്ട് എന്ന് തന്നെ പറഞ്ഞ് നിര്‍ത്താം അല്ലേ.

എന്റെ ഉമ്മയും ഒരു തവണ മത്സരിച്ചു ജയിച്ചു. അന്ന് വാസ്തവത്തില്‍ ഞാന്‍ ഉമ്മയുടെ എതിര്‍ ചേരിയിലായിരുന്നു. ഉമ്മയുടെ വാര്‍ഡില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പോയില്ല. ഉമ്മ ആത്മാര്‍ത്ഥതയുള്ള ഒരു പഞ്ചായത്ത് മെംബറായിരുന്നു എന്ന് തോന്നുന്നു. വാര്‍ഡിന് വേണ്ടി രാവും പകലും ഓടി നടന്നു. കണ്ടത് വിളിച്ചു പറയാന്‍ ആരേയും കൂസാത്ത ഉമ്മയുടെ സ്വഭാവം പാര്‍ട്ടിക്ക് അത്രക്കങ്ങട്ട് ഇഷ്ടായില്ലാന്ന് തോന്നുന്നു. ഉമ്മ പതുക്കെ പാര്‍ട്ടിയില്‍ നിന്നും ഉള്‍വലിഞ്ഞു. രമേശ് ബാബു എന്റെ അടുത്ത ഒരു കൂട്ടുകാരനായിരുന്നു. ഞങ്ങള്‍ നാടകത്തിലഭിനയിച്ചിട്ടുണ്ട് ഒന്നിച്ച്. എന്റെ ട്യൂഷന്‍ മാസ്റററായിരുന്നു കുറേ കാലം. പക്ഷേ അദ്ദേഹത്തിന്റെ പഞ്ചായത്തിലെ ഭരണ കാലയളവ് നാട്ടിലിരുന്ന് ആസ്വദിക്കാന്‍ എനിക്കായിട്ടില്ല. ഉയരത്തിലെത്തേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് രമേശ്. സ്വന്തം കഴിവുകളും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രം പടവുകള്‍ കയറിയ രാഷ്ട്രീയക്കാരന്‍.

പറയാന്‍ ഒരു പാട് പഞ്ചായത്ത് കഥകള്‍ ഉണ്ട്. എന്റെ ബ്ളോഗ് നീണ്ടു പോകുന്നതിനെപ്പററി അല്ലെങ്കില്‍ തന്നെ പരാതിയാണ്. ചുരുക്കാന്‍ പററാത്തതോണ്ടല്ലേ. ഒരുപാട് ഇലക്ഷന്‍ വിശേഷങ്ങള്‍ ഇനിയും പൂശാനുണ്ടായിരുന്നു. നോക്കട്ടെ ഒരു എപ്പിസോഡിനു കൂടി വകുപ്പുണ്ടോന്ന്…..കുറച്ച് കഥകളൊക്കെ ഇതില്‍ കൂട്ടിച്ചേര്‍ക്കൂ….

Thursday, October 21, 2010

പേരു മാററത്തിന് പിന്നില്‍...

കുറേ മുന്‍പേ ഇട്ട പേരാണ് എന്റെ ബ്ളോഗിന് പിത്തനങ്ങാടീന്റെ പോരിശാന്ന്. മുന്‍പെന്ന് വെച്ചാല്‍ ബ്ളോഗ് എഴുതി പബ്ളിഷ് ചെയ്യുന്നതിനും എത്രയോ മുന്‍പ്. നാലാളുകള്‍ അത് വായിക്കാന്‍ തുടങ്ങിയപ്പോ പല വിധ സംശയങ്ങളായി. നാട്ടാരുടെ സംശയങ്ങള്‍ എന്റേതു കൂടി ആയപ്പഴാണ് അതങ്ങട്ട് മാററാന്ന് വെച്ചത്.

പുതിയ തലമുറയിലെ ഒരു വില്ലന്‍ ഒരിക്കല്‍ ചോദിച്ചു….ഷക്കീബ്ക്ക എന്തിനാ നമ്മളെ ചെറുവാടിനെ നിങ്ങള് പിത്തനങ്ങാടീന്ന് വിളിക്കണത്ന്ന്. എന്താ അവനോട് പറയാ…ശരിയായ കഥയെന്താണെന്ന് എനിക്കും അറിയില്ല. അങ്ങിനെ ആയിരുന്നു പോലും ഒരു കാലത്ത് നമ്മടെ ചെറുവാടി. ഈങ്ങല്ലീരിക്കാരും കടണ്ടത്ത്ക്കാരും പറഞ്ഞ് നടക്ക്ണ ഒരു പുരാതി ആണെന്നും കേട്ടിട്ടുണ്ട്. എങ്കില്‍ പിന്നെ അസ്സല്‍ ചെറുവാടിക്കാരനെന്ന് ഹുങ്ക് നടിക്കണ ഞാനും എന്തിനാ അതു തന്നെ വിളിക്കണത് എന്ന തോന്നല്‍ എനിക്ക്.

കുറോടിക്കുന്നിന്റെ അപ്പറത്ത്ക്ക് പോയാ അബട പിത്തന്യാണ്ന്നാ ഈങ്ങല്ലീരിക്കാര് പറഞ്ഞിരുന്നത് പോലും. അതോണ്ട് ആ അങ്ങാടിക്കവര് പിത്തനങ്ങാടീന്ന് ഓമനപ്പേരിട്ടു. ചെറുവാടിന്റെ ഉസാറില് കിബ്റ് തോന്ന്യവരൊക്കെ അത് ഏററ് പാടീന്നും ആണ് കാരണമ്മാര് പറേണത്. പൊറത്ത്ള്ളോലല്ല..ചെറുവാടിള്ള കാരണമ്മാര്.

കുറേയൊക്കെ ഫിത്തന അബ്ടേയും ഇബിടേയും ഒക്കെ ആയി ഉണ്ടായിട്ട്ണ്ടാകും…എന്നു വെച്ച് ഓള്‍ സെയിലായിട്ട് അതങ്ങട്ട് ചാര്‍ത്തണോന്നാണ് കാരണോമ്മാരെ മറു ചോദ്യം. എന്തായാലും ആളുകളുടെ ചോദ്യം ബാറായപ്പോ ഞാന്‍ പേര് തന്നെ അങ്ങട്ട് മാററി. ചെറുവാടിപ്പെരുമാന്നാക്കി. രണ്ടൂന്ന് പേര് മാററി ഒററപ്പേരല്ലേ നല്ലത്ന്ന് എന്റെ പട്ടാമ്പിക്കാരന്‍ ദോസ്തും ചോദിച്ചു. എന്നാ അതും ആയിക്കോട്ടെ.

കൂട്ടത്തില്‍ പറയട്ടെ..റിയാദിന്റെ അടുത്തായിട്ട് മുക്കത്തുകാരി ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ തന്റെ ബാപ്പാന്റേയും ഉമ്മാന്റേയും കൂടെ ഇവടെ താമസാണ്. പ്ളസ് ടു കഴിഞ്ഞ് നാട്ടില്‍ പഠിക്കാന്‍ പോകാന്‍ നില്‍ക്കുന്നു. അങ്ങിനെ നില്‍ക്കുമ്പോ ഫേസ് ബുക്കില് എനിക്കൊരും ഫ്രണ്ട് റിക്വസ്ററ്. അവളുടെ തന്നെ. പെണ്ണായതോണ്ട് പെട്ടെന്ന് ഞാനങ്ങട്ട് അക്സപ്ററും ചെയ്ത്. ഒരു ദിവസം ഉച്ചക്ക് അവള് ബാപ്പാനെ കാണാതെ കംപ്യൂട്ടര്‍ ഓണാക്കി ഫേസ് ബുക്കെടുത്തപ്പോ ഞാനുമുണ്ട് പച്ച കത്തി കെടക്ക്ണ്. അവള് ഹായ് പറഞ്ഞു. ഞാനും വിട്ടില്ല. ഡബ്ള്‍ ഹായ് പറഞ്ഞു. ഇടക്ക് ബേക്കോട്ട് ഞമ്മളെ വൈഫ് കാണുന്നുണ്ടോന്നും നോക്ക്ണ്ണ്ട്. കുറച്ച് നേരം കാര്യങ്ങളൊക്കെ പറഞ്ഞ് ഒററടിക്ക് ഓളെ ഒരു പറച്ചില്…..കൊളക്കാടന്‍മാരെ എനിക്ക് ബല്യ പേട്യാണ്ന്ന്. എന്താ കാര്യംന്ന് ചോദിച്ചപ്പോ ഓള് പറയ്യാണ് പത്രത്തില് സ്ഥിരമായിട്ട് കൊളക്കാടന്‍മാരെ പററി വരാറുണ്ടെന്നും ഓല് ആളെ കൊല്ലുന്നവരും സ്ത്രീ പീഡനക്കാരുമാണെന്നും. മൊത്തം മാര്‍ക്കും പോയില്ലേ...ഇനിയിപ്പോ ഞാന്‍ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കാ…പലതും പറഞ്ഞു നോക്കി. അല്‍പ്പം ആശ്വാസം നല്‍കാനെന്നോണം അവള്‍ പറഞ്ഞു നിങ്ങളെ പററി ഞാന്‍ പഠിച്ചോണ്ടിരിക്കാണ്. എന്റെ ഉപ്പക്കൊക്കെ കുറേ കൊളക്കാടന്‍ ദോസ്തുകളുണ്ട്. എല്ലാ കൊളക്കാടന്‍മാരും ഒരു പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല...എന്നൊക്കെ.

പിത്തനങ്ങാടി പോലെ ജനങ്ങള്‍ക്കിടയില്‍ കൊളക്കാടന്‍മാരും ഒരു ഭീകര ജീവിയായി രൂപം കൊണ്ട് കിടക്കുന്നു. ഇതൊക്കെയൊന്ന് മാററിയെടുക്കാന്‍ കാലമായിരിക്കുന്നു എന്ന് തോന്നുന്നില്ലേ. നന്‍മ ചെയ്തു കൊണ്ട് തന്നെ സമൂഹത്തില്‍ മേല്‍ക്കൈ നേടാന്‍ പഴയ കാല കാരണവന്‍മാര്‍ക്ക് സാധിച്ചിരുന്നു. ആ പേര് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണോ ജനങ്ങള്‍ക്ക് മുഷിപ്പ് തോന്നിയത്. സമയം വൈകിയില്ല. മാററിയെടുക്കാം നമുക്ക് കറ പുരണ്ട അഭിപ്രായങ്ങളെ….

Tuesday, October 12, 2010

സൈറണ്‍ കേട്ടുണരുന്ന ഗ്രാമം!!!

ഈ നാടിന്റെ ഹൃദയ മിടിപ്പുകള്‍ക്ക് താളം പകര്‍ന്നിരുന്നത്….ശരിയാണ് ആ സൈറണ്‍ തന്നെയായിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും ജോലി തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം സൈറണ്‍ മുഴങ്ങുന്നതിനനുസരിച്ചായിരുന്നു ഒരു കാലത്ത്. 'വീലൂതി മക്കളെ, ഇനി പാടത്തിന്ന് കേറാം…’ ഞാറു നടുന്ന സ്ത്രീകള്‍ നാലു മണിയുടെ സൈറണ്‍ കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പറയും. അന്നങ്ങനേയും പറയാറുണ്ടായിരുന്നു. വീല്‍ ഉതുമ്പോഴാണ് സൈറണ്‍ മുഴങ്ങുന്നതെന്ന് ഇവര്‍ക്കെങ്ങിനെ മനസ്സിലായി എന്നറിയില്ല. പാടത്തെ പണിക്കാര്‍ മാത്രമല്ല കാരണവന്‍മാരെല്ലാം വീല്‍ ഊതി എന്നു തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ ഉത്ഭവ സ്ഥാനത്തിന് അന്നുണ്ടായിരുന്ന മഹത്വങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞോണ്ട് വരുന്നത്.

ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി..ചെറുവാടിയുടെ മാത്രമല്ല...മാവൂരിന്റേയും പരിസരങ്ങളിലെ ഗ്രാമങ്ങളുടേയെല്ലാം മുഖഛായ മാററിയ ഒരു ഫാക്ടറിയാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍…. ജല മലിനീകരണവുമൊന്നും അത്ര രൂക്ഷമായി ജനങ്ങളെ ബാധിച്ചു തുടങ്ങാത്ത ആ കാലത്ത് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രൌഢി ഗ്വാളിയോര്‍ റയണ്‍സിന്റെ പ്രതാപം തന്നെയായിരുന്നു. ചെറുവാടിയില്‍ നിന്നും കുറേശ്ശെയായി ഗള്‍ഫിലേക്ക് ആളുകള്‍ കുടിയേറാന്‍ തുടങ്ങിയത് 1977 മുതലാണ്. അതിന് മുന്‍പ് ചെറുവാടിയിലെ വമ്പന്‍മാര്‍ ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയിലെ തൊഴിലാളികള്‍ തന്നെയായിരുന്നു.

നല്ല വീടുകളൊക്കെ അവരുടേതായിരുന്നു. അങ്ങാടിയില്‍ വരുന്ന നല്ല മീനുകള്‍ വാങ്ങുന്നത് അവരായിരുന്നു. ബാററയുടെ സേഫ്ററി ഷൂവും പാന്റ്സും ഒക്കെയിട്ട് അവരുടെ വരവ് കാണണം. ഷിഫ്ററ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ മാവൂര്‍ അങ്ങാടിയിലെ പുതുമകളെല്ലാം അവര്‍ വീട്ടിലേക്ക് കെട്ടിപ്പൊതിഞ്ഞ് വാങ്ങിയിരിക്കും. ഗ്വാളിയോര്‍ റയണ്‍സിലെ തൊഴിലാളികളുടെ മക്കളെ കാണുമ്പോ അസൂയയായിരുന്നു…..സത്യമായിട്ടും. ഫാക്ടറി തൊഴിലാളികളായി കുറേ പേരുണ്ടെങ്കിലും കമ്പനി എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നത് ഒരാള്‍ മാത്രം. കോഴിപ്പള്ളിയിലെ അബ്ദുറഹ്മാന്‍ കാക്ക മാത്രം. അദ്ദേഹത്തെ കമ്പനി എന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. വലിയ പവ്വറുള്ള ലെന്‍സ് വെച്ച് അതിന്റെ മുകളിലൂടെ തുറിച്ച് നോക്കി ചിരിക്കുന്ന അബ്ദുറഹ്മാന്‍ക്കയെ ആരും മറന്നു കാണില്ല. താഴത്ത്മുറിയില്‍ നിന്നും കമ്പനിയില്‍ പോയിരുന്ന മറെറാരാളാണ് കുഞ്ഞഹമ്മദ് ഹാജി. വലിയ കറുത്ത ഷൂസുമിട്ട് തുണിയുടുത്ത് അങ്ങാടിയിലേക്ക് വരുന്ന അദ്ദേഹത്തേയും മറക്കാന്‍ കഴിയില്ല. കോഴിപ്പള്ളി മുഹമ്മദ് കാക്കയും (നമ്മുടെ കുട്ടിഹസ്സന്റെ ബാപ്പ) കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നല്ലോ. അവരൊക്കെ അന്നത്തെ ജൂനിയേര്‍സ് ആയിരുന്നു.

കമ്പനിയിലേക്ക് ഷിഫ്ററിന് പോകുന്നവരെ കൊണ്ടു പോകുന്ന കുറെ സവാരി തോണിക്കാരുണ്ടായിരുന്നു. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയും കിഴ്ക്കളത്തില്‍ ചെറ്യാപ്പു കാക്കയും പരവരയില്‍ കുട്ട്യേമു കാക്കയും കഴായിക്കല്‍ മുഹമ്മദ് കാക്കയും വെള്ളങ്ങോട്ട് ബിരാനാക്കയും അങ്ങിനെ ഒരു പാട് പേര്‍. കുളിമാട് കടവില്‍ നിന്നും മാവൂരിലെ എളമരം കടവിലേക്ക് സവാരിത്തോണിക്ക് എന്റെ ചെറുപ്പത്തില്‍ 25 പൈസയായിരുന്നു കടത്തു കൂലി. കോഴിക്കോട്ടേക്കെല്ലാം പോകുന്നവര്‍ അന്ന് ഈ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയുടെ സവാരിത്തോണിയില്‍ കയറിയാല്‍ ഗ്വാളിയോര്‍ റയണ്‍സിനെപ്പററിയും മററുമുള്ള പൊടിപ്പും തൊങ്ങലും വെച്ച കുറേ കഥകളും കേള്‍ക്കാം സൌജന്യമായി. വലിയ പുകക്കുഴലിലൂടെ കറുത്ത പുക തുപ്പിക്കൊണ്ട് ശബ്ദ മുഖരിതമായി നില കൊണ്ട ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു.

അവിടെയുള്ള മെഷിനറികളില്‍ ആകെ പരിചയമുള്ള ഒരു പേരാണ് ചിപ്പര്‍. പള്‍പ്പെടുക്കാന്‍ കൊണ്ടു വരുന്ന മുളകള്‍ ചെറിയ ചെറിയ ചീളുകളാക്കി മുറിക്കുന്ന ഉപകരണമാണ് ചിപ്പര്‍ എന്ന് തോന്നുന്നു. നാട്ടിലെ പ്രകടനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ അധികം കളിച്ചാല്‍ ചിപ്പറിലിട്ട് പള്‍പ്പാക്കും എന്ന് മുദ്രാവാക്യം വിളിച്ചതോര്‍മ്മയുണ്ട്. നമ്മുടെ മുളങ്കാടുകളെല്ലാം നാട്ടുകാരെ സോപ്പിട്ട് കിടത്തി ആര്‍.എന്‍ സാബുവും കൂട്ടരും ചേര്‍ന്ന് വെട്ടിത്തെളിച്ച് പള്‍പ്പാക്കി കടത്തിക്കൊണ്ട് പോയില്ലേ. നമുക്ക് ബാക്കിയായി കുറേ മാരക രോഗങ്ങളും ശവപ്പറമ്പു പോലെയോ ഡ്രാക്കുളക്കോട്ടയോ പോലെയോ ഒരു ഫാക്ടറി കോമ്പൌണ്ടും. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ ഉത്ഘാടനങ്ങളൊക്കെ നിര്‍വ്വഹിച്ചിരുന്നത് മുറി മലയാളവും ഇംഗ്ളീഷും സംസാരിച്ചിരുന്ന ഫാക്ടറി വൈസ് പ്രസിഡണ്ടായ ആര്‍.എന്‍ സാബുവായിരുന്നു. വളരെ തന്ത്രപൂര്‍വ്വം നാട്ടുകാരേയും ട്രേഡ് യൂണിയന്‍ നേതാക്കളേയും കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്ന ആര്‍. എന്‍. സാബു കൊടിയത്തൂരിലെ മാക്കല്‍ ഗവണ്‍മെന്റ് ഡിസ്പെന്‍സറിയുടെ ‘ടെന്‍ ബെഡഡ് വാര്‍ഡ്’ ഉദ്ഘാടനത്തിന് വന്നതും ഓര്‍ക്കുന്നു. ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ വിട്ട് വരുമ്പോള്‍ തകൃതിയായ ഉദ്ഘാടനം കൊടിയത്തൂരില്‍. സാബുവിന്റെ ഇംഗ്ളീഷ് പ്രസംഗം തര്‍ജജമ ചെയ്തിരുന്നത് നമ്മുടെ ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററായിരുന്നു. സാബു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ എല്ലാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമുണ്ടാകും. അത് ഇവിടെയുമുണ്ടായി. ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ എതിരേററ ആ പ്രഖ്യാപനം അന്ന് പതിനായിരം രൂപയായിരുന്നു. ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സാബുവിന്റേയും ജനങ്ങള്‍ക്ക് മാറാരോഗങ്ങള്‍ നിരന്തരം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയുടേയും വക സമ്മാനം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അത് ധാരാളം. ഉദ്ഘാടനവും കഴിഞ്ഞ് ‘നാരിയല്‍ കാ പാനി’ യും നല്‍കി സാബുവിനെ കൊടിയത്തൂര്‍ക്കാര്‍ യാത്രയാക്കി. അതു പോലെ എത്ര ഉദ്ഘാടന നാടകങ്ങള്‍. എന്തായാലും അവസാനം കെ.എ റഹ്മാന്‍ സാഹിബിന്റേയും ചേക്കു സാഹിബിന്റേയും ഗ്രോ വാസുവിന്റേയും ഒക്കെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്‍പില്‍ ബിര്‍ളാ മാനേജ്മെന്റിന് മുട്ട് മടക്കേണ്ടി വന്നു.

തിരികെ വരാം ചെറുവാടിയിലേക്ക്. അന്ന് റെഗുലേറററും ബ്രിഡ്ജും ഒന്നും ഇല്ലാതിരുന്നിട്ടും സമൃദ്ധമായ ശുദ്ധജലം നിറഞ്ഞൊഴുകിയിരുന്നു ചാലിയാറിലൂടെ. അതു കൊണ്ട് തന്നെ അരീക്കോട് മുതല്‍ താഴോട്ട് വലിയ യാത്രാ ബോട്ടുകളുടെ സര്‍വ്വീസ് ഉണ്ടായിരുന്നു ചാലിയാറിലൂടെ. ചോലാസ് എന്ന പേരില്‍ ഒരു ബോട്ട് എനിക്കോര്‍മ്മയുണ്ട്. പണ്ട് ചെറുവാടിക്കടവില്‍ നിന്നും ബോട്ടില്‍ കയറി മാവൂരിലേക്ക് പോയതും ഓര്‍ക്കുന്നു. ഗ്വാളിയോര്‍ റയണ്‍സിന് ഒരു പ്രൈവററ് ബോട്ട് ഉണ്ടായിരുന്നു. ഒരു സ്ററീമര്‍ ബോട്ട്. വളരെ ചെറിയ ആ ബോട്ടിലായിരുന്നു അന്ന് മാവൂര്‍ പോലീസ് സ്റേറഷനില്‍ നിന്നും ചെറുവാടിയിലേക്ക് പോലീസുകാര്‍ വന്നിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ മാവൂര്‍ സ്റേറഷനില്‍ നിന്നും പോലീസുകാര്‍ വരണം. ചെറൂപ്പയിലുള്ള മാവൂര്‍ പോലീസ് സ്റേറഷന്റെ പരിധിയിലായിരുന്നു അന്ന് ചെറുവാടി ഗ്രാമം.

ഗ്വാളിയോര്‍ റയണ്‍സ് നമ്മുടെ നിത്യ ജീവിതത്തെ അന്ന് വല്ലാതെ സ്വാധീനിച്ചിരുന്നു. ഗ്വാളിയോര്‍ തൊഴിലാളികളെ ആശ്രയിച്ചായിരുന്നു അന്ന് മിക്ക ട്രേഡിംഗും നാട്ടില്‍ നടന്നിരുന്നത്. എന്തിനധികം മാട്ടുമ്മലെ പുറമ്പോക്കില്‍ നട്ടുണ്ടാങ്കിയ വെള്ളേരിയും വത്തക്കയും പടവലവും പോലും അവരുടെ വീടുകളില്‍ കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലേ അങ്ങാടിയില്‍ വില്‍പ്പനക്കെത്തിയിരുന്നുള്ളൂ. അബ്ദു കാക്കയും ബീരാനാക്കയും ഒക്കെ തണ്ടാടിയില്‍ പിടിക്കുന്ന മീനുകളും അങ്ങിനെ തന്നെ. ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളികളിലെ രണ്ട് സഹോദരങ്ങളായിരുന്നു കീഴ്ക്കളത്തിലെ പെരവന്‍ കുട്ടിയേട്ടനും(ചെക്കന്‍) അയ്യപ്പേട്ടനും. നല്ല അധ്വാനികളായിരുന്ന രണ്ട് പേരും ഷിഫ്ററ് ജോലി കഴിഞ്ഞ് വന്ന് പിന്നെ പാടത്തും പറമ്പിലും പണിയെടുക്കുന്നത് കാണാമായിരുന്നു. രാത്രി ഡ്യൂട്ടി സ്ഥിരമായി ചെയ്തിരുന്ന പെരവന്‍ കുട്ടിയേട്ടന്‍ കൊണ്ടു വരുന്ന ഒരു പന്തം അന്ന് വളരെ ഫെയ്മസായിരുന്നു. ഫാക്ടറിയിലെ ഏതോ ഒരു കെമിക്കലില്‍ മുക്കിയുണ്ടാക്കിയ ആ പന്തം ദിവസങ്ങളോളം കത്തിത്തന്നെയിരിക്കും.

ഗ്വാളിയോര്‍ റയണ്‍സിലെ മുതിര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ഒരാളായിരുന്നു ആന്ധ്ര ആല്യാക്ക. നല്ലൊരു ഫുട്ബോള്‍ താരം കൂടിയായിരുന്ന ആല്യാക്ക നല്ല ശമ്പളം വാങ്ങിയിരുന്ന ഒരാളായിരുന്നു. സാമ്പത്തികമായി വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കി വെച്ചില്ലെങ്കിലും ഉശിരും തന്റേടവുമുള്ള നാലഞ്ച് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന കാലത്ത് പൊന്നു പോലെ നോക്കാന്‍ മക്കള്‍ മത്സരിക്കുകയായിരുന്നു. കമ്പനിയില്‍ നിന്നും വന്ന ശേഷം ആല്യാക്ക എല്ലാ മക്കളേയും തോളിലും ഒക്കത്തും ഒക്കെ ഇരുത്തി അങ്ങാടിയില്‍ കൊണ്ട് വന്ന് മിഠായിയും നെയ്യപ്പവും ഒക്കെ വാങ്ങിക്കൊടുത്ത് കൊണ്ടു പോകുന്നത് മനസ്സിലുദിച്ചു വരുന്നു.

കൂടത്തില്‍ കലന്തന്‍ കാക്കയും കരുമ്പനങ്ങോട്ട് മോയിനാക്കയുമാണ് ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള രണ്ട് പ്രമുഖ ഫാകട്റി തൊഴിലാളികള്‍. ഏറെ പരോപകാരിയായിരുന്ന മോയിനാക്ക അടുത്ത കാലത്താണല്ലോ മാറാരോഗം വന്ന് അകാലത്തില്‍ മരണമടഞ്ഞത്. മോയിനാക്കയുടെ സേവന പ്രവൃത്തികളെല്ലാം നമുക്കെല്ലാം മാതൃകയാണ്. അത്തരം സേവനങ്ങള്‍ ചെയ്യാന്‍ ആളുകള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് മോയിനാക്കയെപ്പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. കലന്തനാക്ക റിട്ടയര്‍ ചെയ്ത് വന്ന് വീട് പുതക്കിപ്പണിതതെല്ലാം ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി മറയുന്നു. പൊററമ്മല്‍ നിന്നും ഫാക്ടറിയില്‍ പോയിരുന്ന ചെറ്യോനാക്ക, കുറുവാടുങ്ങല്‍ നിന്നുള്ള സഹോദരങ്ങളായ അച്യുതേട്ടന്‍, കണ്ടന്‍ കുട്ട്യേട്ടന്‍ പിന്നെ ചുള്ളിക്കാപറമ്പില്‍ നിന്നും തേനേങ്ങാപറമ്പില്‍ നിന്നും ഒരു പാട് പേര്‍. കുറുവാടുങ്ങല്‍ അച്യുതേട്ടനൊക്കെ ഒരു കാലത്ത് ചെറുവാടിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലേയും പ്രധാന പങ്കാളിയായിരുന്നു. പഴംപറമ്പ് പള്ളിയുടെ വരാന്തയില്‍ വെച്ച് ഇടിമിന്നലേററ് അകാലത്തില്‍ മരണമടഞ്ഞ കുഴിഞ്ഞോടിയില്‍ മമ്മദ് കാക്കയും ഒരു ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളിയായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അങ്ങിനെ പല ഭാഗങ്ങളില്‍ നിന്നായി കുറേ പേര്‍….ചെറുവാടിയെ സമ്പുഷ്ടമാക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഗ്വാളിയോര്‍ റയണ്‍സ് ഏറെ ഉപകരിച്ചിരുന്നു എന്ന് പറയാതെ വയ്യ. ഗ്വാളിയോര്‍ റയണ്‍സിന്റെ ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും പഴയ പേപ്പറുകളും മററും എടുത്ത് ജീവിച്ചിരുന്ന കുന്നത്ത് അബു കാക്കയും ക്വാര്‍ട്ടേഴ്സില്‍ കപ്പ വിററ് നടന്നിരുന്ന ഉമ്മിണിയിലെ പൂള കാക്കയും മാവൂരില്‍ പാല്‍ കൊണ്ടു പോയി വിററിരുന്ന കമ്പളത്ത് ആലി മമ്മദാക്കയും തേനേങ്ങാപറമ്പിലെ ചേക്കു കാക്കയും എന്തിനേറെ ഒരു വിനോദത്തിന് കുപ്പയില്‍ നിന്നും പറിച്ചെടുത്ത പുള്ളിച്ചേമ്പിന്റെ തൈകള്‍ പൂച്ചട്ടിയിലാക്കി ക്വാര്‍ട്ടേഴ്സുകളില്‍ പുള്‍ശേമ്പ് എന്ന പേരില്‍ വിററ കിഴ്ക്കളത്തില്‍ മൂസ്സക്കുട്ടിക്കു പോലും (ഈ കഥ കൊട്ടുപ്പുറത്ത് മുസ്തു പറഞ്ഞതാണ് കെട്ടോ) ആര്‍.എന്‍ സാബുവിന്റെ സ്വാധീനത്തെ കുറച്ചു കാണാന്‍ കഴിഞ്ഞു കാണില്ല. കരാര്‍ തൊഴിലാളികളായി കയറിയ ശേഷം അവിടെ സ്ഥിരമായി നിയമനം ലഭിച്ച ചെറുപ്പക്കാരും കുറേയുണ്ടായിരുന്നു അവസാന കാലത്ത്. കമ്പനി ലേ ഓഫ് ചെയ്ത് അവസാനിപ്പിച്ചപ്പോ ഇവര്‍ക്കൊക്കെ നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്വാളിയോര്‍ റയണ്‍സിന്റെ ഇരമ്പുന്ന ശബ്ദത്തിനും ഇടക്കിടെ വീശിയടിക്കുന്ന മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിനുമൊപ്പം മണിക്കൂറുകള്‍ ഇടവിട്ടടിക്കുന്ന വലിയ സൈറണും ഈ ഗ്രാമത്തെ ഒട്ടേറെ സ്വാധിനിച്ചിരുന്നു. വാച്ചും ക്ളോക്കുമൊന്നും അത്ര വ്യാപകമായിട്ടില്ലാതിരുന്ന അക്കാലത്ത് സൈറണ്‍ തന്നെയായിരുന്നു ജീവിത ഗതി നിയന്ത്രിച്ചിരുന്നത്. പാടത്തെ പണിക്കാരെ മാത്രമല്ല, സ്കൂളില്‍ പോകുന്നവര്‍, കോളേജില്‍ പോകുന്നവര്‍, ബസ് കാത്ത് നില്‍ക്കുന്നവര്‍ എല്ലാം സമയം കണക്കാക്കിയിരുന്നത് ഈ സൈറണ്‍ കേട്ടായിരുന്നു. അവസാന കാലമായപ്പോഴേക്കും ആ സൈറണ്‍ അപമൃത്യുവിന്റെ വരവറിയിക്കുന്ന ദുസ്സൂചനകളായി മാറി. ക്രമേണ ക്രമേണ അത് കെട്ടടങ്ങി ഒരിക്കലും ഇനി ശബ്ദിക്കില്ലെന്നുറപ്പായപ്പോഴാണ് ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിര്‍ന്നത്. അപ്പോഴേക്കും കാലചക്രം വല്ലാതെ ഉരുണ്ടെന്നും പലതും അതിനടിയില്‍ ചവിട്ടിയരക്കപ്പെട്ടെന്നും തിരിച്ചറിയാനും നാം വൈകി അല്ലേ...സാരമില്ല..ഇനിയുമത് ആവര്‍ത്തിക്കാതിരിക്കാന്‍ അനുഭവങ്ങള്‍ പാഠമാകട്ടെ…..