Thursday, October 21, 2010

പേരു മാററത്തിന് പിന്നില്‍...

കുറേ മുന്‍പേ ഇട്ട പേരാണ് എന്റെ ബ്ളോഗിന് പിത്തനങ്ങാടീന്റെ പോരിശാന്ന്. മുന്‍പെന്ന് വെച്ചാല്‍ ബ്ളോഗ് എഴുതി പബ്ളിഷ് ചെയ്യുന്നതിനും എത്രയോ മുന്‍പ്. നാലാളുകള്‍ അത് വായിക്കാന്‍ തുടങ്ങിയപ്പോ പല വിധ സംശയങ്ങളായി. നാട്ടാരുടെ സംശയങ്ങള്‍ എന്റേതു കൂടി ആയപ്പഴാണ് അതങ്ങട്ട് മാററാന്ന് വെച്ചത്.

പുതിയ തലമുറയിലെ ഒരു വില്ലന്‍ ഒരിക്കല്‍ ചോദിച്ചു….ഷക്കീബ്ക്ക എന്തിനാ നമ്മളെ ചെറുവാടിനെ നിങ്ങള് പിത്തനങ്ങാടീന്ന് വിളിക്കണത്ന്ന്. എന്താ അവനോട് പറയാ…ശരിയായ കഥയെന്താണെന്ന് എനിക്കും അറിയില്ല. അങ്ങിനെ ആയിരുന്നു പോലും ഒരു കാലത്ത് നമ്മടെ ചെറുവാടി. ഈങ്ങല്ലീരിക്കാരും കടണ്ടത്ത്ക്കാരും പറഞ്ഞ് നടക്ക്ണ ഒരു പുരാതി ആണെന്നും കേട്ടിട്ടുണ്ട്. എങ്കില്‍ പിന്നെ അസ്സല്‍ ചെറുവാടിക്കാരനെന്ന് ഹുങ്ക് നടിക്കണ ഞാനും എന്തിനാ അതു തന്നെ വിളിക്കണത് എന്ന തോന്നല്‍ എനിക്ക്.

കുറോടിക്കുന്നിന്റെ അപ്പറത്ത്ക്ക് പോയാ അബട പിത്തന്യാണ്ന്നാ ഈങ്ങല്ലീരിക്കാര് പറഞ്ഞിരുന്നത് പോലും. അതോണ്ട് ആ അങ്ങാടിക്കവര് പിത്തനങ്ങാടീന്ന് ഓമനപ്പേരിട്ടു. ചെറുവാടിന്റെ ഉസാറില് കിബ്റ് തോന്ന്യവരൊക്കെ അത് ഏററ് പാടീന്നും ആണ് കാരണമ്മാര് പറേണത്. പൊറത്ത്ള്ളോലല്ല..ചെറുവാടിള്ള കാരണമ്മാര്.

കുറേയൊക്കെ ഫിത്തന അബ്ടേയും ഇബിടേയും ഒക്കെ ആയി ഉണ്ടായിട്ട്ണ്ടാകും…എന്നു വെച്ച് ഓള്‍ സെയിലായിട്ട് അതങ്ങട്ട് ചാര്‍ത്തണോന്നാണ് കാരണോമ്മാരെ മറു ചോദ്യം. എന്തായാലും ആളുകളുടെ ചോദ്യം ബാറായപ്പോ ഞാന്‍ പേര് തന്നെ അങ്ങട്ട് മാററി. ചെറുവാടിപ്പെരുമാന്നാക്കി. രണ്ടൂന്ന് പേര് മാററി ഒററപ്പേരല്ലേ നല്ലത്ന്ന് എന്റെ പട്ടാമ്പിക്കാരന്‍ ദോസ്തും ചോദിച്ചു. എന്നാ അതും ആയിക്കോട്ടെ.

കൂട്ടത്തില്‍ പറയട്ടെ..റിയാദിന്റെ അടുത്തായിട്ട് മുക്കത്തുകാരി ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ തന്റെ ബാപ്പാന്റേയും ഉമ്മാന്റേയും കൂടെ ഇവടെ താമസാണ്. പ്ളസ് ടു കഴിഞ്ഞ് നാട്ടില്‍ പഠിക്കാന്‍ പോകാന്‍ നില്‍ക്കുന്നു. അങ്ങിനെ നില്‍ക്കുമ്പോ ഫേസ് ബുക്കില് എനിക്കൊരും ഫ്രണ്ട് റിക്വസ്ററ്. അവളുടെ തന്നെ. പെണ്ണായതോണ്ട് പെട്ടെന്ന് ഞാനങ്ങട്ട് അക്സപ്ററും ചെയ്ത്. ഒരു ദിവസം ഉച്ചക്ക് അവള് ബാപ്പാനെ കാണാതെ കംപ്യൂട്ടര്‍ ഓണാക്കി ഫേസ് ബുക്കെടുത്തപ്പോ ഞാനുമുണ്ട് പച്ച കത്തി കെടക്ക്ണ്. അവള് ഹായ് പറഞ്ഞു. ഞാനും വിട്ടില്ല. ഡബ്ള്‍ ഹായ് പറഞ്ഞു. ഇടക്ക് ബേക്കോട്ട് ഞമ്മളെ വൈഫ് കാണുന്നുണ്ടോന്നും നോക്ക്ണ്ണ്ട്. കുറച്ച് നേരം കാര്യങ്ങളൊക്കെ പറഞ്ഞ് ഒററടിക്ക് ഓളെ ഒരു പറച്ചില്…..കൊളക്കാടന്‍മാരെ എനിക്ക് ബല്യ പേട്യാണ്ന്ന്. എന്താ കാര്യംന്ന് ചോദിച്ചപ്പോ ഓള് പറയ്യാണ് പത്രത്തില് സ്ഥിരമായിട്ട് കൊളക്കാടന്‍മാരെ പററി വരാറുണ്ടെന്നും ഓല് ആളെ കൊല്ലുന്നവരും സ്ത്രീ പീഡനക്കാരുമാണെന്നും. മൊത്തം മാര്‍ക്കും പോയില്ലേ...ഇനിയിപ്പോ ഞാന്‍ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കാ…പലതും പറഞ്ഞു നോക്കി. അല്‍പ്പം ആശ്വാസം നല്‍കാനെന്നോണം അവള്‍ പറഞ്ഞു നിങ്ങളെ പററി ഞാന്‍ പഠിച്ചോണ്ടിരിക്കാണ്. എന്റെ ഉപ്പക്കൊക്കെ കുറേ കൊളക്കാടന്‍ ദോസ്തുകളുണ്ട്. എല്ലാ കൊളക്കാടന്‍മാരും ഒരു പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല...എന്നൊക്കെ.

പിത്തനങ്ങാടി പോലെ ജനങ്ങള്‍ക്കിടയില്‍ കൊളക്കാടന്‍മാരും ഒരു ഭീകര ജീവിയായി രൂപം കൊണ്ട് കിടക്കുന്നു. ഇതൊക്കെയൊന്ന് മാററിയെടുക്കാന്‍ കാലമായിരിക്കുന്നു എന്ന് തോന്നുന്നില്ലേ. നന്‍മ ചെയ്തു കൊണ്ട് തന്നെ സമൂഹത്തില്‍ മേല്‍ക്കൈ നേടാന്‍ പഴയ കാല കാരണവന്‍മാര്‍ക്ക് സാധിച്ചിരുന്നു. ആ പേര് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണോ ജനങ്ങള്‍ക്ക് മുഷിപ്പ് തോന്നിയത്. സമയം വൈകിയില്ല. മാററിയെടുക്കാം നമുക്ക് കറ പുരണ്ട അഭിപ്രായങ്ങളെ….

4 comments:

  1. ഇനി എന്നാകൊളക്കാടൻ എന്ന പേര് മാറ്റുന്നത്

    ReplyDelete
  2. പേര് മാറ്റിയത് ഏതായാലും നന്നായി. നമ്മള്‍ തന്നെ ഹോള്‍സെയില്‍ ആയി ഫിത്ന ചാര്‍ത്തിക്കൊടുക്കെണ്ടല്ലോ അല്ലേ. 'കാരണവാന്മാര്‍ ഉണ്ടാക്കിയെടുത്ത സല്‍പ്പേര് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണോ എന്നത് പ്രസക്തമായ ഒരു നിരീക്ഷണമാണ്. കൊളക്കാടന്‍ എന്ന പേര് മാറ്റുന്നതിന് പകരം അതിനെ ഒന്ന് 'കുളിപ്പിക്കുന്നത്' തന്നെയാണ് നല്ലത് എന്ന അഭിപ്രായമാണ് എനിക്കും.

    ReplyDelete
  3. സന്തോഷം ഷക്കീബ്ക്ക,
    പുതിയ പേരില്‍ പുതിയ ചെറുവാടി വിശേഷങ്ങളുമായി വരിക.
    ഞങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete
  4. പുതിയ പേരിനു ആശംസകള്‍.

    ReplyDelete