Sunday, September 19, 2010

പമ്പര പുരാണം

പമ്പര പുരാണം
പമ്പരത്തിന് എന്ത് പുരാണം അല്ലെ...എന്നാല്‍ അങ്ങിനെയല്ല. പമ്പരത്തിനുമുണ്ടൊരു പുരാണം പറയാന്‍.. ചെറുപ്പത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കളിക്കോപ്പ് ഈ വട്ടത്തില്‍ കറങ്ങുന്ന പമ്പരം തന്നെയായിരുന്നു. പമ്പരം കറക്കലിന്റെ ആശാനാണെങ്കില്‍ എം.സി എന്ന് അല്‍പ്പം വലുതായ ശേഷം ഞങ്ങള്‍ വിളിക്കുന്ന കരിമ്പനങ്ങോട്ട് മുഹമ്മൂദും..അങ്ങിനെ പറഞ്ഞാലറിയില്ല അവനെ. ഉമ്മാച്ചുട്ട്യാത്തന്റെ മുഹമ്മൂദെന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും അറിയാം. ഏക ആണ്‍തരിയായ മുഹമ്മൂദിനെ ഉമ്മാച്ചുട്ട്യാത്ത പൊന്നു പോലെയാണ് വളര്‍ത്തിയത്. ചെറുപ്പത്തിലെ ബാപ്പ മരിച്ചു പോയ അവനെ കഷ്ടപ്പാടിന്റെ അങ്ങേ തലക്കല്‍ നിന്ന് കുറേ പെണ്‍മക്കളോടൊപ്പം വളര്‍ത്തിയെടുക്കാന്‍ സ്നേഹനിധിയായ ആ ഉമ്മ ഒട്ടൊന്നുമല്ല പാടു പെട്ടത്. അവന്‍ പറയുന്നതെന്തും പാടത്തെ പണിയും നെല്ലു കുത്തും ഓല മെടയലും ഒക്കെ കഴിഞ്ഞു വരുമ്പോ ഉമ്മാച്ചുട്ട്യാത്ത വാങ്ങിക്കൊണ്ടു വരുമായിരുന്നു.
വളരെയധികം കഴിവുകളുള്ള ഒരു കുട്ടിയായിരുന്നു മുഹമ്മൂദ്. അതു കൊണ്ടു തന്നെ ഞങ്ങളുടെയൊക്കെ ക്യാപ്ററന്‍ എന്നോ ഗാംഗ് ലീഡര്‍ എന്നോ ഒക്കെ അവനെ വിളിക്കാമായിരുന്നു. ഇടപെടുന്ന എന്തിലും അവന്‍ അവന്റെ കഴിവു തെളിയിച്ച് നായക സ്ഥാനം നേടുമായിരുന്നു. കുറഞ്ഞ ക്ളാസുകളിലേ സ്കൂളില്‍ അവന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തില്‍ ചാത്തമംഗലത്തെ ഗ്രൌണ്ടില്‍ നടക്കുന്ന സ്കൂള്‍ കായികമേളകളില്‍ എന്തെങ്കിലും ഒക്കെ മെഡലുകള്‍ അവന്‍ വാങ്ങിക്കൂട്ടുമായിരുന്നു. കുട്ട്യാലി മാസ്ററര്‍ക്കും ശിവദാസന്‍ മാസ്ററര്‍ക്കും കുഞ്ഞിമൊയ്തീന്‍ മാസ്ററര്‍ക്കും ഒക്കെ അതുകൊണ്ട് തന്നെ അവന്‍ തോററാലും വേണ്ടില്ല സ്കൂളിന്റെ രജിസ്റററില്‍ ഉണ്ടാകണം എന്നൊരു താല്‍പ്പര്യം ഉണ്ടായിരുന്നു. ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ചെറുവാടി സ്കൂളില്‍ ഒരു വലിയ വാര്‍ഷികാഘോഷം നടന്നത്. പടിക്കംപാടത്തെ ഫുട്ബോള്‍ ഗ്രൌണ്ടില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ മുഹമ്മൂദിന്റെ ഒരു ഐററം എനിക്കോര്‍മ്മയുണ്ട്. തൊപ്പിക്കച്ചവടക്കാരനും കുരങ്ങനും എന്ന കഥയുടെ ദൃശ്യാവിഷ്കാരം. വാര്‍ഷികാഘോഷങ്ങളുടെ നെടുംതൂണായിരുന്ന കമലാഭായി ടീച്ചര്‍ എത്രയോ തവണ അവനെ അഭിനന്ദിക്കുന്നത് അസൂയയോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്. കമലാഭായി ടീച്ചറെ ഇടയ്ക്ക് പരാമര്‍ശിക്കപ്പെട്ടതു കൊണ്ട് ഒന്ന് രണ്ട് കാര്യം കൂടെ പറയട്ടെ. തികച്ചും മാതൃകാ അധ്യാപിക എന്നു വിളിക്കാവുന്ന ഒരു ഗുരുനാഥയായിരുന്നു കമലാഭായി ടീച്ചര്‍. മൂന്നാം ക്ളാസു മുതല്‍ അന്ന് ഇംഗ്ളീഷ് ഒരു പാഠ്യവിഷയമായിരുന്നു. കമലാഭായി ടീച്ചറുടെ ക്ളാസുകള്‍ ഏറെ കൌതുകം നിറഞ്ഞതും ഇന്നത്തെ ഡി.പി.ഇ.പി ക്ളാസുകളുടെ രീതിയിലുമായിരുന്നു. ധാരാളം ടീച്ചിംഗ് മെററീരിയലുകളുമായാണ് മററ് ടീച്ചര്‍മാരില്‍ നിന്നും വളരെ വ്യത്യസ്ഥയായിരുന്ന ടീച്ചര്‍ ക്ളാസിലെത്തിയിരുന്നത്. റേഡിയോ അന്ന് അപൂര്‍വ്വമായ ഒരു വസ്തുവായിരുന്നു. വളരെ കുറഞ്ഞ വീടുകളില്‍ മാത്രമുള്ള ഒരു ആഡംബര വസ്തു. കോഴിക്കോട് റേഡിയോ സ്റേറഷനില്‍ ആഴ്ചയില്‍ ഒരു ദിവസമുണ്ടാകുന്ന ഇംഗ്ളീഷ് പരിപാടി ഞങ്ങള്‍ കുട്ടികളെ കേള്‍പ്പിക്കാനായി ടീച്ചര്‍ അവരുടെ വീട്ടിലെ റേഡിയോ സ്കൂളില്‍ കൊണ്ടു വരും. എന്നിട്ട് സ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഞങ്ങളെയെല്ലാം വട്ടത്തില്‍ ഇരുത്തിയിട്ട് ഇംഗ്ളീഷ് ലേണിംഗ് പരിപാടി കേള്‍പ്പിക്കും. അതു പോലെ തന്നെ ബാലലോകം, ശീശുലോകം തുടങ്ങിയ പരിപാടികളും ഞങ്ങളെ കേള്‍പ്പിക്കാന്‍ ടീച്ചര്‍ ശ്രമിക്കാറുണ്ടായിരുന്നു. ടീച്ചര്‍ ആയിടെ തന്നെ ടീച്ചറുടെ നാടായ കോവൂരിലേക്കോ മറേറാ ട്രാന്‍സ്ഫര്‍ ആയി പോയി. ഏറെ ദുഃഖത്തോടെയാണ് അന്ന് ടീച്ചറെ എല്ലാരും യാത്രയാക്കിയത്.
മുഹമ്മൂദും കമലാഭായി ടീച്ചറും സാന്ദര്‍ഭികമായി വന്നെന്ന് മാത്രം. വിഷയം നമ്മുടേത് പമ്പരമാണ്. മനോഹരമായി പമ്പരം നിര്‍മ്മിക്കുന്നതില്‍ വിദഗ്ദനായിരുന്നു മുഹമ്മൂദ്. പമ്പരം മാത്രമല്ല. ഈന്തിന്റെ തടി വെട്ടി മനോഹരമായി ഉന്തുവണ്ടിയുടെ ചക്രമുണ്ടാക്കാനും വെള്ളപ്പൊക്കത്തിന് ഒരിക്കലും മുങ്ങിപ്പോകാത്ത വാഴപ്പിണ്ടി കൊണ്ടുള്ള പാണ്ടി ഉണ്ടാക്കാനും വീട്ടുമുററങ്ങളിലും നെല്ലുകൊയ്ത പാടങ്ങളിലും സര്‍വ്വസാധാരണമായിരുന്ന കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ ആകര്‍ഷകങ്ങളായി ട്രോഫികള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കാനും മുഹമ്മൂദ് മിടുക്കനായിരുന്നു. പമ്പരങ്ങള്‍ അന്ന് കാഞ്ഞിര മരത്തിന്റെ തടി കൊണ്ടായിരുന്നു മുഹമ്മൂദ് നിര്‍മ്മിച്ചിരുന്നത്. അഴകോടെ കട്ട് ചെയ്ത് എടുത്ത ശേഷം കുപ്പിച്ചില്ലു കൊണ്ട് വരണ്ടി വരണ്ടി അത് മിനുസപ്പെടുത്തും. ഏറെ നേരത്തെ കഠിനാദ്ധ്വാനം തന്നെയാണ് ഒരു നല്ല പമ്പരം. ഞങ്ങളൊക്കെ പലപ്പോഴും ട്രൈ ചെയ്തെങ്കിലും പരാജയപ്പെടാറാണ്. അല്‍പ്പം ക്ഷമയും കലാവിരുതും ഒക്കെ അതിനാവശ്യമാണ്. മരത്തില്‍ വെട്ടിയുണ്ടാക്കുന്ന പമ്പരത്തിന് ഇരുമ്പാണി അടിക്കുന്നത് അതിനേക്കാള്‍ ശ്രദ്ധ വേണ്ട ജോലിയാണ്. വളരെ കൃത്യമായിരിക്കണം ആണിയടിക്കുന്നത്. സാധാരണ പമ്പരത്തില്‍ നിന്നും വ്യത്യസ്തമാണ് ചതുരാണി പമ്പരം. ചതുരത്തിലുള്ള ഒരു തരം ആണിയാണ് അതില്‍ തറക്കുന്നത്. ഈ ആണി ഉണ്ടാക്കി കൊടുത്തിരുന്നത് നമ്മുടെ നാട്ടുകാരുടെ ദേശീയ പെരുംകൊല്ലനായ കൂച്ചുവായിരുന്നു. ചതുരാണി പമ്പരം അന്ന് വി.ഐ.പി കളുടെ കയ്യില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏത് പമ്പരത്തേയും ഞൊടിയിടയില്‍ കീഴ്പ്പെടുത്തി എറിഞ്ഞ് രണ്ട് കഷ്ണമാക്കാന്‍ ചതുരാണി പമ്പരത്തിന് കഴിഞ്ഞിരുന്നു. പാറപ്പുറത്ത് ആലിബാപ്പു, പുത്തലത്ത് ആലുവായി, കപ്പിയേടത്ത് ശിവരാമന്‍, മുഹമ്മൂദ്, പുത്തലത്ത് സീമു തുടങ്ങി ചുരുക്കം ചില പമ്പര വീരന്‍മാരുടെ കയ്യില്‍ മാത്രമാണ് ചതുരാണി പമ്പരം ഉണ്ടായിരുന്നത്. അണ്ടി കളിയിലും ഗോട്ടി കളിയിലും, പമ്പരമേറിലും ഒന്നും ഇവരെ വെല്ലാന്‍ പററിയവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
മുഹമ്മൂദിന്റെ പമ്പരം കൊണ്ടുള്ള അഭ്യാസങ്ങളും ഞങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. പമ്പരം കറക്കി താഴെ എറിഞ്ഞ് കയ്യിലേക്ക് എടുക്കുന്നതും, നേരെ കയ്യിലേക്ക് കറക്കി എറിയുന്നതും, കയറില്‍ തന്നെ കറക്കുന്നതും ഒക്കെ അത്ഭുതം കൂറിയ കണ്ണുകളോടെയാണ് ഞങ്ങള്‍ നോക്കി നിന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലെ ഗ്ളോബല്‍ വില്ലേജില്‍ ഒരു ചൈനക്കാരന്‍ പമ്പരത്തിന്റെ ആധുനിക വേര്‍ഷനായ യോയോ വില്‍ക്കുന്നത് ഞാന്‍ ഏറെ നേരം നോക്കി നിന്നു. അയാള്‍ മുഹമ്മൂദിനെപ്പോലെ യോയോ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുന്നു. അയാളുടെ അഭ്യാസങ്ങള്‍ കാണുന്നവരെല്ലാം അത് ഉടനെ 20 ദിര്‍ഹം കൊടുത്തത് വാങ്ങുന്നു. ഞാനും വാങ്ങി രണ്ടെണ്ണം. വീട്ടിലെത്തി എത്ര ശ്രമിച്ചിട്ട ും അതൊന്ന് നേരാം വണ്ണം കറക്കാന്‍ പോലും എനിക്കായില്ല.
നാട്ടിലെ പമ്പരങ്ങള്‍ ഇത്തരം ആധുനിക കളിക്കോപ്പുകള്‍ക്ക് വഴിമാറി. കംപ്യൂട്ടറില്‍ പമ്പര സമാനങ്ങളായ ഗെയിമുകള്‍ വന്നു. കായികാദ്ധ്വാനം ഇല്ലാതെ തന്നെ കുട്ടികള്‍ അതില്‍ കളിച്ചു രസിക്കുന്നു. നാടോടുന്നു പുറകെ നമ്മുടെ കുട്ടികളുംഎ.മുഹമ്മൂദിനും ഇന്ന് അതിനെക്കുറിച്ചോര്‍ക്കാന്‍ സമയം കാണില്ല. അവന്റെ നല്ല കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അതിനവനു സാധിച്ചില്ല. സാഹചര്യം അങ്ങിനെയൊക്കെ ആക്കി തീര്‍ത്തതാവാം. ആരേയും കുററപ്പെടുത്തിയിട്ടു കാര്യമില്ല. കുറേ ആയി അവനെ കണ്ടിട്ട്. നല്ല നിലയിലാണെന്നും അല്ലെന്നും ഒക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്കറിയില്ല. നല്ലത് മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
00000000000000000000000000000000000000

1 comment:

  1. അങ്ങിനെ അനുഭവങ്ങളുടെ ഭണ്ഡാരപ്പെട്ടി തുറന്നൊഴുകട്ടെ...
    ആശംസകള്‍...

    നജിം കൊച്ചുകലുങ്ക്

    ReplyDelete