Wednesday, September 22, 2010

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്

എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്‍ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.
ഇത് കേട്ടപ്പോഴാണ് നമ്മുടെ മക്കളൊക്കെ നമ്മള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും എത്ര അകലത്തു കൂടെയാണ് വളരുന്നതെന്ന യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊള്ളുന്നത്. കള്ളത്തരം എന്നതിന് ജൂട്ട് എന്നാണ് ഹിന്ദിയില്‍ പറയുന്നതെന്നും ഇപ്പ ചോദിച്ചത് ചൂട്ട് എന്ന ടോര്‍ച്ചിന് പകരം ഞങ്ങള്‍ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന വെളിച്ചം കാണാനുള്ള ഉപകരണത്തിന്റെ പേരാണെന്നും പറഞ്ഞപ്പോള്‍ പിന്നെയവള്‍ക്ക് സംശയങ്ങളോട് സംശയങ്ങള്‍.
ഗ്രാമീണ ജീവിതത്തില്‍ ചൂട്ടിനുണ്ടായിരുന്ന സ്ഥാനം നമുക്കെല്ലാം അറിയാം. ഉണങ്ങിയ തെങ്ങിന്റെ ഓല ഊര്‍ന്നെടുത്ത് ഒതുക്കി കെട്ടിയുണ്ടാക്കുന്നതാണ് ചൂട്ട്. ചെറുവാടിയിലെ ചൂട്ടു കച്ചവടത്തെപ്പററി ഓര്‍ക്കുന്നവരാരൊക്കെയുണ്ട്. ചേലപ്പുറത്ത് കോയക്കുട്ടി കാക്കയുടേയും കുറുവാടുങ്ങള്‍ മൊയ്തീന്‍ കുട്ടി കാക്കയുടേയും പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടേയും കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്കയുടേയും ഒക്കെ കടകളില്‍ അന്ന് ചൂട്ടു വാങ്ങാന്‍ കിട്ടുമായിരുന്നു. ഇവര്‍ക്കൊക്കെ ഹോള്‍ സെയിലായി ചൂട്ടെത്തിച്ച് കൊടുത്തിരുന്ന പഴംപറമ്പ് ഭാഗത്ത് നിന്നും വരുന്ന കുറേ ആളുകളുണ്ടായിരുന്നു. രണ്ട് പൈസ മുതല്‍ അഞ്ച് പൈസ വരെയായിരുന്നു ചൂട്ടിന്റെ വില. ഇവരുടെയൊക്കെ കച്ചവടത്തിനടയിലാണ് മുന്തിയ ഇനം ചൂട്ടുകളുമായി കുററിക്കാട്ടു കുന്നത്തെ നാടിക്കുട്ടിയുടെ കച്ചവടം നടക്കുന്നത്. നാടിക്കുട്ടിയുടെ ചൂട്ടിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഹൈഫൈ ചൂട്ട് എന്ന് പറയാവുന്ന ഇവയുടെ നിര്‍മ്മാണ രീതി അല്‍പ്പം തലയുയര്‍ത്തി തന്നെ നാടിക്കുട്ടി വിശദീകരിക്കുന്നത് കേള്‍ക്കണം. ഗോശാലപറമ്പത്തെ ജോലിക്കിയിലാണ് നാടി ചൂട്ടിനുള്ള റോ മെററീരിയല്‍സ് ശേഖരിക്കുന്നത്. നാടിയുടെ സ്പെഷ്യല്‍ ചൂട്ടിന് ഉണങ്ങിയ തെങ്ങോല മാത്രം പോര. തെങ്ങിന്റെ ഉണങ്ങിയ കൊതുമ്പും അരിപ്പയും നാടി ഇതിനായി ഉപയോഗിക്കുന്നു. ഈ വസ്തുക്കളൊന്നും പേരു കൊണ്ടറിയാത്തവര്‍ ക്ഷമിക്കണം. സംശയങ്ങള്‍ ഈമെയിലില്‍ അയച്ചാല്‍ വിശദമാക്കിത്തരാം….ലോള്‍. ഓലയുടെ കൂടെ ചെറുതായി ചീന്തി തയ്യാറാക്കിയ കൊതുമ്പും അരിപ്പയും ചേര്‍ത്ത് കെട്ടി മനോഹരമായി തയ്യാറാക്കുന്നതാണ് നാടിക്കുട്ടിയുടെ ചൂട്ട്. ഇതിന്റെ പ്രത്യേകതയും നാടി പറയും. ഇതും കത്തിച്ച് നാടി കൊണ്ടോട്ടി നേര്‍ച്ചക്കും നിലമ്പൂര്‍ പാട്ടിനും പോയിട്ടുണ്ടെന്നാണ് വീരവാദം പറയുന്നത്. അസര്‍ ബാങ്ക് കൊടുത്താല്‍ പണി മതിയാക്കി പുഴയില്‍ കുളിച്ച് ചൂട്ടും കെട്ടി കൂട്ടുകാരോടൊപ്പം കൊണ്ടോട്ടി നേര്‍ച്ചക്ക് പോകും. വഴിയില്‍ വെച്ച് ഇരുട്ടാകും. പിന്നെ ചൂട്ട് കത്തിച്ചാല്‍ കൊണ്ടോട്ടി എത്തിയാലും തീരാത്ത ചൂട്ട് കുത്തിക്കെടുത്തി തിരിച്ചു പോരാന്‍ ബാക്കിയുണ്ടാകുമെന്നാണ് അവകാശവാദം. എങ്ങിനെയുണ്ട്? ഇന്നത്തെ റീ ചാര്‍ജബിള്‍ ടോര്‍ച്ചിന്റെ ചാര്‍ജ് പോലും ഓമാനൂരെത്തുമ്പോഴേക്കും തീരില്ലേ?
അന്നത്തെ ആവേശകരമായ പ്രകടനങ്ങളായിരുന്നു പന്തം കൊളുത്തിയും ചൂട്ടു കൊളുത്തിയും നടന്നിരുന്നവ. പിറേറ ദിവസം നടക്കുന്ന ബന്തിനേക്കുറിച്ചോ ഹര്‍ത്താലിനെക്കുറിച്ചോ ഉള്ള വിളംബര ജാഥയായിരിക്കും അധികവും ചൂട്ടു കത്തിച്ചും പന്തം കൊളുത്തിയും നടക്കുന്നത്. ജാഥയുടേയും മുദ്രാവാക്യം വിളികളുടേയും ആവേശം നിലച്ചതു പോലെ പന്തം കൊളുത്തലും ഇന്നില്ല. പാടത്ത് വക്കത്തുള്ള എന്റെ വീട്ടിലിരുന്നാല്‍ കാണുന്ന അന്നത്തെ മനോഹരമായ ഒരു കാഴ്ചയായിരുന്നു പറയങ്ങാട്ട് ഉത്സവം നടക്കുമ്പോള്‍ പാടവരമ്പിലൂടെ പോകുന്ന ചൂട്ടുകള്‍. നിരനിരയായ പ്രകടനം പോകുന്നതു പോലെ ചൂട്ടും മിന്നി ആളുകള്‍ നടന്നു പോകും. അത് നേരം വെളുക്കുന്നത് വരെ തുടരും.

Naadiyude Makan Imbichi Vellan
 ചൂട്ടിന് കുറേ വീരസാഹസ കഥകളും അന്ന് പറയാനുണ്ടായിരുന്നു. വമ്പത്തരങ്ങള്‍ പറയുന്നവരുടെ കഥകളിലൊക്കെ ചൂട്ടിനും ഒരു പാര്‍ട്ടുണ്ടാകാറുണ്ട്. ചൂട്ടു കൊണ്ടടിച്ചതും ചൂട്ട് മുഖത്ത് കുത്തിക്കെടുത്തിയതുമായ സാഹസിക കഥകള്‍. ശരിയാണേന്നറിയില്ല ഒരു ചൂട്ടു കഥ ഞാനും പറയാം. ചെറുവാടി അങ്ങാടിയിലെ ചേററൂര്‍ അബ്ദുള്ള കാക്കയുടെ പലചരക്കു കടയുടെ സമീപത്ത് അന്ന് തട്ടാന്‍ സുന്ദരന്റെ (സുന്ദരനെ നിങ്ങള്‍ക്കറിയാലോ) അച്ഛന്‍ സ്വര്‍ണ്ണക്കട നടത്തിയിരുന്നു. തട്ടാന്‍ രാമരുടെ പ്രശസ്തമായ കടയുണ്ടായിരുന്ന കാലഘട്ടത്തില്‍ ചെറുവാടി അങ്ങാടി സമീപ പ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായ ഗോള്‍ഡ് സൂക്ക് ആയിരുന്നു. സുന്ദരന്റെ അച്ഛന്‍ (പേര് ഞാന്‍ മറന്നു പോയതില്‍ ക്ഷമിക്കുക) വൈകുന്നേരം കടയടച്ച് പരപ്പിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വലിയ ചൂട്ടും കത്തിച്ചാണ് പോകാറ്. ഒരു ദിവസം നമ്മുടെ പാറമ്മല്‍ കുഞ്ഞഹമ്മദ് കാക്കയുടെ മകന്‍ ഉസ്സന്‍ കുട്ടി ഈ ചൂട്ടിന്റെ പുറകേ പോയി പോലും. കുറേ ദൂരം പോയി ആളനക്കം കേട്ട് തട്ടാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഉസ്സന്‍ കുട്ടിയെ കണ്ടു. ഉടനെ ചൂട്ട് അദ്ദേഹം കുത്തിക്കെടുത്തിയിട്ടു പറഞ്ഞുവത്രെ അങ്ങിനെ നീ ഓസിന് എന്റെ ചൂട്ടിന്റെ വെളിച്ചത്തില്‍ വീട്ടില്‍ പോകണ്ടാന്ന്. ഇതില്‍ അരിശം വന്ന ഉസ്സന്‍ കുട്ടി ഇരുട്ടത്ത് പ്രായം ചെന്ന തട്ടാനെ അടിച്ചു എന്നാണ് ഒരു കഥ.
അങ്ങാടിയുടെ വളരെയടുത്തുള്ള എന്റെ വീട്ടിലേക്ക് രാത്രിയില്‍ ഒററക്ക് പോകേണ്ടതായി വരുമ്പോള്‍ ഞാന്‍ സ്ഥിരമായി ഒരു ചൂട്ട് വാങ്ങുമായിരുന്നു. ചൂട്ടുണ്ടെങ്കിലും വഴിയിലുള്ള സ്കൂള്‍ പറമ്പിലെത്തുമ്പോ ചൂട്ടുമായി ഒരൊററ ഓട്ടമാണ് വീട്ടിലേക്ക്. അത്രക്കുണ്ടായിരുന്നു അന്ന് ധൈര്യം. കൂട്ടമായി ചൂട്ട് കത്തിച്ചു കൊണ്ട് പോകുന്നത് കാണുക പിന്നെ ചെറിയ പെരുന്നാള്‍ തലേന്ന് ഫിത്വര്‍ സക്കാത്ത് വാങ്ങാന്‍ വീടുകള്‍ കയറിയിറങ്ങുന്ന സ്ത്രീകളുടെ കയ്യിലാണ്. സംഘടിത ഫിത്വര്‍ സക്കാത്ത് കളക്ഷനും വിതരണവുമൊന്നും ഇന്നത്തെപ്പോലെ അന്ന് ഉണ്ടായിരുന്നില്ലല്ലോ.
കാര്യമെന്തൊക്കെയായാലും ചൂട്ടിനൊരു നൊസ്ററാള്‍ജിക് ടച്ച് ഉണ്ടല്ലേ...നിങ്ങളെന്തു പറയുന്നു? കുറേ എഴുതാനുണ്ട്. ഇതൊക്കെ പറയുമ്പോഴും എഴുതുമ്പോഴും വല്ലാത്ത ഒരു സുഖാനുഭൂതി. ഇന്നത്തെ പവ്വര്‍ കട്ട് സമയത്തെ ഇരുട്ടും നിശ്ശബ്ദതയും ജുഗല്‍ ബന്ധി നടത്തുന്ന ശാന്ത സുന്ദരമായ അര മണിക്കൂര്‍ സമയം ഇതിന്റെയൊക്കെ ഒരു റീകോള്‍ ആയാണ് എനിക്ക് അനുഭവപ്പെടാറ്. അതു കൊണ്ട് തന്നെ കേരളത്തില്‍ നിന്നും ആ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കുന്ന പവ്വര്‍ കട്ടെങ്കിലും എടുത്തു കളയാതിരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന……നിങ്ങളുടേയോ?
00000000000000000000000000000

4 comments:

  1. chooooooooot, varikalkiidayil nadan touche ulluuu. ethra sundaramayanu ormakalanu kuthikkurichath. vidoora deshath ninnum nadinte thudipukal kothikkunna oormakal iniyum undavatte. naatukaranallenkilum usmankuttiyum nanadiyumokke ooro nadinteyum kathapathrangal thennayanallo.
    abhinandanagal

    ReplyDelete
  2. Shakeebji,

    Excellent.....Nostalgic words.Keep on writing..

    With reverence,
    Sheeba Ramachandran

    ReplyDelete
  3. നല്ല ചൂട്ട് ചരിത്രം

    ReplyDelete