Tuesday, July 26, 2011

മീസാന്‍ കല്ലുകളെ പ്രണയിക്കുന്ന തലമുറ




എന്റെ പിതാവ് താമസിക്കുന്നയിടം എന്ന നിലയില്‍ മാത്രമാണ് എനിക്കീ ഗ്രാമത്തോട് കടപ്പാടും സ്നേഹവും എന്ന് തോന്നിയതായിരുന്നു കഴിഞ്ഞ തവണയിലെ എന്റെ അവധിക്കാലം. മക്കളേയും ഭാര്യയേയും റിയാദിലാക്കി ഒരാഴ്ചത്തേക്ക് നാട്ടില്‍ പോയ സമയം. എന്റെ പ്രിയപ്പെട്ട വായിച്ചി മരിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രമായിട്ടുണ്ടായിരുന്നുള്ളു. നാട്ടിലെവിടേയും അനാഥത്വം. വായിച്ചിയില്ലെങ്കില്‍ ഞാനീ നാട്ടില്‍ ഒന്നുമല്ലെന്നും അദ്ദേഹത്തിന്റെ ഒരു ബലത്തിലായിരുന്നു എന്റെ അസ്ഥിത്വമെന്നും എവിടേയും ഓര്‍മ്മപ്പെടുത്തലുകള്‍. പിറേറ ദിവസം തന്നെ വെള്ളിയാഴ്ചയാണ്. നാട്ടില്‍ ജുമുഅക്ക് പങ്കെടുക്കലും നാട്ടുകാരുമായി ഓര്‍മ്മ പുതുക്കലും മാത്രമായിരുന്നില്ല, അതിലപ്പുറം പിതാവിന്റെ ഖബറിടത്തിലെത്തി മനസ്സിന്റെ ഭാരം പങ്കു വെക്കലായിരുന്നു പ്രധാന താല്‍പ്പര്യം. സലാം വീട്ടി ദുആയും ദിഖ്റും കഴിഞ്ഞ ഉടനെ ഒരു മൌലവിയുടെ സഹായാഭ്യര്‍ത്ഥന. കൂടെ മണി കിലുക്കി ബക്കററ് നിമിഷം കൊണ്ട് മുന്നിലൂടെ കടന്നു പോയി. ഈ മണി കിലുക്കി ബക്കററിന്റെ പ്രദക്ഷിണ ദാക്ഷിണ്യം കൂടാതെ തന്നെ പണ്ടും പള്ളിപ്പരിപാടികള്‍ അഭംഗുരം നടന്നു പോയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇതവിടെ മുഴച്ചു നില്‍ക്കുന്നു. എന്തെങ്കിലുമാവട്ടെ. പള്ളിക്ക് പണ്ട് കരന്റ് ബില്ലും, ടെലഫോണ്‍ ബില്ലും, മുസ്ല്യാക്കന്‍മാര്‍ക്ക് മൊബൈല്‍ റീ ചാര്‍ജ് കൂപ്പണും ഹീറോ ഹോണ്ടയും പെട്രോളും ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മണി കിലുക്കി ബക്കററും അവശ്യമെന്നു തോന്നി.

വായിച്ചിയുടെ സാമീപ്യം തേടി ഓടിച്ചെന്നപ്പോള്‍ പള്ളിപ്പറമ്പ് നിറയെ ആള്‍കൂട്ടം. എന്താ പണ്ടൊന്നുമില്ലാത്ത വിധം ഇങ്ങിനെ എന്നായി എനിക്ക്. നോക്കിയപ്പോള്‍ ഖബറില്‍ കിടക്കുന്നവരുടേയൊക്കെ ബന്ധുക്കളാണ്. എന്നെപ്പോലെ തന്നെ മനസ്സമാധാനം തേടി വന്നവര്‍. പലരുടേയും മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. പലരും കുററബോധം കൊണ്ടു തലകുനിച്ചവര്‍. ചിലരെല്ലാം പുതുപ്പണത്തിന്റെ കൊഴുപ്പ് കാണിക്കാന്‍ വന്നവര്‍. വില കൂടിയ മുസ്ല്യാക്കന്‍മാരെ വിളിച്ച് ദുആ സ്പോണ്‍സര്‍ ചെയ്യിക്കുന്നവര്‍ ചിലര്‍, മററ് ചിലര്‍ കുടുംബത്തിലെ അംഗബലം കാണിക്കാന്‍ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്നു. എന്തായാലും മുന്‍പൊന്നുമില്ലാത്ത വിധം പള്ളിപ്പറമ്പ് ശ്മശാനമൂകമല്ല....സജീവമാണ്. പണ്ടൊരിക്കല്‍ വെല്ലിമ്മയുടെ ആണ്ടിന് ഖബറിടം സന്ദര്‍ശിക്കാന്‍ ചെന്നപ്പോ കുഞ്ഞായമ്മദ് മൊല്ലാക്ക ഖബറിടം കാണിച്ചു തരാന്‍ പെട്ട പാട് ഞാനോര്‍ത്തു പോയി. കുറേ തപ്പിപ്പിടിച്ച് മൊല്ലാക്ക അത് കണ്ടെത്തി. ഇന്ന് ആരുടേയും ആശ്രയം വേണ്ട. ഹൈ ഫൈ മീസാന്‍ കല്ലുകള്‍ ഓരോ ഖബറിനും മുകളില്‍. എന്റെ വായിച്ചിയുടേയും പേരും മരണത്തീയ്യതിയും കൊത്തിയ മീസാന്‍ കല്ലുണ്ട്. ഉപകാരം തന്നെ.

വായിച്ചിയുടെ കൂടെ അല്‍പ്പനേരം ചിലവിട്ട് ഞാന്‍ റോട്ടിലേക്കിറങ്ങി. കുററബോധം എന്റെ തലയിലൂടേയും അരിച്ചിറങ്ങി. ക്ഷമിക്കണം എന്റെ പിതാവേ....അങ്ങ് ജീവിച്ചിരിക്കുമ്പോ ഒരു അന്‍പത് ശതമാനമെങ്കിലും ആ മഹത്വം ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് റിയാക്ട് ചെയ്യാനും എനിക്കു പോലും കഴിയാതെ പോയല്ലോ. കയ്യിലുള്ള സൌഭാഗ്യമൊന്നും ശാശ്വതമല്ലെന്നും ഇന്നോ നാളെയോ അതെല്ലാം നഷ്ടമാകുമെന്നും ഞാനാദ്യമായി തിരിച്ചറിഞ്ഞത് എന്റെ പിതാവിന്റെ മരണസമയത്താണ്. അതു വരെ എനിക്കിവരെയൊന്നും നഷ്ടമാകില്ല എന്ന ഒരു സ്വകാര്യ അഹങ്കാരം എനിക്കുണ്ടായിരുന്നു എന്നത് സത്യം.

ഗ്രാഫില്‍ ഏററക്കുറച്ചിലുണ്ടാകാമെങ്കിലും ആ പള്ളിപ്പറമ്പില്‍ ഒത്തുകൂടിയവരില്‍ ഏറിയ പങ്കും മരണശേഷം തന്റെ ബന്ധുവിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. ഇനിയും മരിക്കാത്തവരായി, നമ്മുടെ ഒരു നുള്ളു സ്നേഹത്തിന് ദാഹിക്കുന്നവരായി നമ്മുടെ വീട്ടില്‍ അല്ലെങ്കില്‍ നമ്മുടെ ചുററുപാടും ഇനിയും ഒട്ടേറെ മനുഷ്യജീവനുകള്‍ അവശേഷിക്കുന്നു. സ്നേഹത്തിന്റെ കരലാളനം അവരുമായും പങ്കു വെക്കാം. അവരുടെ പേരും മീസാന്‍ കല്ലില്‍ പതിക്കുന്നതു വരെ കാത്തിരിക്കാതിരിക്കുക. അവര്‍ക്കായി സ്നേഹ പൂങ്കാവനം തീര്‍ക്കാന്‍ നമുക്കായില്ലെങ്കിലും അവരെ വെറുക്കാതിരിക്കാന്‍ നാം ശീലിക്കുക. സ്ററാററസ് സിംബലായി മീസാന്‍ കല്ലുകളെ മാത്രം പ്രണയിക്കുന്ന ശിലാ ഹൃദയമുള്ളവരായി പുതുതലമുറ മാറാതിരിക്കാന്‍ കുടുംബ ബന്ധങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് നാം സ്വയം തയ്യാറെടുക്കുക.