Friday, October 8, 2010

കാല്‍പന്തു കളിയുടെ ഗ്രാമം


പന്ത് കളി എന്നു പറഞ്ഞാല്‍ തന്നെ ധാരാളം..കാല്‍പന്തു കളിയെന്നോ ഫുട്ബോള്‍ എന്നോ സോക്കര്‍ എന്നോ ഒന്നും തരം തിരിച്ചു പറയേണ്ടതില്ല. മറെറാരു പന്തു കളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടുത്ത ഗ്രാമങ്ങളിലെല്ലാം വോളിബോള്‍ ഗ്രൌണ്ടുകളും കളിയുമൊക്കെയുണ്ടായിരുന്നെങ്കിലും ചെറുവാടിക്കാരെ അതൊന്നും ആകര്‍ഷിച്ചിരുന്നില്ല. കൊടിയത്തൂര്‍ പൊയിലിലും കഴൂത്തൂട്ടി പുറായിലും ഒക്കെ നല്ല വോളിബോള്‍ ഗ്രൌണ്ടും വോളിബോള്‍ കളിക്കാരും ടീമും ഒക്കെ അന്നുമുണ്ടായിരിന്നു. കൂളിമാടും നല്ല വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. ചെറുവാടിക്കാര്‍ക്ക് ഫുട്ബോള്‍ മാത്രം. ഈ ഗ്രാമത്തേയും പരിസരങ്ങളേയും ത്രസിപ്പിച്ചു നിര്‍ത്താന്‍ അത് തന്നെ ധാരാളമായിരുന്നു. പൊററമ്മല്‍ ഗ്രൌണ്ടിന്റെ സൌകര്യങ്ങളായിരിക്കാം ചെറുവാടിക്കാരെ പണ്ടു മുതലേ ഫുട്ബോളിനോടടുപ്പിച്ചത്. ഞങ്ങളൊക്കെ പന്ത് കളിയിലേക്ക് തിരിഞ്ഞപ്പോഴേക്കും പൊററമ്മല്‍ ഗ്രൌണ്ട് ഇല്ലാതായിരുന്നു. പിന്നീട് ചെറുവാടി പള്ളി പാട്ടത്തിന് നല്‍കിയിരുന്ന പടിക്കം പാടം കൊയ്യുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നു ഫുട്ബോള്‍ കളി തുടങ്ങാന്‍.

ചെറുവാടിയുടെ ഫുട്ബോള്‍ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ അന്തം കിട്ടില്ല. ഓര്‍മ്മയിലുള്ള ചിലതെല്ലാം കുറിക്കാതെ വയ്യ. ഫുട്ബോളിലെ പഴയ കാല വില്ലാളി വീരന്‍മാരുടെ ഗ്രൌണ്ടിലെ പരാക്രമങ്ങളെല്ലാം കുറേ പറഞ്ഞു കേട്ട അനുഭവങ്ങളേ ഉള്ളൂ. കേട്ടിട്ടുണ്ട് കൊളക്കാടന്‍ ഹമീദ് ഹാജിയുടെ കളിയിലെ വീറും വാശിയുമൊക്കെ. അദ്ദേഹം ചെറുവാടി ടീമിന്റെ വാശിയുള്ള ഒരു ഡിഫന്റര്‍ ആയിരുന്നെന്നും നല്ലൊരു ഫുട്ബോള്‍ സംഘാടകനായിരുന്നെന്നും. ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററുടെ ഗ്രൌണ്ടിലെ മാന്ത്രിക പ്രകടനങ്ങളാണ് അതിലേറെ കേട്ടത്. ചക്കിട്ടു കണ്ടിയില്‍ ആലിക്കുട്ടി കാക്ക അത് പൊടിപ്പും തൊങ്ങലും വെച്ച് പറയും. അരീക്കോടോ മറേറാ റസാക്ക് മാസ്ററര്‍ കാലിനോ കൈക്കോ പരിക്കു പററി കയറിപ്പോയ ശേഷം രണ്ടാം പകുതിയില്‍ വീണ്ടും ഇറങ്ങി വന്ന് (അന്ന് കയറിയവരെ വീണ്ടും ഇറക്കാമായിരുന്നു പോലും) ഗോളടിച്ച കഥ. കൊളക്കാടന്‍ കോയസ്സന്‍ കാക്ക തന്റെ കഷണ്ടിത്തലയുമായി ചെറുവാടി ടീമിന്റെ സ്റേറാപ്പര്‍ ബാക്ക് കളിക്കുന്നത് മങ്ങിയ ഓര്‍മ്മയായി എന്നിലുണ്ട്. അന്നവരുടെ ടീമിന്റെ പേര് വൈ.എം.എ എന്നോ മറേറാ ആയിരുന്നു. ചെറുവാടിയുടെ എണ്ണം പറഞ്ഞ മറെറാരു ഡിഫന്ററായിരുന്നു അക്കരപറമ്പില്‍ അബ്ദു കാക്ക. അദ്ദേഹത്തിന്റെ പതറാത്ത കളി വീര്യം ഞാനും കുറേ കണ്ടിട്ടുണ്ട്. കളിച്ചു കൊണ്ടിരിക്കേ എങ്ങോട്ടോ വയനാട്ടിലേക്കാണെന്ന് ആരോ പറഞ്ഞു നാടുവിട്ടു പോയ അബ്ദു കാക്കയെ പിന്നെ ആരും കണ്ടിട്ടില്ലെന്ന് തോന്നുന്നു. മുപ്പരിച്ചാലില്‍ അച്ചുതേട്ടനായിരുന്നു എന്റെ ചെറുപ്പത്തില്‍ കളിക്കളത്തില്‍ കണ്ട മറെറാരു ഹീറോ. കഴുത്തില്‍ സ്വര്‍ണ്ണച്ചെയിനുമിട്ട് കളിക്കുന്ന അച്ചുതേട്ടന്‍ നല്ലൊരു ഡിഫന്റര്‍ തന്നെ ആയിരുന്നു. കൊളക്കാടന്‍ ചെറ്യാപ്പു കാക്ക ഒന്നാന്തരം ഫോര്‍വേഡും നല്ലൊരു ഗോള്‍ സ്കോററുമായിരുന്നു. എനിക്കോര്‍മ്മയുള്ള മറെറാരു ഫാസ്ററ് ഫോര്‍വേഡായിരുന്നു വെള്ളങ്ങോട്ട് അപ്പുവേട്ടന്‍. നന്നായി കളിക്കുമായിരുന്ന അപ്പുവേട്ടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. മരണം വരെ ഫുട്ബോള്‍ കളി ഭ്രാന്തമായൊരു ലഹരിയായി കൊണ്ടു നടന്നിരുന്ന വ്യക്തിയായിരുന്നു കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്ക. നല്ലൊരു കളിക്കാരനായിരുന്നെന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. പക്ഷേ കൂപ്പില്‍ നിന്നും കാലൊടിഞ്ഞ് നാട്ടില്‍ വിശ്രമത്തിലായിരുന്ന കാലത്ത് പോലും എവിടെ ഫുട്ബോള്‍ കളിയുണ്ടെങ്കിലും അവിടെയെല്ലാം ആവേശപൂര്‍വ്വം മുടന്തി മുടന്തിയെത്തുന്ന അഹമ്മദ് കാക്ക കോഴിക്കോട് നാഗ്ജി ഫുട്ബോളും നെഹ്റു ട്രോഫിയുമൊക്കെ നടക്കുമ്പോഴും മുടങ്ങാതെ ഗ്യാലറിയിലുണ്ടാകുമായിരുന്നു. ചക്കിട്ടുകണ്ടിയില്‍ ആലിക്കുട്ടി കാക്ക ഇന്നും ചെറുവാടിയിലെ പുതിയ ഫുട്ബോള്‍ തലമുറക്ക് ആവേശമാണ്. അദ്ദേഹം ചെറുപ്പത്തില്‍ കുഴപ്പമില്ലാത്തൊരു കളിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുപ്പത്തില്‍ അത്ര നന്നായൊന്നും കളിക്കുമായിരുന്നില്ല എന്റെ ബാപ്പയും നിങ്ങളുടെയൊക്കെ എളാപ്പയുമായ ഗുലാം ഹുസ്സൈന്‍ കാക്ക എന്നാണ് എന്റെ അറിവ്. എന്നാല്‍ ഫുട്ബോള്‍ മരണം വരെ അദ്ദേഹത്തിന്റെ ലഹരിയായിരുന്നു. ചെറുവാടിക്കാരുടെ ഫുട്ബോള്‍ കമ്പങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ മുന്‍പന്തിയില്‍ എന്നും ബാപ്പയും ആലിക്കുട്ടി കാക്കയും ഉണ്ടായിരുന്നു. കാലാകാലങ്ങളില്‍ ഈ സ്ഥാനങ്ങളില്‍ പലരും വന്നു പോയെങ്കിലും അവരോടൊപ്പമെല്ലാം ബാപ്പയും ആലിക്കുട്ടി കാക്കയും എന്നും ഉണ്ട്. ഒരിക്കലും പിരിയാനാകാത്ത ചെറുവാടിയെ വിട്ട് ചെറുവാടിയുടെ കളിക്കമ്പം വിട്ട് വെടി പറഞ്ഞിരിക്കുന്ന അബ്ദുറഹ്മാന്റെ മീന്‍ കച്ചവടത്തിനടുത്തുള്ള ആ ബെഞ്ച് വിട്ട് ബാപ്പ എന്നന്നേക്കുമായി നമ്മോട് വിട പറഞ്ഞു. അസുഖ ബാധിതനും അവശനുമായി ആലിക്കുട്ടി കാക്കയും രോഗശയ്യയിലാണ്. അവര്‍ എന്നും കെടാതെ സൂക്ഷിച്ച് നമുക്ക് കൈമാറിയ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും ആ കെടാവിളക്ക് പുതു തലമുറക്കും ആവേശമേകട്ടെ.

എന്റെ ഓര്‍മ്മയില്‍ വരാത്ത പഴയ കാല പന്തുകളി വീരന്‍മാര്‍ ഇനിയുമുണ്ട് ചെറുവാടിയില്‍. നന്നായി കളിച്ചിരുന്നവരും കളിയെ പ്രോല്‍സാഹിപ്പിച്ചിരുന്നവരും. പടിക്കംപാടത്തെ ഫുട്ബോള്‍ ടൂര്‍ണ്ണന്റുെകള്‍ ഒരു കാലത്ത് അയല്‍ ഗ്രാമങ്ങളുടെയെല്ലാം ആഘോഷമായിരുന്നു. റസാക്ക് മാസ്റററും ഐമുക്കയും മജീദ് കാക്കയും ബാപ്പയും കൊളക്കാടന്‍ റസാക്ക് കാക്കയും കണിച്ചാടി മോയിന്‍ ബാപ്പുവും കുട്ടികൃഷ്ണനും ബംഗാളത്ത് കുഞ്ഞിയും ഒക്കെ മുന്‍ നിരയില്‍ നിന്നു കൊണ്ട് നടത്തിയിരുന്ന അഞ്ജലി ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് എനിക്ക് കുറേയൊക്കെ ഓര്‍മ്മയിലുള്ളത്. കൊളക്കാടന്‍ അബു മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയായിരുന്നു ടൂര്‍ണ്ണമെന്റ്. സമീപ പ്രദേശങ്ങളിലെ നല്ല ടീമുകളെല്ലാം അന്ന് ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു എന്ന് മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന കളിക്കാരെല്ലാം പല ടീമുകള്‍ക്കും വേണ്ടി പാടം കൊയ്ത ശേഷം നാട്ടുകാര്‍ തല്ലി നിരത്തയുണ്ടാക്കിയ ഈ കട്ട ഗ്രൌണ്ടില്‍ കളിക്കാനെത്തിയിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. എവര്‍ഷൈന്‍ പാഴൂര്‍, ഇതിഹാസ് കൊടിയത്തൂര്‍,  എക്സലെന്റ് മപ്രം, അഞ്ജലി ചെറുവാടി, മട്ടന്‍ മര്‍ച്ചന്റ്സ് അരീക്കോട്, കൊളക്കാടന്‍ മില്‍സ് ചുള്ളിക്കാപറമ്പ്, പ്രതിഭ കുനിയില്‍, സാധാ ബീഡി കിഴ ുപറമ്പ്, ജിഗ്ര വാഴക്കാട്, ജവഹര്‍ മാവൂര്‍, ചെക്കനാട് എസ്റ്റേറ്റ് മുണ്ടോട്ട് കുളങ്ങര, ബ്രസീല്‍ ചേന്ദമംഗല്ലൂര്‍, അര്‍ജുന കൂടരഞ്ഞി, കോസ്മോസ് തിരുവമ്പാടി അങ്ങിനെ ഒട്ടനേകം ടീമുകള്‍ കൂടാതെ വാലില്ലാപുഴ, പണിക്കര പുറായ, എളമരം, പത്തനാപുരം, മണാശ്ശേരി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വമ്പന്‍ ടീമുകള്‍ അണി നിരന്നതായിരുന്നു ടൂര്‍ണ്ണമെന്റുകള്‍. ഈ ടീമുകളില്‍ നിന്നൊക്കെയുള്ള കുറേ പേരെടുത്ത കളിക്കാരുണ്ടായിരുന്നു. പലരുടേയും വിളിപ്പേരുകളാണ് പ്രസിദ്ധം. ജിഗ്ര വാഴക്കാടിന്റെ തൊട്ടിയുടെ വിംഗിലൂടെയുള്ള മുന്നേററവും നീട്ടിയുള്ള അടിയും എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു. മപ്രം ടീമിന്റെ അമ്പലക്കണ്ടിയുടെ ഡ്രിബിളിംഗ്, ഹസ്സന്‍ ഗോളിയുടെ ബാറിനു കീഴിലെ കിടിലന്‍ പെര്‍ഫോമന്‍സ്, തിരുവമ്പാടിയുടെ മില്ലിലെ രാജുവേട്ടന്റെ മിന്നലാട്ടം, സാദ ബീഡി കിഴുപറമ്പിന്റെ മൊച്ച കാക്കയുടെ അപാര ഹെഢ്ഡിംഗ്, ജവഹര്‍ മാവൂരിന്റെ അയമുട്ട്യാക്കന്റെ മനോഹരമായ കളി, പാഴൂര്‍ ടീമിന്റെ നട്ടെല്ലായ എം.കെ റഹ്മാന്‍ക്കയുടേയും ടി. സി യുടേയും മികവ്, ഇതിഹാസ് ടീമിന്റെ കൊല്ലളത്തില്‍ ചെറ്യാപ്പുവിന്റെ കുറുകിയ പാസ്സും ഡ്രിബിളിംഗും, കുനിയില്‍ ടീമിന്റെ അയമുക്കയുടേയും ഷൌക്കയുടേയും കനത്ത ഷോട്ടുകള്‍, കൊളക്കാടന്‍ മീല്‍സിന് വേണ്ടി ജഴ്സിയണിഞ്ഞിരുന്ന അരീക്കോട്ടുകാരായ അബൂബക്കര്‍ കുട്ടിയുടേയും (ഇന്നത്തെ കെ.വി അബൂട്ടി), ഉസ്മാന്‍ക്കയുടേയും, ഗോള്‍ കീപ്പര്‍ മുഹമ്മദലി കാക്കയുടേയും ഒക്കെ ഒതുക്കമുള്ള പ്രകടനങ്ങള്‍, ചേന്ദമംഗല്ലൂരിന്റെ സലാമിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ അങ്ങിനെ എണ്ണിയാല്‍ തീരാത്ത കളിക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പടിക്കംപാടം ഗ്രൌണ്ട് സാക്ഷിയായിട്ടുണ്ട്.

ചുള്ളിക്കാപറമ്പ് കൊളക്കാടന്‍ മില്‍സിന് വേണ്ടി കൊളക്കാടന്‍ സത്താര്‍ കാക്കയും അരീക്കോട് മട്ടന്‍ മര്‍ച്ചന്റ്സ് അസോസിയേഷനു വേണ്ടി ചക്കിട്ടു കണ്ടിയില്‍ ആലികുട്ടി കാക്കയും അഞ്ജലി ചെറുവാടിക്കു വേണ്ടി റസാക്ക് മാസ്റററും ടീമിനെ അണിയിച്ചൊരുക്കാന്‍ ഏറെ പാടുപെട്ടിട്ടുണ്ട് അക്കാലത്ത്. മട്ടന്‍ മര്‍ച്ചന്റ്സ് ഫുള്‍ ടീം അരീക്കോട് നിന്ന് വരുമ്പോള്‍ കൊളക്കാടന്‍ മില്‍സ് കുറേ കളിക്കാരെ ചെറുവാടിയില്‍ നിന്നും ഇറക്കുമായിരുന്നു. ചേപ്പിലങ്ങോട്ട് ശ്രീധരന്‍, ബിച്ചാലി കാക്ക, ചെറിയ മമ്മദു കുട്ടി തുടങ്ങി പലരും അവര്‍ക്കു വേണ്ടി കളത്തിലിറങ്ങിയത് ഓര്‍ക്കുന്നു. അഞ്ജലിക്കു വേണ്ടി അരീക്കോട്ടു നിന്നും സ്ഥിരമായി വരുന്ന ചില കളിക്കാരുണ്ടായിരുന്നു. വര്‍ഷങ്ങളോളം അഞ്ജലിയുടെ ബാറിനു കീഴില്‍ അജയ്യനായി നില കൊണ്ട ഗോള്‍ കീപ്പറായിരുന്നു കുററിക്കാട്ടുമ്മല്‍ മൊയ്തീന്‍. കണിച്ചാടി ബിച്ചാലി കാക്കയും ചെറിയ മമ്മദ് കുട്ടിയും കുട്ടികൃഷ്ണനും ചെറുവീട്ടില്‍ കുഞ്ഞാപ്പുവും ഒക്കെ ചെറുവാടിയുടെ മികച്ച കളിക്കാരായിരുന്നു. കുററിക്കാട്ടുമ്മല്‍ സുലൈമാന്‍ കാക്കയുടെ ഡിഫന്‍സ് ലൈനില്‍ നിന്നുള്ള തൂക്കിയടി ഏറെ പ്രസിദ്ധമാണ്. ഒരു തവണ അദ്ദേഹം അഞ്ജലിക്കു വേണ്ടി മാമ്പററ ഗ്രൌണ്ടില്‍ നടത്തിയ തൂക്കിയടി പ്രയോഗം ഏറെക്കാലം ഞങ്ങളുടേയൊക്കെ മനസ്സില്‍ മായാതെ നിന്നിട്ടുണ്ട്. ഫോര്‍വേഡുകള്‍ക്ക് മുഴുവന്‍ സമയം കഴിയുന്നതു വരെ ഗോളടിക്കാന്‍ കഴിയാതിരുന്നത് പരിഹരിച്ചു കൊണ്ട് കിട്ടിയ ഗോള്‍ കിക്ക് തൂക്കിയടിച്ച് ഗോളാക്കിയ സുലൈമാനാക്ക അന്നത്തെ ഹീറോ ആയി മാറി.

പടിക്കംപാടത്തെ ഗ്രൌണ്ടിലെ കാണികള്‍ എന്നും ഹരമായി സൂക്ഷിക്കുന്ന ഒരു ശബ്ദമുണ്ട്. പഞ്ചായത്ത് ചെറുവാടിക്കാര്‍ക്ക് പഞ്ചായത്ത് റേഡിയോയൊടൊപ്പം തന്ന ഒരു സാധനമുണ്ട്. മെഗാഫോണ്‍. പൊതു അനൌണ്‍സുമെന്റുകളൊക്കെ വിളിച്ചു പറഞ്ഞിരുന്ന ഒരു സംഭവം. ഈ മെഗാഫോണിലൂടെ എന്റെ ബാപ്പ നടത്തുന്ന നാളത്തെ കളിയുടെ അനൌണ്‍സുമെന്റ് എല്ലാര്‍ക്കും ഒരു ഹരമായിരുന്നു. ഇടവേളകളില്‍ ബാപ്പ അനൌണ്‍സ് ചെയ്യും, “നാളത്തെ കളി ആഞ്ഞെലി ചെറുവാടിയും പ്രഭാത് കുനിയിലും തമ്മിലായിരിക്കും” എന്ന്. ഒന്ന് രണ്ട് തവണ ഇത് ആഞ്ഞലി അല്ലെന്നും അഞ്ജലി ആണെന്നും റസാക്ക് മാസ്റററും ഐമുക്കയും പറഞ്ഞു കൊടുത്തെങ്കിലും കാണികളെ ഹരം പിടിപ്പിച്ചു കൊണ്ട് വീണ്ടും ബാപ്പയുടെ അനൌണ്‍സ്മെന്റ് പഴയപടി തന്നെ. പടിക്കം പാടത്തെ കളിയേക്കാള്‍ മറക്കാനാവാത്തതാണ് അവിടെയുണ്ടായിരുന്ന കച്ചവടങ്ങള്‍. സി.പി മുഹമ്മദിന്റെ കസ്കസ് വെള്ളം, സീമുവിന്റെ വത്തക്ക വെള്ളം, തിരിപ്പന്‍ അയമുട്ട്യാക്കന്റെ കടലത്തിരിപ്പന്‍, കണ്ണിന് കാഴ്ചയില്ലാത്ത പെരവന്‍ കുട്ടിയുടെ കടലക്കച്ചവടം ഇതൊക്കെ ഒരു സംഭവം തന്നെയായിരുന്നല്ലേ. പഴയ കാലത്തെ നമ്മുടെ കളിക്കാരോടൊപ്പം പ്രസിദ്ധരായിരുന്ന കുറേ റഫറിമാരേയും പരാമര്‍ശിക്കാതെ വയ്യ. കൊളക്കാടന്‍ കരീം മാസ്ററര്‍, മജീദ് കാക്ക, റസാക്ക് മാസ്ററര്‍, മപ്രത്തെ അമ്പലക്കണ്ടി ഇവരൊക്കെ അന്നത്തെ ജനപ്രിയ റഫറിമാരായിരുന്നു. ചില ടീമുകള്‍ക്ക് ഫേവര്‍ ചെയ്തു കൊണ്ട് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെക്കുന്നതും മററുമായ ചില പക്ഷപാതിത്വ ആരോപണങ്ങളൊഴിച്ചാല്‍ അവരെല്ലാം അന്നത്തെ മികച്ച അംപയര്‍മാര്‍ തന്നെ. കളിക്കളങ്ങളില്‍ സജീവ സാന്നിദ്ധ്യമായുണ്ടായിരുന്ന മറെറാരാളുണ്ട്. ആന്ധ്ര ആല്യാക്ക. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്ന ആല്യാക്ക പണ്ട് ആന്ധ്രയില്‍ ഗ്വാളിയോര്‍ റയണ്‍സ് ടീമിനു വേണ്ടി കളിക്കാന്‍ പോയത് കൊണ്ടോ ആന്ധ്ര ടീമിനു വേണ്ടി കളിച്ചതു കൊണ്ടോ ആണ് അദ്ദേഹത്തിന് ആ പേര് വീണത്. കളി തുടങ്ങുന്നതിനു മുന്‍പും പിന്‍പും ഗ്രൌണ്ടില്‍ അദ്ദേഹത്തിന്റെ ഒരു കോച്ചിംഗ് ക്യാമ്പുണ്ടാകാറുണ്ടായിരുന്നു. കുട്ടികളെ പെനാല്‍ട്ടി ഷൂട്ടൌട്ടും ഒക്കെ പഠിപ്പിച്ചിരുന്നു അദ്ദേഹം. പലരും അതു തമാശയായിട്ടെടുക്കുമായിരുന്നെങ്കിലും അദ്ദേഹം അത് വളരെ സീരിയസ് ആയിട്ടു തന്നെ കൈകാര്യം ചെയ്തിരുന്നു.

എഴുതാന്‍ ഒരു പാടുണ്ട്. കളിയെക്കുറിച്ച് തന്നെ. ഞങ്ങളൊക്കെ ചേര്‍ന്ന് ചെറുപ്പത്തിലും വലിപ്പത്തിലും നടത്തിയ ചെറുതും വലുതുമായ കുറേ കളി നടത്തിപ്പുകളുടെ കഥകള്‍ കൂടിയുണ്ട് പറയാന്‍. അതും കൂടെ ഇതില്‍ വാരി വലിച്ചെഴുതുന്നില്ല. അടുത്ത എപ്പിസോഡില്‍ പൂശാം. അന്ത വരക്കും നമസ്കാരം പാടിനവാലു…….

8 comments:

  1. it seems horripilation n soothing budding youngsters lik me.

    ReplyDelete
  2. Ennay aa pazhaya kalthekku koottikondu poyadhinu nanthi
    inuyum pradheekshikkunnu.

    ReplyDelete
  3. പഴയ ചിത്രം പുതുതലമുറക്ക്‌ പകര്‍ന്നുനല്‍കുന്ന ഈ മികച്ച ഫുട്ബാള്‍ ചരിത്രം ഉപകരിക്കും.
    എന്റെയും കാതില്‍ മുഴങ്ങുന്നു ആ പഴയ സെവന്‍സ് ആരവങ്ങള്‍.
    ഇതില്‍ പറഞ്ഞ പല ഹീറോകളുടെ കളിയും ഞങ്ങളുടെ തലമുറക്കും മുമ്പുള്ളതാണ്‌.
    പിന്നെ മപ്രം ടീമിന്റെ പേര് എക്സലന്റ് എന്നായിരുന്നില്ലേ ഷ്ക്കീബ്ക്ക?

    ReplyDelete
  4. Yes dear u r right they were Excellent Mapram...kure alojichu njan aa peru kittan...ormichedukkan pattiyilla sorry dear.....thanks for ur valuable comments.

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട് ശക്കീബ്കാ. നമ്മുടെ നാടിന്റെ സ്മരണകള്‍ അയവിറക്കാന്‍ ഈ പോസ്റ്റ്‌ വളരെ ഉപകാരപ്പെട്ടു. ഇപ്പോഴും നാടിന്റെ ജീവനാഡി ഫുട്ബാള്‍ തന്നെ. ഇനി വംശനാശം വന്ന കാളപ്പൂട്ടു മത്സരവും മറ്റും പോസ്റ്റുകളിലൂടെ പ്രതീക്ഷിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  6. Shakeebka, very good. These stories are not wellknown to us but while going through lines I was thinking about Andra Alikakka, he is my relative, during my childhood, I heared his stories and football spirits, I was thinking why you exepmted him but I found you have gone through each and every corner and that was also narrated very nicely.

    All your posts are superb, getting rich with our glorious history.

    ReplyDelete
  7. Shakeebka, Well done, It is not an easy task to recollect these historical events, games and important personalities of our own "small garden" cheruvadi. Evenif I cannot go much deeper in to the history of cheruvadi as you did, It has helped me to recollect a lot of faces like "blind peravan kutty", events like "our katapadathe football" and historical structures such as our "athanium almaravum".
    Your posts have inspired me to make a mind cheering journey throuhg my childhood where your were one of our seniors for conducting football and other cultural activities at our cheruvadi.
    I appreciate your these outstanding efforts to make available the history of cheruvadi as a flash back for the witnesses and also as an inspiration for the younger generation who could not witness these historical period.
    Appreciating you once again, I expect one post regarding our "kalappoot".

    ReplyDelete
  8. hii shakeebka,,it's a beautiful narration,,i juz loved it,,,oh!!!!!!!!it's a wonderful feeling for youngsters like me thanks,,

    ReplyDelete