നാട്ടുകാര്‍ക്കെല്ലാം വിളിപ്പേര് ചാര്‍ത്തിക്കൊടുക്കുന്നതില്‍ ഒരു ലുബ്ധും കാണിക്കാത്ത നാടാണ് ചെറുവാടി. അര്‍ഹമായും അനര്‍ഹമായും നാട്ടുകാരില്‍ പലര്‍ക്കും ഇഷ്ടവും അനിഷ്ടവും നോക്കാതെ വിളിപ്പേര് കിട്ടിയപ്പോള്‍ മായ്ച്ചു കളയാന്‍ പററാത്ത വിധത്തില്‍ അത് പതിഞ്ഞു കഴിയുന്നതും ചരിത്രം.
ഈ ഗ്രാമത്തിന്റെ വളര്‍ച്ചയിലും വികാസത്തിലുമൊക്കെ തന്റേതായ മുദ്ര പതിപ്പിച്ച് കടന്നു പോയ പലര്‍ക്കുമുണ്ടായിരുന്നു ഒരു ചെല്ലപ്പേര്. മിക്കവരും അത് സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ചിലരെയെല്ലാം അത് മുഷിപ്പിച്ചിരുന്നു എന്നതും നമ്മള്‍ കണ്ടറിഞ്ഞതാണ്.
ആരില്‍ തുടങ്ങണമെന്നറിയില്ല. നിങ്ങളോടെല്ലാം വലുപ്പച്ചെറുപ്പമില്ലാതെ ഇടപഴകിയിരുന്ന എന്റെ പ്രിയപ്പെട്ട ബാപ്പ എളാപ്പയായിരുന്നല്ലോ നാട്ടുകാര്‍ക്കെല്ലാം. കൊളക്കാടന്‍ കുടുംബത്തിലെ തല മുതിര്‍ന്ന ഒരു കാരണവരായിരുന്ന ബാപ്പ കുടുംബത്തില്‍ പലര്‍ക്കും എളാപ്പയായിരുന്നു. അതു തന്നെ ക്രമേണ മോയിന്‍ ബാപ്പുവും ബംഗാളത്ത് കുഞ്ഞ്യാക്കയും പിന്നെ ബാപ്പയുടെ നായാട്ടു സംഘത്തില്‍ പെട്ടവരും ഒക്കെ വിളിക്കാന്‍ തുടങ്ങിയപ്പോ നാട്ടുകാരുടെ മുഴുവന്‍ എളാപ്പയായി മാറാന്‍ അധികം സമയമൊന്നും വേണ്ടിയിരുന്നില്ല. ബാപ്പയും അത് ആസ്വദിച്ചിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
കൊളക്കാടന്‍ കുടുംബത്തില്‍ ഒരു ബ്രദര്‍ ഉണ്ടായിരുന്നു. സഹോദരിമാരും സഹോദരന്‍മാരും ബ്രദര്‍ എന്ന് സംബോധന ചെയ്തിരുന്ന കൊളക്കാടന്‍ അബു സാഹിബിനെ മിക്ക ബന്ധുക്കളും ബ്രദര്‍ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ബ്രദര്‍ എന്നത് നാടന്‍വല്‍ക്കരിച്ച് ബര്‍ദര്‍ എന്നായിരുന്നു ഏറെ വിളിക്കപ്പെട്ടത്. അബു സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്ന കൊണ്ടോട്ടി എളാപ്പ എന്ന് ഞങ്ങളെല്ലാം വിളിച്ചിരുന്ന ഉസ്സന്‍ കൊളക്കാടനും മററ് അടുത്ത സുഹൃത്തക്കളുമെല്ലാം ബ്രദര്‍ എന്ന് തന്നെയായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. ആംഗലേയത്തിലെ ബ്രദര്‍ എന്ന് സഹോദരനെ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിളിച്ചിരുന്നു എന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
തടായി എന്നു പറഞ്ഞാല്‍ അന്ന് എല്ലാര്‍ക്കും മോയിനാക്കയായിരുന്നു. തടായില്‍ മോയിനാക്ക തലന്താഴത്ത് പോയി താമസിച്ചപ്പോഴും വിളിപ്പേര് തടായി എന്നു തന്നെയായിരുന്നു. ചെറുവാടിയെ ഒരു കാലഘട്ടത്തില്‍ വിറപ്പിച്ച് നിര്‍ത്തിയിരുന്ന കുറേ വില്ലന്‍മാരില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരെന്ന് കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ള തടായിയെ അവസാന കാലത്ത് നമ്മള്‍ കണ്ടത് വേറെ ഒരു രീതിയിലായിരുന്നു. തന്റെ പഴയ കഥകളിലെ പല പേരുകളും വിളിപ്പേരാക്കി വിളിക്കുന്ന കുട്ടികളേയും അവര്‍ക്ക് പുറകേ കല്ലുമെടുത്തോടുന്ന മോയിനാക്കയുമാണ് ഇപ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍. രാമരുടെ പീടികയില്‍ നിന്നും അങ്ങിനെ ഒരു കുരുത്തംകെട്ട പയ്യന്‍ അദ്ദേഹത്തെ ഓവു ചാലിലേക്ക് തള്ളി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് അവസാനമായി കിടപ്പിലായത് എന്ന് തോന്നുന്നു.
കുളിര് കണ്ണന്‍കുട്ടിയെ ഓര്‍ക്കാത്തവരുണ്ടാകുമോ. ശൈത്യകാലത്തെന്ന പോലെ എപ്പോഴും രണ്ട് കൈയും തോളില്‍ കൊളുത്തിയിട്ട് നടന്നിരുന്നതിനാലും പണിയെടുക്കാന്‍ അല്‍പ്പം മടിയനായതിനാലുമായിരിക്കണം എല്ലാവരും കണ്ണന്‍കുട്ടിക്ക് കുളിര് എന്ന് പേരിട്ടത്. കന്നുപൂട്ടാനും കൈക്കോട്ട് പണിക്കും തെങ്ങില്‍ കയറാനും ഒക്കെ കണ്ണന്‍കുട്ടി ഉഷാറായിരുന്നു താനും. അതിലേറെ കുളിര് കണ്ണന്‍ കുട്ടി ഫെയ്മസ് ആയിരുന്നത് നായാട്ട് ടീമിലെ കണ്ടി തെളിക്കാരുടെ മുന്‍പില്‍ അരിവാള്‍ കത്തിയുമായി ആവേശത്തോടെ നടന്നിരുന്ന നായകനായാണ്. തെങ്ങില്‍ കയറുന്ന കണ്ണന്‍കുട്ടി പകുതി വഴിയില്‍ നിന്നും ഒരു ചുരുട്ടെടുത്ത് കത്തിച്ച് പാതി വലിച്ച് കെടുത്തി ചെവിയില്‍ തിരുകിയിട്ടാണ് കയററം തുടരുന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
ക്വിന്റല്‍ ചാക്കെടുക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അധികാരി മുഹമ്മദ് കാക്കയെ അറിയാമല്ലോ. അദ്ദേഹത്തിന് ഈ അധികാരിയായി അറിയപ്പെടാനുള്ള അധികാരം ആര് നല്‍കി എന്നറിയില്ല. ചുമടെടുപ്പ് നിര്‍ത്തി നല്ലൊരു കച്ചവടം അങ്ങാടിയില്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കടയും അറിയപ്പെട്ടത് അധികാരിന്റെ പീട്യ എന്നു തന്നെയാണ്. അങ്ങാടിയില്‍ ഒരു കോടതിയുണ്ട്. ഒരു വിധം പ്രശ്നങ്ങളൊക്കെ ചൂടു പിടിച്ച വാദ പ്രതിവാദങ്ങളിലൂടെ തീര്‍പ്പാക്കാതെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് തള്ളി വിടുന്ന ഈ കോടതിയില്‍ ജഡ്ജി മാത്രമുണ്ടായിരിക്കില്ല. അതു കൊണ്ട് തന്നെ വിധികളുമില്ല. വാദങ്ങളും പ്രതിവാദങ്ങളും മാത്രം. അവസാനം തൊണ്ടയിലെ വെള്ളം വററുമ്പോ താനേ നിര്‍ത്തി പോകും. ഗ്രാമത്തിന്റെ പ്രശ്നങ്ങള്‍ മാത്രമല്ല. അണുശക്തിയെക്കുറിച്ചും ഗാട്ട് കരാറിനെക്കുറിച്ചും ആഗോളവത്കരണത്തെക്കുറിച്ചും മോണിക്ക ലെവിന്‍സ്കിയെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങള്‍ തര്‍ക്കങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. മൊതലാളി ഉസ്സൈനാക്കയും പൂളക്കാരന്‍ മൊയ്തീന്‍ കുട്ട്യാക്കയും ഡ്രൈവര്‍ അയമുട്ട്യാക്കയും ഒക്കെ അങ്ങാടിയിലെ കച്ചവടക്കാരായിരുന്നല്ലോ. അതില്‍ മൊയ്തീന്‍ കുട്ട്യാക്ക ഈ അടുത്ത കാലത്താണ് നമ്മെ പിരിഞ്ഞു പോയത്. ഡ്രൈവിംഗ് അറിയാത്ത അയമുട്ട്യാക്ക ഡ്രൈവറായതും അത്ര വലിയ മുതലാളിയൊന്നുമായിരുന്നില്ലാത്ത ഉസ്സൈനാക്ക മൊതലാളി ആയതിന്റേയും രഹസ്യമൊന്നും അത്ര പിടിയില്ല. വൈക്കോലുണ്ട മുതല്‍ വലിയ തെങ്ങിന്‍ തോട്ടം വരെ എന്തും അന്വേഷിച്ചെത്തുന്നവര്‍ക്ക് കോയാക്കന്റെ അടുത്തു സാധനം റെഡിയാണ്. അങ്ങിനെയാണ് കുന്നത്ത് കോയാക്ക ഓ റെഡിയായത് എന്ന് പറയുന്നു. ആരേയും മുഷിപ്പിക്കാതെ സാധനം കാണിച്ച് കച്ചോടമാക്കി കൊടുക്കുന്ന കോയാക്കയുടെ പ്രൊഫഷന്‍ ചെയ്യുന്നവരുടെ കയ്യിലാണ് ഇന്ന് നാട്ടില്‍ പണമെല്ലാം. പണമുള്ളതു കൊണ്ട് അവര്‍ തന്നെ പ്രമാണിമാരും. ദല്ലാളന്‍മാരാണല്ലോ ഇന്ന് നാട്ടിലെ ഗതി നിയന്ത്രണം നടത്തുന്നത്. മൊതലാളിയേയും അധികാരിയേയും പോലെ നാട്ടിലൊരു പ്രമാണിയുമുണ്ട്. അദ്ദേഹം താമസിക്കാന്‍ ഗ്രാമം വിട്ടു പോയെങ്കിലും ചെറുവാടിക്കാരുടെ പ്രമാണി തന്നെയാണ് ഇപ്പോഴും. എന്തായാലും പറയങ്ങാട്ട് ബീരാന്‍ കുട്ടിയെ മൊതലാളി ബീരാന്‍ കുട്ടി എന്ന് വിളിക്കുന്നത് അല്‍പ്പം ക്രൂരതയാണെന്ന് പറയാതെ വയ്യ.
റേഷന്‍ ഷോപ്പില്‍ പോയി "പച്ചൈരി വെന്തീണോ" എന്ന് ചോദിച്ചതോണ്ട് മാത്രാണോ ഇട്ടി കൊററിക്ക് 'പച്ചൈരി' എന്ന് പേരു വീണതെന്നറിയില്ല. എന്തായാലും അവര്‍ക്കത് ഇഷ്ടല്ല. വിളിക്കുന്നവരുടെ തന്തക്ക് വിളിച്ച് കല്ലുമെടുത്തോടുന്ന ഇട്ടി കൊററി ഇപ്പോഴുമുണ്ടോ ആവോ. പഴമക്കാരില്‍ സ്വഭാവ ഗുണം കൊണ്ട് എല്ലാവരേയും ആകര്‍ഷിച്ചിരുന്ന ആരേയും വെറുപ്പിക്കാതെ ജീവിച്ചിരുന്ന പു ള്ളിച്ചേക്കു കാക്കക്ക് എങ്ങിനെ പുള്ളി വീണു എന്ന് ഒരു പിടുത്തവുമില്ല. അദ്ദേഹം കരി നുഖവും തോളിലേററി പുഞ്ചിരിക്കുന്ന മുഖവുമായി നടന്നകലുന്നത് മനസ്സില്‍ മായാതെ കിടക്കുന്നു.
ചെറുപ്പത്തില്‍ സ്കൂളില്‍ വെച്ച് ഒന്നാം ക്ളാസിലെ പാഠ പുസ്തത്തിലെ കലം എന്നെഴുതിയത് വായിക്കാന്‍ പറഞ്ഞപ്പോ ചിത്രം നോക്കി മണ്ടത്ത് എന്ന് പാറപ്പുറത്ത് അല്യാപ്പു വായിച്ചതിന് ശേഷമാണത്രെ അവന്‍ മണ്ടത്താലി ആയത്. എന്തായാലും ഗോട്ടി കളിയില്‍ അവനെ തോല്‍പ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ലാ എന്നത് സത്യം. അല്യാപ്പുവിന്റെ ബാപ്പയുടെ വെളുത്ത ജുബ്ബയും വെള്ളത്തുണിയും വെളുത്ത മുടിയുമൊക്കെയായുള്ള രൂപം മറന്നു പോയോ നിങ്ങള്‍? അദ്ദേഹം കെണീസ് കുഞ്ഞോക്കു കാക്ക എന്നാണറിയപ്പെട്ടിരുന്നത്. കെണീസ് എന്തെങ്കിലും ഒപ്പിച്ചിരുന്നോ എന്നതറിയില്ല.
ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒരു വിളിപ്പേരുണ്ട്. കൊട്ടുപ്പുറത്ത് കോയക്കുട്ടി ഒരിക്കലും ഷര്‍ട്ടിടാറുണ്ടായിരുന്നില്ല. പെണ്ണ് കെട്ടുമ്പോഴാണ് ആദ്യമായി ഒരു ഷര്‍ട്ട് അദ്ദേഹം അടിപ്പിച്ചത്. കെട്ടിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ആങ്ങള ആദ്യമായി അവധിക്കു വന്നപ്പോ അളിയന് ഒരു കടും മഞ്ഞ സില്‍ക്ക് ഷര്‍ട്ട് പീസ് കൊടുത്തു. സീറോ മമ്മദാക്ക അത് അടിപൊളിയാക്കി അടിച്ചും കൊടുത്തു. അതിട്ട് ആദ്യമായി വെള്ളിയാഴ്ച പള്ളിയില്‍ വന്ന കോയക്കുട്ടിക്ക് കുട്ടികള്‍ ചാര്‍ത്തിക്കൊടുത്ത ചെല്ലപ്പേര് എന്താണെന്നല്ലേ... ടാക്സിക്കോയ. നന്നായി കറുത്ത ശരീരമുള്ള കോയക്കുട്ടി കടും മഞ്ഞ നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടുമിട്ട് വന്നപ്പോ പിന്നെ ടാക്സിക്കോയ എന്നല്ലാതെ എന്ത് വിളിക്കും അല്ലേ...പോലീസല്ലാത്ത പോലീസും വിളഞ്ഞ മന്നിങ്ങയും വമ്പത്തരമൊന്നുമില്ലാത്ത വമ്പത്തിയും ചെറുവാടിക്കാരി തന്നെയായ മഞ്ചേരിച്ചിയും ആശാനും മൂപ്പനും കുപ്പ ചെകുത്താനും പെരച്ചനും സേട്ടുവും നെഹ്റുവും കിടാവും ആലുവായിയും ഒക്കെ ഓരോ ഘട്ടത്തില്‍ ചാര്‍ത്തിക്കിട്ടുന്ന വിളിപ്പേരുകളാണ്.
കുഞ്ഞന്‍ സി.പി.ഐ സ്വതന്ത്രനായി പഞ്ചായത്തിലേക്ക് കുരുവി അടയാളത്തില്‍ മത്സരിച്ചതിന് ശേഷം അദ്ദേഹം കുരുവിക്കുഞ്ഞനായി. എന്നെ എവിടെ കണ്ടാലും തോളില്‍ കയ്യിട്ട് കുശലാന്വേഷണം നടത്തുമായിരുന്ന കുന്നത്ത് മൊയ്തീന്‍ ഹാജി ഉണ്ട ഹാജി ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ അനുജന്‍ ഉണ്ട സെയ്തലവി കാക്കയുമാണ്. കാടന്‍ കുടുംബത്തില്‍ ഒരു പാട് ഹാജിമാരുണ്ടായിരുന്നെങ്കിലും കാടന്‍ ഹാജി എന്നത് ചെറുവാടിക്കാര്‍ക്ക് ഒന്നേയുള്ളു. അതു പോലെ ചെറുവാടിയില്‍ ഹാജിമാര്‍ നൂറു കണക്കിനുണ്ടെങ്കിലും ചെറുവാടി ഹാജി ഒന്നേയുള്ളു.
രസകരമായ ഒട്ടേറെ വിളിപ്പേരുകള്‍. നിര്‍ദ്ദോഷകരമായ തമാശകളില്‍ തുടങ്ങി ആക്ഷേപഹാസ്യത്തിലെത്തുന്ന പലതും. പലതും കേള്‍ക്കുമ്പോ ചിരിച്ചു മണ്ണ് കപ്പും. ഇവിടെ പറഞ്ഞതിന്റെ എത്രയോ ഇരട്ടി രസകരമായ വിളിപ്പേരുകളുണ്ട്. എഴുതി എഴുതി അങ്ങിനെ നീണ്ടു പോകും. ആളുകളുടെ ചെല്ലപ്പേരുകള്‍ മാത്രം വിളിക്കാന്‍ താല്‍പ്പര്യപ്പെട്ട ഒരാളായിരുന്നു കൊളക്കാടന്‍ അബ്ദുല്‍ ഹമീദ് ഹാജി. ആളുകളെ കരയിപ്പിക്കുകയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്ന ഈ വിളിപ്പേരുകളുടെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുന്നതും രസകരമായിരിക്കും. ഗതകാലത്തെ കുറേ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളിലേക്ക് നിങ്ങളെ കൈ പിടിച്ചു കൊണ്ടു പോകാന്‍ ഇതുപകരിച്ചെങ്കില്‍ രൊമ്പ സന്തോഷം.....