Saturday, October 2, 2010

അല്‍പ്പം സേവനവാര ചിന്തകള്‍

ഗാന്ധി ജയന്തി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ചിന്തകള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സേവന വാരത്തിന്റേതാണ്. കുട്ടികള്‍ ഏറെറടുത്ത് ആഘോഷിക്കുന്ന ഒരാഴ്ചയായിരുന്നു സേവന വാരം. സ്കൂളും സ്കൂളിലേക്കുള്ള റോഡും ടോയ്ലെററും അങ്ങാടിയിലെ കവലകളും എല്ലാം വൃത്തിയാക്കുന്ന ഒരു മഹായജ്ഞം. അന്ന് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ചിരുന്നതെല്ലാം ഇന്ന് ദിവസേന ആചരിക്കുന്നതോണ്ടും വൃത്തിഹീനമായ കവലകളും ടോയ്ലെററും സ്കൂള്‍ പരിസരവുമൊന്നും ഇന്ന് പതിവില്ലാത്തതിനാലും ഒരു സ്പെഷ്യല്‍ സേവന വാരത്തിന് വലിയ പ്രസക്തിയൊന്നുമില്ലല്ലോ ഇന്ന്. അത് മാത്രവുമല്ല സ്കൂള്‍ പാഠ്യപദ്ധതിയെല്ലാം പരിഷ്കരിച്ച് പഠനത്തിനപ്പുറമുള്ള അക്ടിവിററീസ് ദിവസേനയുള്ള കരിക്കുലത്തില്‍ വന്നതിനാല്‍ വര്‍ഷത്തിലൊരിക്കലൊരു സേവന വാരത്തിലപ്പുറം കുട്ടികള്‍ എന്നും ഇതെല്ലാം ആസ്വദിക്കുകയുമാണ് നമ്മുടെ സ്കൂളുകളില്‍. ദിവസേന വീട്ടിലെ മെനുവില്‍ ഇറച്ചിയുമൊക്കെ വന്നപ്പോ വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്നുയരുമായിരുന്ന ആ പ്രത്യേക സ്വാദുള്ള മണത്തിന് പ്രസക്തി നഷ്ടപ്പെട്ട പോലെ മാസത്തില്‍ ഒരു കൂട്ടം പുതിയ ഉടുപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് പെരുന്നാളിന്റെ പുത്തനുടുപ്പിലെ പുതുമ നഷ്ടപ്പെട്ട പോലെ ഗാന്ധിജയന്തി ദിനത്തിലെ സേവന വാര പുതുമയും മക്കള്‍ക്ക് നഷ്ടപ്പെട്ടു എന്നതും ഒരു വസ്തുതയാണ്.

എന്നാലും ആ പഴയ കാല സേവന വാരത്തിന്റെ ചില നിറം മങ്ങാത്ത ഓര്‍മ്മകള്‍ അകത്തളങ്ങളില്‍ ആവേശത്തിന്റെ അലയടിയുണ്ടാക്കുന്നു. ചെറുവാടി സ്കൂളിന്റെ ആ പഴയ ചിത്രം ഓര്‍മ്മയുണ്ടാകുമല്ലോ. സ്വന്തമായി ഒരു ചെറിയ ഓടിട്ട കെട്ടിടവും പുറകില്‍ ഒരു ചെറിയ ഷെഡ്ഢും. എല്‍.പി ക്ളാസുകള്‍ ചക്കുംപുറായിലെ നുസ്രത്തുദ്ദീന്‍ മദ്രസ്സയുടെ കെട്ടിടങ്ങളില്‍. യു.പി ക്ളാസുകളില്‍ പലതും സ്കൂള്‍ വളപ്പിലെ മരങ്ങളുടെ തണലില്‍. ഇന്നത്തെ സ്കൂളിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകുന്നു അന്ന് ഈ സാറമ്മാരെല്ലാം എങ്ങിനെ ഞങ്ങളെ മാനേജ് ചെയ്തു എന്നതോര്‍ത്ത്. ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും കുഞ്ഞിമൊയ്തീന്‍ മാസ്റററും ശിവദാസന്‍ മാസ്റററും മുഹമ്മദ് മദനി മാസ്റററും മമ്മദ് മാസ്റററും ചാലിയപ്പുറത്തെ ഗോപാലകൃഷ്ണന്‍ മാസ്റററും ഗോപാലന്‍ മാസ്റററും ഉമ്മര്‍ മാസ്റററും റഹീം മാസ്റററും തങ്കമ്മ ടീച്ചറും കമലാഭായി ടീച്ചറും ദേവയാനി ടീച്ചറും ഒക്കെ ഞങ്ങളെ നല്ലനിലയില്‍ പഠിപ്പിച്ച് വിടാന്‍ ഏറെ പണിപ്പെട്ടിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സ്കൂളില്‍ പുതിയ സൌകര്യങ്ങളൊക്കെ വന്നപ്പോഴേക്കും ഇതില്‍ പലരും ഓര്‍മ്മയായി മാറിയിരുന്നു. ചിലര്‍ക്കൊക്കെ പുതിയ സൌകര്യങ്ങളും ആസ്വദിക്കാനായിട്ടുണ്ട്.

സേവന വാരത്തില്‍ ആദ്യം വൃത്തിയാക്കുന്ന ഒന്നായിരുന്നു സ്കൂളിലെ ടോയ്ലെററ്. അന്നതിന് ടോയ്ലെററ് എന്നായിരുന്നില്ല ഞങ്ങള്‍ പറഞ്ഞിരുന്നത്. അത് പാത്താനുള്ള മറയായിരുന്നു. അത് കൊണ്ട് തന്നെ പാത്തുമറ എന്ന് പറയുന്നതാണ് എനിക്കോര്‍മ്മ. മൂത്രപ്പുര എന്ന് ഒഫീഷ്യലി അറിയപ്പെട്ടിരുന്നു. അതിനകത്തെ ആ മണം ഇന്നും മൂക്കില്‍ നിന്നും പോയിട്ടില്ല. ആകെ ഒരു സേവന വാര നാളുകളിലാണത് വൃത്തിയാക്കപ്പെടുന്നത്. സേവന വാരത്തിന്റെ ഗുണം ലഭിക്കുന്ന മറെറാന്നാണ് ഓഫീസിന് മുന്നിലെ ഗാര്‍ഡന്‍. രണ്ടാള്‍ ഉയരത്തില്‍ പൊങ്ങിക്കിടക്കുന്ന ചെമ്പരത്തിയും മാസം മാറിയും വാഴച്ചെടികളും ഒക്കെയായിരുന്നു ഗാര്‍ഡനിലുണ്ടായിരുന്നത്. ഇതിലെ പുല്ലെല്ലാം ചെത്തി കൂട്ടിയിട്ട് തീയ്യിടും. എല്ലാം നിയന്ത്രിക്കാന്‍ കുഞ്ഞിമൊയ്തീന്‍ മാസ്റററും മമ്മദ് മാസ്റററും ഒക്കെയുണ്ടാകും. സേവനവാര നാളുകളില്‍ പൂന്തോട്ടത്തില്‍ നിന്നും കണിച്ചാടി യൂസുഫ് കണ്ടെത്തിയ ഒരു പ്രത്യേക പ്രാണിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കൈകൂപ്പി നില്‍ക്കുന്ന ഒരു ജീവി. അതിന്റെ ശരിയായ നാമം തേടി അന്ന് സയന്‍സ് അധ്യാപകനായ ശിവദാസന്‍ മാസ്ററര്‍ ലൈബ്രറിയിലുള്ള ഒരു പാട് പുസ്തകങ്ങള്‍ തപ്പിയിട്ടും രക്ഷ കിട്ടിയിരുന്നില്ല. ഇന്നാണെങ്കില്‍ കംപ്യൂട്ടര്‍ ലാബിലെ ഇന്റര്‍നെററ് ബ്രൌസറിലൂടെ നിമിഷങ്ങള്‍ക്കകം കണ്ടെത്താമായിരുന്നു അല്ലേ.

സേവന വാര ദിനങ്ങളിലെ സ്പെഷ്യല്‍ ആകര്‍ഷണം പാറക്കെട്ടില്‍ കുഞ്ഞോലനാക്ക (സ്കൂളിലെ ഉപ്പ്മാവിന്റെ ഇന്‍ ചാര്‍ജ്) ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു. ചെറുവാടിയുടെ ഒഫീഷ്യല്‍ മെക്കാനിക്കായിരുന്ന കുഞ്ഞോലനാക്കക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പി.കെ കുട ആസ്പത്രി (ബച്ചുവാണ് ആ പേര് നല്‍കിയതെന്ന് തോന്നുന്നു) കുടകള്‍ക്ക് മാത്രമല്ല, കേട് വന്ന റേഡിയോ, ടോര്‍ച്ച്, വാച്ച്, ടൈംപീസ്, (ഇതിലപ്പുറമൊരു ഇലക്ട്രോണിക് ഉപകരണവും നാട്ടിലുണ്ടായിരുന്നില്ലല്ലോ) എന്നിവയും അഡ്മിററ് ചെയ്യപ്പെട്ടിരുന്ന ജനറല്‍ ആശുപത്രിയായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മററാരു സാധനമാണ് പെട്രോമക്സ് (വൈദ്യുതി വരുന്നതിന് മുന്‍പുള്ള വലിയ വിളക്ക്). കുഞ്ഞാലനാക്കയായിരുന്നു അന്ന് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്. സി.എസ്.എം എന്ന അമേരിക്കന്‍ പൊടി കലക്കിയ ഒരു സാധനമായിരുന്നു അന്ന് സ്കൂളുകളില്‍ നല്‍കിയിരുന്നത്.

ചെറുവാടിയിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പുള്ള റോഡിന്റെ ഒരു ചിത്രം നിങ്ങളിലില്ലേ. അങ്ങാടിയുടെ നടുവില്‍ നിന്നും റോഡ് രണ്ടായി മുറിഞ്ഞിരുന്നു. ഇതിന് കാരണം അങ്ങാടിയുടെ നടുവിലുണ്ടായിരുന്ന വലിയ ചീനി മരമായിരുന്നു. ചീനി ഒരു സംഭവമായിരുന്നു. ഒട്ടു മിക്ക സമ്മേളനങ്ങളും നടന്നിരുന്നത് അതിന്റെ ചുവട്ടിലായിരുന്നു. അതിന്റെ വേരില്‍ എപ്പോഴും കാണുമായിരുന്ന ഞങ്ങളുടെയൊക്കെ ഒരു പേടിസ്വപ്നമുണ്ടായിരുന്നു. അബൂബക്കര്‍ എന്ന മാനസിക രോഗി. കാലില്‍ നിറയെ കെട്ടൊക്കെ ഇട്ട് ഒരാള്‍. ചിലപ്പോഴൊക്കെ വയലന്റ് ആകുമായിരുന്ന അദ്ദേഹത്തെ കുട്ടികള്‍ക്കൊക്കെ വലിയ ഭയമായിരുന്നു. ചീനിയുടെ ചുവട്ടില്‍ ഒരു വലിയ പെട്ടിയുണ്ടായിരുന്നു. ഞാന്‍ ആദ്യമായി കണ്ട വെയ്സ്ററ് ബോക്സ് ആണത്. അങ്ങാടിയിലെ എല്ലാ വെയിസ്ററും കൊണ്ടു പോയി തള്ളിയിരുന്ന ആ വട്ടത്തിലുള്ള ബോക്സ് ആയിരുന്നു സേവനവാര ദിനങ്ങളില്‍ ഞങ്ങള്‍ വൃത്തിയാക്കിയിരുന്ന ഒന്ന്. അതില്‍ പ്രധാനമായുണ്ടായിരുന്നത് വേക്കാട്ട് മുഹമ്മദ് കാക്കയുടെ താര ബീഡി കമ്പനിയുടേയും കെ. ജി ആലി കാക്കയുടെ കെ.ജി ബീഡി കമ്പനിയുടേയും വെട്ടി ഒഴിവാക്കിയ ബീഡി ഇലകളായിരുന്നു. അന്ന് മിക്ക കച്ചവട സ്ഥാപനങ്ങളിലുമുണ്ടായിരുന്നവര്‍ സൈഡ് ബിസിനസ്സായി ബീഡി തിരക്കുമായിരുന്നു. വെയിസ്ററ് ബോക്സും കാവച്ചാലുകളും വൃത്തിയാക്കി ഞങ്ങള്‍ മുന്നേറുമ്പോള്‍ പലപ്പോഴും കാദര്‍ ഹാജിയുടേയും ഓവല്‍ മൊയ്തീനാക്കയുടേയും വകയായി മിഠായികളും ഒക്കെ ലഭിക്കുമായിരുന്നു. സേവന വാര കഥകള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

ചെറുവാടി ജി.യു.പി സ്കൂള്‍ ഇപ്പോ ഒരു പാട് വളര്‍ന്നു. സ്വന്തമായി കെട്ടിട സമുച്ചയവും പഠനോപാധികളും നല്ല അധ്യാപകരും മികച്ച പി.ടി.എ യും വലിയ ഗൈററും ഐ.ടി കേന്ദ്രവും ഒക്കെയായി ഒരു ഹൈസ്കൂളിന് വേണ്ട എല്ലാ സെററപ്പോടേയും നില്‍ക്കുന്നു. അടുത്തു തന്നെ അത് ഹൈസ്കൂള്‍ ആകുമെന്ന ശ്രുതിയുമുണ്ട്. രാഷ്ട്രീയ ചിന്തകളെ വികസന ചിന്തകള്‍ കീഴടക്കിയാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും തോന്നുന്നു. ഒരു പാട് ചരിത്രം പറയാനുള്ള ചെറുവാടി സ്കൂള്‍ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും കുട്ട്യാലി മാസ്റററെ പോലെ സ്കൂളിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹത് വ്യക്തികള്‍ക്ക് ഇതെല്ലാം കണ്ട് നിര്‍വൃതിയടയാന്‍ ആയുരാരോഗ്യവും സര്‍വ്വശക്തന്‍ പ്രധാനം ചെയ്യട്ടേ എന്ന പ്രാര്‍ത്ഥന മാത്രം.

3 comments:

  1. ഞാനും തിരിച്ചുപോയി. ആ പഴയ സ്കൂള്‍ കാലത്തേക്ക്. പ്രിയപ്പെട്ട അധ്യാപകരുടെ,കൂട്ടുകാരുടെ ഓര്‍മ്മകളിലേക്ക്. കുസൃതികളിലേക്ക്.
    ഇന്നും നാട്ടിലെത്തുമ്പോള്‍ സുന്ദരമായ ആ പുഞ്ചിരിയുമായി കുട്ട്യാലി മാസ്റ്ററെ കാണാറുണ്ട്‌.
    പുതിയ കെട്ടിടവും പുതിയ ചുറ്റുപാടും വന്നെങ്കിലും ഓര്‍മ്മകളില്‍ ആ പഴയ കാലം മായില്ല. പകരവുമാവില്ല.
    നന്ദി ഷക്കീബ്ക്ക. ആ ഓര്‍മ്മകളിലേക്ക് ഒരു തീര്‍ഥയാത്ര നല്‍കിയതിന്.
    ഈ വിശേഷം മനോഹരമായി. അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. nannayittundu, iniyum ezhudhuka.

    ReplyDelete