Friday, July 10, 2009

ചെറുവാടിയിലെ ആലും അത്താണിയും

ചെറുവാടിയിലെ പുഴക്കടവിലേക്കുള്ള വഴിയില്‍ പാടവക്കത്തായി നെഞ്ചു വിരിച്ചു നില്‍ക്കുന്ന ആല്‍ മരവും അതിനു ചുവട്ടിലെ അത്താണിയും പണ്ട് നാട്ടുകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒരിക്കലെങ്കിലും ആ അത്താണിയില്‍ തന്റെ തോളിലെ അല്ലെങ്കില്‍ തലയിലെ അതുമല്ലെങ്കില്‍ മനസ്സിലെ ഭാരമിറക്കി വെച്ച് ആലിന്റെ കുളിര്‍മയില്‍ സ്വയം മറന്ന് അലിഞ്ഞു ചേരാത്തവരായുണ്ടാകില്ല.
പണ്ടെന്നു പറഞ്ഞാല്‍ ഒരു കാലഘട്ടമുണ്ടായിരുന്നു ചെറുവാടി, സമീപ പ്രദേശങ്ങളിലെ ബിസിനസ്സ് പോര്‍ട്ടലായി നില കൊണ്ടിരുന്ന കാലം. ചാലിയാര്‍ പുഴ ഈ ഗ്രാമത്തിന് അനുഗ്രഹിച്ചു നല്‍കിയ വിശാലമായ ആ പുഴമാട്. ഏത് തരം വഞ്ചികള്‍ക്കും യഥേഷ്ടം വരാനും ചരക്ക് കയററാനും ഇറക്കാനും സൌകര്യ പ്രദമായൊരു മണല്‍ത്തിട്ട. മലബാറിലെ ഏററവും മനോഹരമായ പുഴമാടുകളിലൊന്നായിരുന്നു ചെറുവാടിക്കടവിലേത്. വേനല്‍ക്കാലത്ത് മൂന്നോ നാലോ ചായക്കടകള്‍. തേങ്ങ വെട്ടുകയും ഉണക്കുകയും കൊപ്രയാക്കുകയും ഒക്കെ ചെയ്തിരുന്ന വലിയ കൊപ്രക്കളങ്ങള്‍. പുഴയില്‍ നിന്നും തണ്ടാടിയും വെള്ളയും വലിച്ച് മീന്‍ പിടിച്ച് പൂസാനും വാളയും തിരുതയുമൊക്കെ വിററിരുന്ന മത്സ്യക്കച്ചവടക്കാര്‍. രാവിലെ മുതല്‍ തീററയിട്ട് തോട്ട പൊട്ടിക്കാന്‍ വേലിയിറക്കം കാത്തിരിക്കുന്നവര്‍. മഴക്കാലം ആകുന്നതിന് മുന്‍പ് പുര കെട്ടി മേയാനുള്ള തെങ്ങോല നീററിലിട്ട് ഷെഡ് കെട്ടി അതിനകത്തിരുന്ന് മുടയുന്ന സ്ത്രീകളും പുരുഷന്‍മാരും. കോഴിക്കോട്ടേക്കും മെഡിക്കല്‍ കോളേജിലേക്കും മററും പോകുന്നവരും ഗ്വാളിയോര്‍ റയോണ്‍സില്‍ ഷിഫ്ററിന് ജോലിക്ക് പോകുന്നവരുമായ യാത്രക്കാരെ കയററുകയും ഇറക്കുകയും ചെയ്യുന്ന സവാരിത്തോണിക്കാര്‍. കാരംബോര്‍ഡ് കളിയിലേര്‍പ്പെട്ടവരും കുളിക്കാന്‍ വന്നവരും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് കടവു കടന്നു പോകാനായി എത്തിയവരുമായി ഏറെ സജീവമായൊരു ബാല്യം നമ്മുടെ ചെറുവാടിക്കടവിന് പറയാനുണ്ട്. ചെറുവാടിയിലെ എന്റെ പുതിയ തലമുറക്ക് നഷ്ടപ്പെട്ടു പോയ ഒരു വലിയ സൌഭാഗ്യം. ഇതു വഴിയായിരുന്നു ചെറുവാടിയിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള ചരക്കു ഗതാഗതം നടന്നിരുന്നത്. റോഡ് വഴി ലോറിയോ മററ് വാഹനങ്ങളോ വരാനുള്ള സൌകര്യം അക്കാലത്ത് ചെറുവാടിക്കോ പന്നിക്കോടിനോ ഒന്നും ഉണ്ടായിരുന്നില്ല. വെപ്പ് തോണിയെന്ന് നമ്മളൊക്കെ വിളിച്ചിരുന്ന വലിയ ചരക്ക് വഞ്ചിയിലായിരുന്നു കടകളിലേക്കുള്ള സാധനങ്ങള്‍ വന്നിരുന്നത്. കാടന്‍ ഹാജിയും നല്ലു വീട്ടില്‍ മൊയ്തീന്‍ ഹാജിയും രായിന്‍ ഹാജിയും ഒക്കെയായിരുന്നു എനിക്കോര്‍മ്മയിലുള്ള അന്നത്തെ ഈ വാഹനങ്ങളുടെ ആര്‍.സി ഓണര്‍മാര്‍. പ്രൌഢമായിരുന്നു ഈ പ്രമാണിമാരെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ അന്ന്. ഇവരെക്കുറിച്ചുള്ള കഥകള്‍ ധാരാളമായി കേട്ടിട്ടുണ്ട്. അന്നത്തെ ഗ്രാമങ്ങളുടെ ഉത്സവമായിരുന്ന കുറിക്കല്യാണത്തിന് ആദ്യം പണം നല്‍കി ഉദ്ഘാടനം ചെയ്യാന്‍ ഇവരില്‍ ആരെങ്കിലും എത്തണമായിരുന്നു.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണെന്നു തോന്നുന്നു ആഴ്ചയില്‍ കോഴിക്കോട് നിന്നും ചരക്കു വഞ്ചികള്‍ കടവിലെത്തിയിരുന്നത്. ഇതേ ദിവസങ്ങളിലാണ് അന്ന് ചെറുവാടിയില്‍ ഇറച്ചി വില്‍പ്പന ഉണ്ടായിരുന്നതും എന്ന് ഞാന്‍ ഓര്‍ക്കുന്നു. എസ്.എം.എസും മിസ്ഡ് കോള്‍ സൌകര്യങ്ങളുമില്ലാതിരുന്ന കാലം വഞ്ചികള്‍ കടവിലടുക്കുന്നതിന് മുന്‍പേ തന്നെ പുഴമാട് തലച്ചുമട്കാരെക്കൊണ്ട് നിറഞ്ഞിരിക്കും. ക്വിന്റല്‍ ചാക്ക് എടുക്കുന്നവരും കുട്ടിച്ചാക്ക് എടുക്കുന്നവരും ഒക്കെ ആയി വിവിധ കാററഗറിയിലുള്ളവര്‍. ക്വിന്റല്‍ ചാക്ക് തലയിലെടുക്കുന്നവര്‍ അന്ന് ശരിക്കും ഗ്രാമത്തിന്റെ ഹീറോകളായിരുന്നു. വാളേപാറമ്മല്‍ മുഹമ്മദ് കാക്കയും കൂടത്തില്‍ ഇണ്ണിയും, കാടന്‍ ചേക്കു കാക്കയും, അക്കരപറമ്പില്‍ കീരനും, അധികാരി മുഹമ്മദ് കാക്കയും പുത്തലത്ത് മൊയ്തീന്‍ കുട്ടി കാക്കയും, പഴംപറമ്പില്‍ ഉണ്ണിമോയിന്‍ കുട്ടി കാക്കയും ആലുങ്ങല്‍ ആലി കാക്കയും ഉച്ചക്കാവിലെ ഉണ്ണിക്കുട്ടിയേട്ടനും ഒക്കെയായിരുന്നു ഈ ഗണത്തില്‍പ്പെട്ട മൂപ്പന്‍മാര്‍. അവരോട് ഞങ്ങള്‍ക്കൊക്കെ ഒരാദരവ് തോന്നിയിരുന്നു എന്നും. തോണി കരയോടടുക്കുന്നതിന് മുന്‍പ് തന്നെ കയ്യൂക്കുള്ളവര്‍ വെള്ളത്തിലേക്ക് നടന്ന് ചെന്ന് ചാക്കുകളില്‍ തൊട്ട് വെക്കും. പിന്നെ അത് അവര്‍ക്കുള്ളതാണ്. ചാക്കുകളെടുത്ത് അവര്‍ ഓടുന്നത് അടുത്ത സ്റേറാപ്പോവറായ അത്താണിയിലേക്കാണ്. അത്താണിയില്‍ ഇറക്കി വെച്ച് അവര്‍ വീണ്ടും ഓടും അടുത്ത ചാക്ക് എടുക്കാന്‍. അങ്ങിനെ പരാമവധി ചാക്കുകള്‍ കരസ്ഥമാക്കി ആലിന്‍ ചുവട്ടില്‍ വന്ന് അല്‍പ്പം വിശ്രമിച്ചിട്ടാണ് അതെല്ലാം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.
ഇന്നത്തെപ്പോലെ ബസ്സ്റേറാപ്പുകളൊന്നും അന്ന് ജനങ്ങളുടെ ആവശ്യങ്ങളായിരുന്നില്ല. മിക്ക ഗ്രാമങ്ങളിലും നമുക്ക് ഇത്തരത്തിലുള്ള വലിയ ആല്‍ മരങ്ങളും അത്താണികളും കാണാം. തലച്ചുമടുകാര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങള്‍. ചെറുവാടിയില്‍ ഇതിനുള്ള പ്രാധാന്യം ഏറെ വലുതായിരുന്നു. അതു കൊണ്ടു തന്നെയായിരിക്കണം കൊളക്കാടന്‍ ഗുലാം ഹുസ്സൈന്‍ ഹാജി തന്റെ പറമ്പില്‍ റോഡിനോട് ചേര്‍ന്ന് ഒരു ആല്‍ മരവും അതിന്റെ ചുവട്ടില്‍ ഒരു അത്താണിയും സ്ഥാപിച്ചത്.
ചെറുവാടിക്കടവിലെ കഥകളൊന്നും പറഞ്ഞാല്‍ തീരില്ല. പുത്തലത്ത് ആലി കാക്കയുടേയും വെള്ളങ്ങോട്ട് കലന്തന്‍ കാക്കയുടേയും ചായക്കടകള്‍ വല്ലാത്ത ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകളാണ്. രണ്ട് പേരുടേയും വലിയ അരപ്പട്ട കെട്ടിയ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. രണ്ട് കടയിലും ഞാന്‍ കുറേ കാലം വീട്ടില്‍ നിന്നും പാല്‍ കൊണ്ട് പോയി കൊടുത്തിട്ടുണ്ട്. പാല്‍ കൊടുത്ത് പോരുമ്പോള്‍ കൊപ്ര കളത്തില്‍ വീണ് കിടക്കുന്ന കൊപ്ര പൊട്ടുകള്‍ പെറുക്കിയാണ് മടങ്ങുന്നത്. ചിലപ്പോഴെല്ലാം വെള്ളങ്ങോട്ട് ബീരാനാക്കയുടെ തോണിയില്‍ നിന്നും ഉമ്മ തന്ന 5 പൈസക്ക് എരുന്തും വാങ്ങും.
കഥാപാത്രങ്ങളെല്ലാം യവനികക്കുള്ളില്‍ മറഞ്ഞു. കാലം പോയി. പുഴമാട് വെള്ളത്തില്‍ മുങ്ങി. മുണ്ടുമൂഴിയിലെ റെഗുലേററര്‍ കം ബ്രിഡ്ജും കടവിലെ മണല്‍ വാരലുകാരും ചേര്‍ന്ന് ചെറുവാടിക്കടവിനേയും പുഴമാടിനേയും ചെളിവെള്ളത്തില്‍ മുക്കി. കണ്ടാല്‍ അറപ്പു തോന്നുന്ന വിധം വെള്ളം പായല്‍ കെട്ടി അശുദ്ധമായി. എന്നാലും അവധിക്കാലത്ത് നാട്ടില്‍ പോയാല്‍ അതിലൊന്നു മുങ്ങാതിരിക്കാന്‍ കഴിയില്ല. എന്റെ സുഹൃത്തും ചെറുവാടിക്കടവിന്റെ പുത്രന്‍ എന്ന് വിശേഷിപ്പിക്കാവുന്നവനുമായ ആലുവായ് മുഹമ്മദ് ഒരിക്കലല്ല പലകുറി എന്നോട് പറഞ്ഞു ആ റെഗുലേററര്‍ വന്നതോടെ ഞാന്‍ ആ പുഴയിലേക്ക് നോക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന്. എല്ലാവരുടേയും മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഒരു കാലത്ത് സാന്ത്വനം പകര്‍ന്നിരുന്ന ആ പുഴമാട് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുന്നു. എല്ലാവരേയും എന്ന് പറയാനാകില്ല കാരണം പലരും ഇന്ന് ജീവിതം കണ്ടെത്തുന്നത് ഈ പുഴയോരത്ത് നിന്നാണല്ലോ. താല്‍ക്കാലികമായെങ്കിലും.

2 comments: