Tuesday, December 7, 2010

കാലുറുപ്പികക്ക് ഒരു വാരിയടി

കാലുറുപ്പിക തന്നെ അന്ന് വലിയൊരു എമൌണ്ടായിരുന്നു. പറയങ്ങാട്ടേയും കലങ്ങോട്ടേയും ഉത്സവപ്പറമ്പിലെ കുലുക്കി കുത്തില്‍ അടിക്കാവുന്ന വലിയ എമൌണ്ട്. നാലണയെന്നും പറയാം. നാലണന്റെ മത്തീന്ന് പറഞ്ഞാല്‍ ഒരു വലിയ കുടുംബത്തിന് തിന്ന് ആര്‍മാദിക്കാന്‍ മാത്രം ഉണ്ടാകുമായിരുന്നു. മത്തി (തെക്കന്‍ വായനക്കാരേ നിങ്ങള്‍ക്കറിയുന്ന ചാള തന്നെ ഈ സാധനം) ആണല്ലോ നമ്മുടെ ദേശീയ മത്സ്യം. വൈകുന്നേരം മത്തി വാങ്ങാത്ത വീടുകള്‍ കുറവായിരിക്കും. അഞ്ചു പൈസ മുതല്‍ തുടങ്ങും. മാക്സിമം നാലണക്ക്. വിരുന്നുകാര്‍ വന്നാല്‍ ചിലപ്പോ അത് എട്ടണ (അര ഉറുപ്പിക) വരെ പോകും. കണ്ടം മീനായിട്ട് കിട്ടണത് ഏറിപ്പോയാല്‍ തിരണ്ടിയോ ഏട്ടച്ചുള്ളിയോ ആണ്. ആരേയും പറഞ്ഞിട്ട് കാര്യമില്ല. അന്ന് അതേ അവിടെ ചെലവാകൂ. അതും വാങ്ങണതാരാ….കമ്പിനി പണിക്കാര്‍…..ഗ്വാളിയോര്‍ റയണ്‍സില്‍ നിന്നും ജനറല്‍ ഷിഫ്ററ് കഴിഞ്ഞു വരുന്നവര്‍ വാങ്ങിയാലായി. ബാക്കിയെല്ലാവര്‍ക്കും മത്തി തന്നെ എമ്പാടും മതി.

മീന്‍ കച്ചോടക്കാരിലെ അന്നത്തെ കുലപതി പെരുവയലുകാരനായ കാവുണ്ടത്തില്‍ മീനുമായി ക്യാററ് വാക്ക് നടത്തി വരുന്ന മീന്‍കാരന്‍ ആലിയാക്ക തന്നെ. പിന്നെ നമ്മുടെ നാട്ടുകാരന്‍ തന്നെ ആയ പോക്കാന്‍ മുഹമ്മദാക്ക ക്ഷമിക്കണം………അങ്ങിനെ പറഞ്ഞാലേ നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയൂ എന്നതോണ്ടാ……കാരയില്‍ പ. മുഹമ്മദ് എന്നാണ് അദ്ദേഹത്തിന്റെ ശാസ്ത്രനാമം. അതു കാണണമെങ്കില്‍ പഴയ രാമന്‍ കുട്ടി വൈദ്യരോ യു. ടി കാക്കയോ എഴുതി മടക്കി വെച്ച് ഇന്നാര്‍ക്കും വേണ്ടാത്ത ആ കുറിക്കല്യാണ ബുക്ക് തന്നെ പരതി നോക്കണം. പച്ചമീന്‍ കച്ചോടം ഇവരുടെ രണ്ടു പേരുടേയും കുത്തകയായിരുന്നെങ്കിലും നിരവധി മീന്‍ കൊട്ടകള്‍ ചുള്ളിക്കാപറമ്പിലും അങ്ങാടിയിലുമായി കാണാമായിരുന്നു. എല്ലാവരുടേയും പേരുകള്‍ മറന്നു പോയെങ്കിലും തേക്കിന്റെ ഇലയും മടക്കി പിടിച്ച് ഒന്നാ…ഒന്ന്..ഒന്ന്, രണ്ടാ…രണ്ട്..രണ്ട്...എന്ന് ഈണത്തില്‍ ചൊല്ലി അയിലയും മത്തിയും പലവകയും പെറുക്കിയിടുന്ന മീന്‍ കച്ചവടക്കാരുടെ എല്ലാം മുഖം വളരെ തെളിഞ്ഞ് കാണുന്നു. തടായില്‍ കോയാമാക്കയെ ഒരിക്കലും മറക്കാന്‍ പററില്ല. അടുത്ത കാലം വരെ നമ്മുടെ അങ്ങാടിയുടെ സ്പന്ദനങ്ങളില്‍ നിറഞ്ഞു നിന്ന കോയാമാക്ക കുറേക്കാലം സവാരിത്തോണിയിലും ജോലി ചെയ്തിട്ടുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും ചങ്ങാതിയായിരുന്ന കോയാമാക്ക അകാലത്തില്‍ നമ്മെ പിരിഞ്ഞു പോയി.

പഴംപറമ്പിലെ കാരയില്‍ ഫാമിലിയില്‍ നിന്നും കുറേപ്പേര്‍ മീന്‍ കച്ചവടക്കാരായുണ്ടായിരുന്നു. പഴംപറമ്പിലെ സഖാവ് കത്താലി കാക്കയും കുറേക്കാലം മീന്‍ കച്ചവടം ചെയ്തിരുന്നു. കാരയില്‍ കദിയാത്തയുടെ മറെറാരു മകനായ കോയക്കുട്ടി അടുത്ത കാലം വരെ എടവണ്ണപ്പാറയില്‍ നിന്നും തലച്ചുമടായി മീന്‍ കുട്ടയും തലയിലേന്തി കടവു കടന്ന് വരുന്നത് കണ്ടിട്ടുണ്ട്. ഇപ്പോ എന്തു ചെയ്യുന്നു എന്നറിയില്ല. എന്തായാലും ചെറുവാടിയിലെ മീന്‍ മാര്‍ക്കറെറന്നോ മീന്‍ ചാപ്പയെന്നോ ഒക്കെ വിളിക്കാവുന്ന പള്ളിപ്പീടിക വൈകുന്നേരങ്ങളില്‍ സജീവമാക്കിയിരുന്ന പലരും ഇന്ന് കാലയവനികക്കുള്ളിലാണ്. പുളിക്കല്‍ അലവി കാക്ക, പിന്നെ പോലീസ് എന്നു വിളിക്കുന്ന ഒരാള്‍ ഇവരൊക്കെ വിട പറഞ്ഞു പോയി. ഇവരുടെയെല്ലാം കൈകളില്‍ നിന്നും അഞ്ച് പൈസക്കും പത്ത് പൈസക്കും കുററിപ്പാളയില്‍ വരെ മീന്‍ വാങ്ങിയത് മറക്കാത്ത ഓര്‍മ്മകളാണ്. കാലുറിപ്പികക്കാണെങ്കില്‍ വാരിയടിയാണ്. എണ്ണാനൊന്നും നില്‍ക്കാറില്ല.

ചെറുവാടിയിലേയും ചുള്ളിക്കാപറമ്പിലേയും മത്സ്യ വിപണിയില്‍ വെറൈററികള്‍ അയക്കോറയുടേയും ആകോലിയുടേയും ഒക്കെ രൂപത്തില്‍ വന്ന് നിറഞ്ഞെങ്കിലും പഴയ ആ സജീവത കെട്ടു പോയിരിക്കുന്നു. അക്കരെ ആലുങ്ങലെ കീരനും ഇക്കരെ പൊററമ്മലെ അബ്ദുറഹ്മാനും ഗ്ളാൌസൊക്കെ ഇട്ട് മീന്‍ പെറുക്കി കീസിലിടുന്നത് കണ്ടപ്പോ പഴയ മീന്‍ മാര്‍ക്കററിലെ പ്രതാപ കാലം ഓര്‍ത്തു പോയതാണീ കുറിപ്പ്. പെരുവയലില്‍ നിന്നു വരുന്ന ആലിയാക്ക മീന്‍ കച്ചോടത്തിന്റെ പുറമെ മാങ്ങക്കാലമായാല്‍ ചെറുവാടിയിലേയും പരിസരങ്ങളിലേയും എല്ലാ മാവും വിളിച്ചെടുക്കും. അവരുടെ മാങ്ങ പറിക്കലും ഏറെ കൌതുകകരമായിരുന്നു. തോട്ടിയും മാലും കയറും ഉപയോഗിച്ച് മാങ്ങ പറിച്ച് കുട്ടകളില്‍ നിറച്ച് കൊണ്ടു പോകുന്നത് ആദ്യാവസാനം നോക്കിയിരിക്കുന്നത് ഞങ്ങളുടെയൊക്കെ ഹോബി മാത്രമായിരുന്നില്ല. തോട്ടിയുടെ അഗ്രത്തിലുള്ള കൊട്ടയില്‍ നിന്നും മാങ്ങ നിലത്തേക്ക് വീണാല്‍ പിന്നെ അവര്‍ എടുക്കില്ല. അത് ഞങ്ങള്‍ക്കുള്ളതായിരിക്കും. അത് പെറുക്കാനുള്ള മത്സരം കൂടിയായിരിക്കും അവിടെ. എവിടേയും അങ്ങിനെ റിസ്ക് എടുത്ത് പറിക്കേണ്ട മാവുകളില്ല. എല്ലാം മുറിച്ച് മാമ്പഴക്കാലത്തിന് ചിതയൊരുക്കി. നമ്മുടെ നല്ല കാലത്തിനും….

16 comments:

  1. എത്ര നന്നായി എഴുതിയിരിക്കുന്നു...

    ReplyDelete
  2. ഒരുരൂപക്കു മീന്‍ വാങ്ങിയത്‌ എനിക്ക്‌ നല്ല ഓര്‍മയുണ്ടു.തേക്കിന്റെ ഇലയില്‍ ആയിരുന്നു അന്നു മീന്‍ പൊതിഞ്ചു കിട്ടിയിരുന്നത്‌.പിന്നീടു 2 രൂപയായി പിന്നെ 3 ആയി അങ്ങനെ അങ്ങനെ കയറി പോയി.പുതു തലമുറക്കു പരിചിതമല്ലാത ഇത്തരം നുറുങ്ങുകള്‍ ഭംഗിയായി അവതരിപ്പിച്ചു നന്ദി.

    ReplyDelete
  3. ഷക്കീബ്ക്കാ.
    എനിക്ക് സംശയം ഞാനിപ്പോള്‍ ചെറുവാടിയിലോ ബഹ്റിനിലോ എന്നാണ്. നിങ്ങളുടെ ബ്ലോഗ്ഗിലെത്തുമ്പോള്‍ ശരിക്കും ചെറുവാടി അങ്ങാടിയില്‍ ഒരു ലുങ്കിയും ഉടുത്ത്‌ കറങ്ങുന്ന ഒരു ഫീല്‍ വരാറുണ്ട്. പിന്നെ മീന്‍കഥ പറയുമ്പോള്‍ അബ്ദുല്ലാക്കയെയും കുഞ്ഞസ്സനാക്കയെയും പറയാന്‍ മറക്കല്ലേ. എനിക്ക് ഓര്‍മ്മവെച്ച നാള്‍ മുതല്‍ അവരുണ്ട്. ഇപ്പോഴും.

    ReplyDelete
  4. മത്തിക്കച്ചവടത്തിന്റെ ഈണം, ചടുലത അനുഭവപ്പെടുന്നു. അവസാനം കഴിയാന്‍ നേരത്തുള്ള 'വാരിക്കൊടുക്കള്‍' ആണ് ഏറ്റവും ആവേശം നിറഞ്ഞത്.

    പോസ്റ്റിനു ആശംസകള്‍.

    ReplyDelete
  5. Shakeebkka.. great job.. definitly, this is a god gift to our new generation.
    keep in writing and all the best.

    ReplyDelete
  6. സുന്ദരമായി എഴുതി. പഴയ കാലം ഇനിയും വിസ്മൃതിയില്‍ ആണ്ട് പോകുകയില്ല. അത് ചിതലെടുക്കാതെ ഈ ബ്ലോഗില്‍ ഭദ്രമാണ്. പിന്നെ അമ്പതു പൈസക്ക് മത്തിയും ഇരുപത്തഞ്ചു പൈസക്ക് തക്കാളിയും വാങ്ങിയത് വരെ എനിക്കോര്‍മ്മയുണ്ട്. അതില്‍ പിന്നോട്ട് എക്സ്പീരിയന്‍സ് ഇല്ല.ഏതായാലും പുതു തലമുറയ്ക്ക് ഇത് നല്ല ഒരു അനുഭവം തന്നെയാണ്. പിന്നെ മീന്‍കാരന്‍ എന്നാല്‍ എന്റെ മനസ്സിലും അബ്ദുല്ലാക്കയും കുഞ്ഞസ്സനാക്കയും തന്നെ.

    ReplyDelete
  7. ചെറുവാടിയില്‍ ഞാനും എത്തി നല്ല ചാള വാങ്ങിയ പ്രതീതി
    കാലങ്ങള്‍ക്ക് മുന്നോട്ടു കൂട്ടികൊണ്ട് പോയ അങ്ങയുടെ എഴുത്ത് ശരിക്കും ആസ്വദിച്ചു വായിച്ചു.

    ReplyDelete
  8. പഴയ കാല സ്മരണകള്‍ വളരെ നന്നായി എഴുതിയിരിക്കുന്നു . പുതിയ തലമുറയ്ക്ക് ഇതൊക്കെ നല്ല അനുഭവങ്ങള്‍ ആയിരിക്കും

    ReplyDelete
  9. എത്ര മനോഹരം ഒന്നും വാഴിക്കാന്‍ സമയം കിട്ടാത്ത എനിക്ക് ഇന്നെങ്ങിനെ സമയം കിട്ടി ?അള്ളാഹു വിന്നു മാത്രം അറിയാം . എന്തായാലും വളരെ നന്നായിട്ടുണ്ട് കൂടുതെലെഴുതാന്‍ കഴിയട്ടെ .
    സ്നേഹപൂര്‍വ്വം
    KPKHASSAN CHERUVADI

    ReplyDelete
  10. ആരും എഴുതാത്ത മത്തി പുരാണം എഴുതി സ്റ്റാര്‍ ആയല്ലോ.
    അതെ പോലെ,കാലുറുപ്പികകള്‍ .ഇന്നത്തെ പിള്ളാര്‍ക്ക് ഇത് വല്ലതും അറിയുമോ?ഇത് വായിച്ചപ്പോള്‍ എന്റെ വലിയ കാരണവര്‍ പോക്കറ്റ്‌ മണിയായി തന്നിരുന്ന സ്നേഹസ്പര്‍ശമുള്ള പുതു പുത്തന്‍ കാലുറുപ്പികകള്‍ എന്നെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് കൂട്ടിക്കൊണ്ടുപോയി..

    ReplyDelete
  11. ചെറുവാടി എനിക്കും ഭാര്യക്കും കുടുംബക്കാര്‍ ഉള്ള, എല്ലാ വെക്കെഷനിലും ഒരു തവണയെങ്കിലും പോവാറുള്ള സ്ഥലമാണ്. ചെറുവാടി പാലം കടന്നു എത്തുന്ന അങ്ങാടിയില്‍ എന്‍റെ ബാപ്പയുടെ കുടുംബക്കാര്‍ക്ക്‌ കടയുണ്ട്...മുഹമ്മദ്‌ കാക്ക്ന്റെ ആ പച്ചക്കറി കടയില്ലേ...ബാപ്പയുടെ മൂത്തപ്പന്റെ മകനാ... നിങ്ങള്‍ പറഞ്ഞ കാരയില്‍ ഫാമിലി.ഇതില്‍ പറഞ്ഞ മീന്കാരനും എന്റെ കുടുംബമാണെന്നു തോന്നുന്നു. മൂപ്പരെ ഞാനും കണ്ടിട്ട് കൊറേ കാലമായി...
    ചെറുപ്പ കാലത്തിന്‍റെ സ്മരണകള്‍ കൊളക്കാടന്‍ സാഹിബിന്റെ ശക്തമായ തൂലികയിലൂടെ ഇനിയും പുറം ലോകം അറിയട്ടെ...ഹൃദ്യമായി എഴുതി..ആശംസകള്‍ !

    ReplyDelete
  12. പഴയകാലത്തേക്കിറങ്ങി ചെന്ന് നാട്ടുകാരെ
    പരിചയപ്പെടുത്തുന്ന രീതി കൊള്ളാം..
    ഓരോ നാടിന്റെയും ചരിത്രം എഴുതപ്പെടേണ്ടതു തന്നെയാണ്..
    പുതു തലമുറക്ക് വന്ന വഴി മറക്കാതിരിക്കാന്‍.
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  13. ചെറുവാടി ഒരു അനുഭവമാക്കി

    ReplyDelete