Monday, October 11, 2010

നുസ്രത്തുദ്ദീന്‍ മദ്രസ്സ

ചെറുവാടിക്കാരന്റെ ഗൃഹാതുര സ്ഥാപനങ്ങളിലൊന്നാണല്ലോ നുസ്രത്തുദ്ദീന്‍ മദ്രസ്സ. ഒരു പാട് ഗ്രൂപ്പുകളും വിഭാഗങ്ങളും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് മതപഠനത്തിന് ഏക ആശ്രയം ഈ മദ്രസ്സയായിരുന്നു. മധുരതരമായ കുറേ ഓര്‍മ്മകള്‍ തികട്ടി വരുന്നു ഈ സ്ഥാപനത്തേക്കുറിച്ചോര്‍ക്കുമ്പോള്‍. വലിയ വലിയ ആദര്‍ശങ്ങളുടെ ഉറവിടമായിരുന്ന ഒരു ചെറിയ മനുഷ്യന്‍….അതായിരുന്നു കുഞ്ഞായമ്മത് മൊല്ലാക്ക. നുസ്രത്തുദ്ദീന്‍ മദ്രസ്സയും കുഞ്ഞായമ്മദ് മൊല്ലാക്കയും പരസ്പര പൂരകങ്ങളായ രണ്ട് പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു. രണ്ടിനേയും കുറിച്ച് പറയാന്‍ ഒരു പാടുണ്ട്.

ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വന്നപ്പോ വലിയ ആവേശമായിരുന്നു എനിക്ക്. എല്ലാ ആവേശവും കുഞ്ഞായമ്മദ് മൊല്ലാക്കയെ കണ്ടതോടെ ചോര്‍ന്നു പോയി. എന്നും ഗൌരവം തുളുമ്പുന്ന ഒരു മുഖഭാവമായിരുന്നു മൊല്ലാക്കക്ക്. എ സീരിയസ് പേഴ്സണ്‍. കുട്ടികളോടും മുതിര്‍ന്നവരോടുമെല്ലാം അങ്ങിനെ തന്നെ. ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വരുന്ന ഒരു കുട്ടിയോടു പോലും മൊല്ലാക്കക്ക് മയത്തോടെ പെരുമാറാനറിയില്ലാന്ന് പറഞ്ഞാല്‍ എന്താ ചെയ്യ...ലൂസാക്കി വിട്ടാല്‍ അവര്‍ തലയില്‍ കയറും എന്ന ചിന്തയായിരിക്കണം ഞാന്‍ എന്നും ബഹുമാനിക്കുന്ന എനിക്ക് പ്രിയങ്കരനായ ചെറുവാടിക്കാരുടെ സ്വന്തം മൊല്ലാക്കയുടെ ഈ ആററിററ്യൂഡിന്റെ കാരണം. മൊല്ലാക്കയുടെ ജുബ്ബ പോലുള്ള വലിയ വെള്ളക്കുപ്പായം ഫെയ്മസാണ്. അതിലേറെ ഫെയ്മസായിരുന്നു അദ്ദേഹത്തിന്റെ കീശയിലിടുന്ന വാച്ച്. ഷര്‍ട്ടിന്റെ ബട്ടണില്‍ കുരുക്കിയിട്ട സ്ററീല്‍ ചങ്ങലയിലുടെ അററത്ത് വട്ടത്തിലുള്ള വാച്ച്. ഷര്‍ട്ടിന്റെ പോക്കററിന്റെ സൈഡിലുള്ള ഓട്ടയിലൂടെ വാച്ച് അകത്തേക്ക് കയററി വെക്കും. ആരോ ഹജജിന് പോയി വന്നപ്പോ മൊല്ലാക്കക്ക് ഹദീയ കൊടുത്തതാണ് ആ വാച്ചെന്നായിരുന്നു അന്ന് എല്ലാരും പറഞ്ഞിരുന്നത്.

മദ്രസ്സയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് മൊല്ലാക്കയായിരുന്നു. രണ്ട് ബില്‍ഡിംഗിലായി അത്യാവശ്യം നല്ല സൌകര്യങ്ങളില്‍ നടന്നിരുന്ന മദ്രസ്സ. കുറേ നല്ല അധ്യാപകരും. പലരും അറിയപ്പെട്ടിരുന്നത് നിക് നെയിമിലായിരുന്നു. ഞങ്ങള്‍ പഠിക്കുമ്പോ ഹെഡ് മുസ്ല്യാര്‍ കുനിയില്‍ നിന്നും വരുന്ന കേയി മൊയ്ല്യാര്‍ ആയിരുന്നു. ഐശ്യര്യമുള്ള ഒരു താടിയുമായി അദ്ദേഹത്തിന്റെ ആ നരച്ച കുടയും ചൂടി കുനിയില്‍ നിന്നുള്ള വരവ് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികള്‍ക്കൊക്കെ കുഞ്ഞായമ്മദ് മൊല്ലാക്കയെപ്പോലെ തന്നെ പേടിയുള്ള ഒരു മുസ്ല്യാര്‍ ആയിരുന്നു കേയി മൊയ്ല്യാര്‍. കുരുത്തക്കേട് കളിക്കുന്ന കുട്ടികളെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി ചൂരലു കൊണ്ട് ഒരു പെടയുണ്ട്. ഓ....ഭീകരമായിരുന്നത്. അന്നത്തെ മറെറാരു ഉസ്താതായിരുന്നു ചെരുപ്പുത്തി മൊല്ലാക്ക. എങ്ങിനെ അദ്ദേഹത്തിനാ പേര് വന്നെന്നോ റിയല്‍ പേര് എന്താണെന്നോ എനിക്കോര്‍മ്മയില്ല. മെലിഞ്ഞ് കറുത്ത് കൃശഗാത്രനായ ചെരുപ്പുത്തി മൊല്ലാക്കയും ഒരു നീളന്‍ ജുബ്ബയായിരുന്നു ഇടാറ്. ഇനിയുള്ളത് കൂസന്‍ മൊല്ലാക്കയാണ്. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു മൊല്ലാക്കയായിരുന്നു അദ്ദേഹം. ഒരു ദിവസം മൊല്ലാക്ക ഒരു സൂറത്ത് കാണാപാഠം പഠിക്കാന്‍ തന്നിരുന്നു. ഞാന്‍ അത് പഠിച്ചു കഴിഞ്ഞ് ചൊല്ലിക്കൊടുക്കാനായി ടേബിളിന്റെ അടുത്തേക്ക് ചെന്നപ്പൊ മൊല്ലാക്ക എന്തോ ജോലിയിലായിരുന്നു. ഒന്നു രണ്ടു തവണ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോ ഞാന്‍ അദ്ദേഹത്തെ കൈ കൊണ്ട് തോണ്ടി. ഉടനെ തിരിഞ്ഞു നിന്ന അദ്ദേഹം നി ഉസ്താതിനെ തോണ്ടുമോന്നും ചോദിച്ച് നാലെണ്ണം പൊട്ടിച്ചത് മറക്കാനാവില്ല. പൊററമ്മല്‍ നിന്നുള്ള കൂസന്‍ മൊല്ലാക്കയടക്കം എല്ലാ ഉസ്താതുമാര്‍ക്കും വലിയ ശുണ്ഠിയായിരുന്നു. പെട്ടെന്ന ദേഷ്യപ്പെടും. ഏറെ ശാന്തനായിരുന്ന ഒരു മുസ്ല്യാരായായിരുന്നു പുത്തലത്ത് അഹമ്മദ് മുസ്ല്യാര്‍. അദ്ദേഹം അധികവും പഠിപ്പിച്ചത് ചുള്ളിക്കാപ്പറമ്പ് മദ്രസ്സയിലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അധികം സംസാരിക്കാത്ത സൌമ്യനായ എല്ലാവരേയും ചെറുപുഞ്ചിരിയോടെ സമീപിക്കുന്ന മുസ്ല്യാര്‍ വിവാദങ്ങളൊന്നുമുണ്ടാക്കാതെ ജിവിച്ച ഒരു പണ്ഡിത ശ്രേഷ്ടന്‍ തന്നെയായിരുന്നു.

നുസ്രത്തുദ്ദീന്‍ മദ്രസ്സയിലെ നബിദിന യോഗങ്ങള്‍ വലിയ ആഘോഷങ്ങളായിരുന്നു. മുന്നിലും പുറകിലും സ്പീക്കര്‍ പിടിച്ച് സൈക്കിളില്‍ ബാറററിയും മററ് സാധനങ്ങളുമൊക്കെയായി നടത്തുന്ന വലിയ ഘോഷയാത്ര. നിറയെ കൊടി പിടിച്ച കുട്ടികളും. സ്പീക്കര്‍ പിടിക്കാന്‍ ഞങ്ങളൊക്കെ മത്സരമായിരുന്നു. അന്നത്തെ ഒരു മുദ്രാവാക്യമുണ്ട്. ഉയരട്ടങ്ങനെ ഉയരട്ടെ നുസ്രത്തുദ്ദീന്‍ ഉയരട്ടെ എന്ന്. അതിന്റെ അര്‍ത്ഥം അന്നെനിക്ക് പിടി കിട്ടിയിരുന്നില്ല. ഘോഷയാത്ര കഴിഞ്ഞു വരുമ്പോഴേക്കം മദ്രസ്സ ഫിസിക്കലി ഉയരും എന്നായിരുന്നു എന്റെ ധാരണ.

നബിദിന ഘോഷയാത്രകളില്‍ ചെറുവാടിയിലെ ജഗജില്ലി കച്ചവടക്കാരായ ഓവല്‍ മൊയ്തീനാക്കയുടേയും ഒക്കെ വകയായി ലോസഞ്ചര്‍ മുട്ടായികള്‍ വിതരണം ചെയ്യുമായിരുന്നു. ചില സ്ഥലങ്ങളില്‍ നിന്ന് കാവയും കിട്ടും. ഘോഷയാത്ര കഴിഞ്ഞാല്‍ മദ്രസ്സ അങ്കണത്തില്‍ കെട്ടിയുണ്ടാക്കിയ വലിയ സ്റേറജില്‍ സൂപ്പര്‍ നബിദിന പരിപാടികളാണ്.

മദ്രസ്സയുടെ മുന്‍പില്‍ തന്നെ മധരമൂറുന്ന ചക്കയുണ്ടാകുന്ന ഒരു പ്ളാവുണ്ടായിരുന്നു. ചക്ക പഴുത്താല്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചുള വീതം ക്ളാസില്‍ വിതരണം ചെയ്യും. ചിലപ്പോള്‍ പുതുതായി ചേര്‍ക്കാന്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കളും ചക്ക ചുള വിതരണം ചെയ്യാന്‍ കൊണ്ടു വരാറുണ്ടായിരുന്നു.

മദ്രസ്സ ക്ളാസില്‍ ഞങ്ങള്‍ ഒരു വലിയ കമ്പനിയായിരുന്നു. പാറപ്പുറത്ത് യൂസുഫ്, കുററിക്കാട്ടുമ്മല്‍ മജീദ്, റസാക്ക്, തുടങ്ങി കുറേ പേര്‍. ഇന്റര്‍വെല്ലിന് വിട്ടാല്‍ പിന്നെ മിക്കവാറും ഞങ്ങള്‍ ഏതെങ്കിലും മാവിന്‍ ചുവട്ടിലോ അതുമല്ലെങ്കില്‍ പുഴയില്‍ കുളിക്കാനോ പോകും. ചില സമയങ്ങളില്‍ ചാളക്കണ്ടിയിലെ മാവിന്‍ ചുവട്ടിലേക്ക് കുഞ്ഞായമ്മദ് മൊല്ലാക്ക തിരഞ്ഞ് വരും ഞങ്ങളെ പിടി കൂടാന്‍. ഞങ്ങളുടെ കമ്പനിയുടെ ഏററവും വലിയ ശത്രുവായിരുന്നു ആലുവായ് മുഹമ്മദ്. അവനെ സംഘം ചേര്‍ന്ന് അക്രമിക്കാനായി ഞങ്ങള്‍ കുടയുടെ കമ്പിക്ക് പിടിയിട്ടിട്ട് ഉണ്ടാക്കിയ ആയുധങ്ങളൊക്കെ ശരീരത്തിലൊളിപ്പിച്ച് ക്ളാസില്‍ കൊണ്ട് വരുമായിരുന്നു. ഒരു ദിവസം അത് കേയി മൌലവി പിടിച്ച് എല്ലാവര്‍ക്കും പൊതിരെ തല്ല് കിട്ടി. മദ്രസ്സ ഇല്ലാത്ത വൈകുന്നേരങ്ങളില്‍ ഞാനും ബച്ചുവും എം.സി മുഹമ്മൂദും യൂസുഫും ഒക്കെ ചേര്‍ന്ന് നടുഭാഗം പൊങ്ങി നില്‍ക്കുന്ന ബെഞ്ചുകള്‍ തല തിരിച്ചിട്ട് ഒരു കറക്കലുണ്ട്. രസകരമായിരുന്നത്.

മദ്രസ്സയുടെ മുന്‍പിലെ പൊട്ടക്കിണറും പ്ളാ വും ഒക്കെയിപ്പോ പോയി. മദ്രസ്സക്കും ഹൈഫൈ ബില്‍ഡിംഗായി. പല വിഭാഗങ്ങളുടേതായി മദ്രസ്സകള്‍ പലതു വന്നു. ആത്മീയ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനു പകരും പരസ്പരം കുററപ്പെടുത്താനും അകലാനുമുള്ള ശാസ്ത്രങ്ങളായി മദ്രസ്സകളിലെ പാഠ്യ വിഷയം. മദ്രസ്സയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പങ്കു വഹിച്ച മദ്രസ്സയുടെ തൊട്ടു മുന്‍പിലുള്ള വീട്ടിലെ ഗൃഹനാഥന്‍ മരണപ്പെട്ടപ്പോള്‍ ആ വീടു സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ഫത്വ ഇറക്കിയ മുസ്ല്യാക്കന്‍മാരാണ് ഇന്ന് ഈ മദ്രസ്സകളിലൊക്കെ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മത്സരിക്കുന്നത് ഇത്തരം വിദ്വേഷ വിഷം കുട്ടികളില്‍ കുത്തി വെക്കുന്നതിനാണ്. ഇതില്‍ നിന്നൊരു മോചനം സാധ്യമല്ലെന്നു തന്നെ തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. പ്രാര്‍ത്ഥിക്കാം നമുക്കിവര്‍ക്കൊക്കെ നല്ല മനസ്സുണ്ടാവാന്‍…….

3 comments:

  1. ഓര്‍മ്മകള്‍ നന്നായി പങ്കു വെച്ചു. ആശംസകള്‍.

    ReplyDelete
  2. ഈ ഓര്‍മ്മകള്‍ നന്നായി.
    പക്ഷെ പണ്ട് സ്കൂളിലെ എല്‍പി ക്ലാസുകള്‍ മദ്രസ്സ കെട്ടിടത്തിലായിരുന്നല്ലോ. അതുകൊണ്ട് മുസ്ലിയാരെക്കാള്‍ ഞാനോര്‍ക്കുന്നത് ചേന്നമംഗലൂരിലെ ഖാദിര്‍ മാഷെ ആണ്. മാഷിന്റെ തമാശകളും വേദനിക്കാത്ത അടിയും,

    ReplyDelete
  3. ആ കാലം ഇനി മടങ്ങി വരില്ല . ഇപ്പോള്‍ ഫിത്ന പഠിപ്പിക്കുന്ന സെന്റര്‍ ആയി മാറിയിട്ടുണ്ട് . ഏതു മദ്രസ ആയാലും ശരി.
    സ്നേഹവും സമാതാനവും വിഭാവനം ചെയ്യുന്ന ഇസ്ലാമിനെ ശരിയായ രൂപത്തില്‍ പഠിപ്പിക്കാന്‍ റബ്ബ് അവരെ സഹായിക്കട്ടെ .
    മുഹമ്മത് മുസ്ലിയാര്‍ എന്ന ചെരിപ്പുകുത്തി എന്നാണ് എന്റെ ഓര്‍മ്മ.

    ReplyDelete